കൊച്ചി: ‘ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ കുടമുല്ലപ്പൂ വിരിഞ്ഞു.. അതിലായിരം ആശകളാലൊരു പൊൻവല നെയ്യും തേൻവണ്ടു ഞാൻ’ പശ്ചാത്തലത്തിൽ റഹ്മാനും ശോഭനയും നിറഞ്ഞാടിയ അടിപൊളി പാട്ട് മുഴങ്ങുമ്പോൾ സ്റ്റേജിൽ ന്യൂ ജനറേഷനെപ്പോലും തോൽപിക്കുന്ന സ്റ്റെപ്പുകളുമായി തകർക്കുകയാണ് ഒരു അമ്മൂമ്മ.
ചില്ലറയൊന്നും എനർജിയല്ല, കിടിലൻ സ്റ്റെപ്പുകളും അപാരപ്രകടനവുമായി കാഴ്ചക്കാരെയെല്ലാം അടിപൊളി ‘വൈബി’ലേക്കെത്തിക്കുന്ന ആ അമ്മൂമ്മയെ തേടി അഭിനന്ദനങ്ങൾ നിറയുകയാണ് സമൂഹമാധ്യമങ്ങളിലെല്ലാം. ന്റെ മോനേ അമ്മ പൊളിച്ചടുക്കി, ഈ പ്രായത്തിൽ ഇങ്ങനെയെങ്കിൽ ചെറുപ്പത്തിൽ എങ്ങനെയായിരിക്കും പ്രകടനം, മിടുക്കി എന്നിങ്ങനെ ഫേസ്ബുക്കിലും മറ്റും പങ്കുവെച്ച വിഡിയോക്കു കീഴിൽ നൂറുകണക്കിന് കമന്റുകൾ നിറയുകയാണ്.
ആരാണീ ചുറുചുറുക്കുള്ള ഡാൻസുകാരിയെന്ന് കണ്ടവരെല്ലാം അന്വേഷിക്കുമ്പോൾ എറണാകുളം പള്ളിക്കര മലേക്കുരിശ് പള്ളിക്കു സമീപം കണ്ടത്തിൽ വീട്ടിലുണ്ട് ഈ വൈറൽ അമ്മൂമ്മ. നാടക നടനായിരുന്ന പരേതനായ ജോൺ കെ. പള്ളിക്കരയുടെ ഭാര്യയും നടനും ഡാൻസറുമായ അവൈ സന്തോഷിന്റെ അമ്മയുമായ 64കാരി ലീലാമ്മ ജോണാണ് ഒറ്റദിവസംകൊണ്ട് വൈറലായ നർത്തകി.
നൃത്തച്ചുവടുകളിലെ ആകർഷണീയത മാത്രമല്ല, കളിക്കിടെ മുഖത്ത് നൈസർഗികഭാവം നിറഞ്ഞ ചിരിയും കാണാം. എന്നാൽ, കലാകുടുംബമാണെങ്കിലും താൻ ഡാൻസൊന്നും പഠിച്ചിട്ടില്ലെന്നും കളിക്കാൻ ഏറെ ഇഷ്ടമാണെന്നും ലീലാമ്മയുടെ വാക്കുകൾ. ‘കളിക്കാൻ കിട്ടുന്ന അവസരമൊന്നും പാഴാക്കാറില്ല, വിഡിയോ ഒരുപാടു പേർ കണ്ടുവിളിക്കുന്നുണ്ട്. ഏറെ സന്തോഷം തോന്നുന്നു. ഇനിയും ഡാൻസ് കളിക്കും’ അവർ കൂട്ടിച്ചേർത്തു.
പട്ടാമ്പിയിലെ ബന്ധുവിന്റെ കല്യാണച്ചടങ്ങിനിടെയാണ് ലീലാമ്മ ഉടുത്ത സാരി അരയിൽ കുത്തി സ്റ്റേജിൽ ഡാൻസ് തുടങ്ങിയത്. കളി തുടങ്ങിയതോടെ സ്റ്റെപ്പുകൾ മുറുകി ആവേശം ഉച്ചസ്ഥായിയിലായി. കാണികൾ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. മകൻ സന്തോഷാണ് ഇതിന്റെ വിഡിയോ പകർത്തി തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചത്.
മണിക്കൂറുകൾക്കുള്ളിൽ ഈ പ്രൊഫൈലിലൂടെ മാത്രം 24 ലക്ഷം പേർ വിഡിയോ കണ്ടു. സെലിബ്രിറ്റികളുൾപ്പെടെ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. വൈകീട്ട് അഞ്ചുവരെ 25,000 പേർ പങ്കുവെക്കുകയും നാലായിരത്തോളം പേർ കമന്റിടുകയും ചെയ്തു.
അമ്മയുടെ സന്തോഷം പകർത്തി പോസ്റ്റ് ചെയ്യുമ്പോൾ ഇത്രയധികം പേരിലേക്കെത്തുമെന്ന് കരുതിയില്ലെന്ന് സന്തോഷ് പറയുന്നു. സീരിയൽ, സിനിമ അഭിനേതാവായ സന്തോഷ് നൃത്താധ്യാപകൻ കൂടിയാണ്. നൃത്താധ്യാപിക മിനി ജോയ്, സിമി സുധീർ എന്നിവരാണ് ലീലാമ്മയുടെ പെൺമക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.