'സപ്തമശ്രീ തസ്കരഃ' എന്ന സിനിമയിൽ ചെമ്പൻ വിനോദ് അവതരിപ്പിക്കുന്ന കള്ളൻ ഹെഡ്ലൈറ്റ് കെടുത്താതെ ഒളിച്ചിരിക്കുേമ്പാൾ പിടികൂടുന്ന നാട്ടുകാർ ചോദിക്കുന്നൊരു ചോദ്യമുണ്ട്- 'നീ എന്തൂട്ട് കള്ളൻഡാ കന്നാലീ'. തായ്ലൻഡിലെ ഈ കള്ളനോടും ആരും ഇങ്ങനെ ചോദിച്ചുപോകും.
മോഷണത്തിനിടെ ക്ഷീണം കൊണ്ട് ഉറങ്ങി പോകുകയായിരുന്നു ഈ കളളൻ. മോഷ്ടിക്കാൻ കയറിയതാകട്ടെ, ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലും. ഇതിന്‍റെ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ഈമാസം 22ന് ഫെചബൂൻ പ്രവിശ്യയിലായിരുന്നു സംഭവം. 22കാരനായ അതിത് കിൻ ഖുൻതുദ് ആണ് പിടിയിലായത്. വികിയൻ ബുറി ജില്ലാ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ജിയാം പ്രാസെർട്ടിന്‍റെ വീട്ടിലാണ് യുവാവ് മോഷ്ടിക്കാൻ കയറിയത്. രാവിലെ ഉറക്കമുണർന്ന പ്രാസെർട്ട് മകളുടെ മുറിയിൽ എ.സി പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് നോക്കുേമ്പാളാണ് ബ്ലാങ്കറ്റ് പുതച്ച് ഉറങ്ങി കിടക്കുന്ന കള്ളനെ കാണുന്നത്. മകൾ സ്ഥലത്ത് ഇല്ലാത്തതിനാലാണ് സംശയം തോന്നി നോക്കിയതെന്ന് പ്രാസെർട്ട് പറയുന്നു.
രാത്രി ഏറെ അലഞ്ഞുതിരിഞ്ഞ ശേഷമാണ് വെളുപ്പിനെ രണ്ട് മണിയോടെ മോഷ്ടിക്കാൻ പറ്റിയൊരു വീട് ഖുൻതുദ് കണ്ടെത്തിയത്. വീട്ടിൽ കയറിയയുടൻ ആ ക്ഷീണം മാറ്റാൻ ചെറുതായി മയങ്ങുന്നതിന് വേണ്ടി എ.സി ഓൺ ചെയ്ത് കിടക്കുകയായിരുന്നു. എ.സിയുടെ തണുപ്പിൽ ബ്ലാങ്കറ്റ് പുതച്ചുകിടന്ന കള്ളൻ പക്ഷേ, ഗാഢനിദ്രയിലാണ്ടുപോയി. രാവിലെ പ്രാസെർട്ട് വിളിച്ച് ഉണർത്തുേമ്പാളാണ് മോഷണത്തിനിടെ ഉറങ്ങിപ്പോയെന്നും കയറിയത് പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലാണെന്നും യുവാവ് തിരിച്ചറിയുന്നത്. തുടർന്ന് പ്രാസെർട്ട് പൊലീസ് ഉദ്യോഗസ്ഥരെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയും മോഷ്ടാവിനെ കൈമാറുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.