യാത്രക്കാരുമായി ഉദുമൽപേട്ടയിൽനിന്ന് മൂന്നാറിലേക്ക് വരുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ഒറ്റയാന്റെ മുന്നിൽപ്പെട്ടു. യാത്രക്കാരെയും ബസ് ജീവനക്കാരെയും ഭീതിയുടെ മുൾമുനയിൽ നിർത്തിയ ശേഷം കാട്ടാന പിൻവലിഞ്ഞു. 'പടയപ്പ' എന്ന് വിളിപ്പേരുള്ള ഒറ്റയാന്റെ കൊമ്പ് തട്ടി ബസിന്റെ മുൻവശത്തെ ചില്ല് തകർന്നു.
ഉദുമൽപേട്ട–മൂന്നാർ അന്തർ സംസ്ഥാന സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സിയുടെ ബസിനു നേരെയാണ് 'പടയപ്പ' എത്തിയത്. മൂന്നാർ ഡി.വൈ.എസ്.പി ഓഫിസിനു മുന്നിൽ വച്ചാണ് ബസ് ആനയുടെ മുന്നിൽപ്പെട്ടത്.
ബസ് ഒരു വളവ് തിരിഞ്ഞുടനെയാണ് ആനയെ കണ്ടത്. ഡ്രൈവർ ബാബുരാജ് ഉടനെ ബസ് നിർത്തി. ബസിനടുത്തേക്ക് നടന്നെത്തിയ ആന തുമ്പിക്കൈ ഉയർത്തി ബസിനെ തൊട്ടു. കൊമ്പുകൊണ്ട് ചില്ലിൽ പതുക്കെ തൊട്ടു. കൊമ്പ് തട്ടിയപ്പോൾ തന്നെ ചില്ല് പൊട്ടിയെങ്കിലും അടർന്ന് വീണില്ല. വണ്ടിയുടെ മുൻവശത്ത് നിലയുറപ്പിച്ച ആനയെക്കണ്ട് യാത്രക്കാർ ഭയന്നെങ്കിലും ഡ്രൈവർ മനസ്സാന്നിധ്യം കൈവിട്ടില്ല.
ആന വശത്തേക്കു മാറിയയുടൻ ഡ്രൈവർ ബസ് മുന്നോട്ടെടുത്ത് പോകുകയായിരുന്നു.
മൂന്നാറിലെ തമിഴ് തൊഴിലാളികളാണ് ഈ കാട്ടാനക്ക് 'പടയപ്പ'യെന്ന ഓമനപ്പേരിട്ടത്. ആരെയും ഉപദ്രവിക്കാതെ ഭക്ഷണസാധനങ്ങള്‍ മാത്രം കണ്ടെത്തി കഴിച്ച് നാട് ചുറ്റുന്ന കാട്ടാനയെന്ന സൽപേരാണ് 'പടയപ്പ' ക്ക് നാട്ടിലുള്ളത്.
ലോക്ഡൗൺ സമയത്ത് മൂന്നാര്‍ ടൗണില്‍ സ്ഥിരം സന്ദർശകനായ ഈ കാട്ടാന മാസങ്ങൾ പിന്നിട്ടെങ്കിലും ഉള്‍ക്കാട്ടിലേക്ക് പോകാന്‍ തയാറായില്ല. പ്രായാധിക്യം മൂലം കാട്ടില്‍ പോയി ആഹാരം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ജനവാസമേഖലയിലെ സമീപങ്ങളിലാണ് ഈ ആനയെ പൊതുവേ കാണാറുള്ളത്.
'പടയപ്പ'യും കാട്ടിൽനിന്നിറങ്ങിയ മറ്റൊരു ഒറ്റയാനും തമ്മിൽ നേരത്തെ ഏറ്റുമുട്ടിയിരുന്നു. സ്വതവേ ശാന്തസ്വഭാവമുള്ള 'പടയപ്പ' ആ സംഭവത്തിന് ശേഷം അൽപം പ്രകോപിതനാണെന്നാണ് നാട്ടുകാർ പറയുന്നത്. നേരത്തെ കൊളുന്തു ചാക്കുകൾ കയറ്റിയ ട്രാക്റ്റർ 'പടയപ്പ' 50 അടി താഴ്ചയിലേക്ക് കുത്തിമറിച്ചിട്ടിരുന്നു. ആനയെ കണ്ടപ്പോൾ ട്രാക്ടറിൽ ഉണ്ടായിരുന്നവർ ഇറങ്ങി മാറി നിന്നതിനാൽ അന്ന് ആർക്കും അപകടം സംഭവിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.