എത്ര സമർത്ഥനായ മനുഷ്യനേയും അമ്പരപ്പിക്കുന്ന അത്ഭുത വിദ്യയാണ് മാജിക്. വായുവിൽനിന്ന് ആപ്പിൾ എടുക്കുക, പൂവിനെ പ്രാവാക്കുക, ഞൊടിയിടയിൽ വസ്ത്രങ്ങളുടെ നിറം മാറ്റുക തുടങ്ങിയ വിദ്യകൾ കൊണ്ട് കുട്ടികൾ മുതൽ പ്രായമായവരെ വരെ വിസ്മയിപ്പിക്കാൻ മാജിക്കിന് സാധിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഒരു മാന്ത്രികന്‍റെ ഏറ്റവും വലിയ കരുത്ത് അവന്‍റെ കാണികളാണ്.
മെക്സിക്കോയിലെ ചപുൽടെപെക് മൃഗശാലയിൽ മാക്സിമിലിയാനോ ഇബാറക്ക് എന്ന മജീഷ്യന് ഇതിലും വലിയ പ്രോത്സാഹനമോ അഭിനന്ദനമോ നൽകാൻ കഴിയുന്ന കാഴ്ചക്കാരൻ വേറെയുണ്ടാകില്ല. ആരാണാ കാഴ്ചക്കാരനെന്നല്ലേ? കുരങ്ങനാണ് കക്ഷി.
ടിക് ടോക് പ്രമുഖനും മാന്ത്രികനുമായ ഇബാറ കഴിഞ്ഞ ദിവസം ചപുൽടെപെക് മൃഗശാല സന്ദർശിച്ചിരുന്നു. മൃഗശാലയിലെ ചില്ലുകൂടാരത്തിനുള്ളിൽ കണ്ട കുരങ്ങന്‍റെ മുമ്പിൽ അപ്രത്യക്ഷമാകുന്ന മാന്ത്രിക വിദ്യ (വാനിഷിംഗ് ട്രിക്ക്) പ്രയോഗിക്കാൻ ഇബാറ തീരുമാനിച്ചു. താഴെ കിടന്ന ഭക്ഷണം കഴിക്കുന്നതല്ലാതെ ആദ്യമൊന്നും കുരങ്ങൻ ഇബാറയെ ശ്രദ്ധിച്ചതുപോലുമില്ല.
കൈയിൽ കരുതിയ ഇലയെടുത്ത് ഇബാറ കുരങ്ങിന് മുന്നിൽ തിരിച്ചും മറിച്ചുമൊക്കെ കാണിച്ചു. പിന്നീട് ഇലയുടെ മുകളിലൂടെ ഇബാറ കൈയോടിച്ചതും ഇല അപ്രത്യക്ഷമായി. ഈ കാഴ്ച കണ്ടപാടെ കുരങ്ങനാകെ അങ്കലാപ്പിലായി. ഇബാറയുടെ കൈയിലേക്ക് ഒരിക്കൽ കൂടി സൂക്ഷിച്ച് നോക്കിയ ശേഷം അത്ഭുതപ്പെട്ട് വാ തുറന്ന കുരങ്ങൻ ദൂരേക്ക് ഓടി.
പിന്നീട് ഇബാറ അപ്രത്യക്ഷമായ ഇല വീണ്ടും കാണിച്ചതോടെ കക്ഷിയാകെ ഞെട്ടി. കൈ കൊണ്ട് വായ മൂടി വീണ്ടും കുരങ്ങൻ അതിശയപ്പെട്ട് ദുരേക്ക് ഓടി. ഏതായാലും രസകരമായ ഈ 'അത്ഭുത്തിന്‍റെ' വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കൺമുമ്പിൽ കണ്ട ജാലവിദ്യയിൽ അമ്പരന്ന കുരങ്ങന്‍റെ വീഡിയോ ടിക്ടോക്കിൽ മാത്രം ഇതിനോടകം രണ്ട് ദശലക്ഷം ആളുകളാണ് കണ്ടത്. കുരങ്ങന്‍റെ പ്രതികരണം അത്യന്തം രസകരവും ഒപ്പം കൗതുകവുമാണെന്നാണ് കാഴ്ചക്കാരുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.