ഇംഫാൽ: ക്ലാസിൽ ശ്രദ്ധയോടെ പാഠഭാഗങ്ങൾ കേട്ടിരിക്കുന്ന പത്തുവയസ്സുകാരി. അവളുടെ മടിയിൽ ശാന്തയായി കിടന്നുറങ്ങുന്നൊരു കുഞ്ഞ്. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായ ചിത്രമാണിത്. മണിപ്പൂരിൽ നിന്നുള്ള ഈ ചിത്രം മെയ്നിങ്സിൻലിയു പാമേയ് എന്ന പത്തുവയസ്സുകാരിയുടെ പഠനത്തോടുള്ള ആത്മസമർപ്പണമാണ് തെളിയിക്കുന്നത്. മാതാപിതാക്കൾ പാടത്ത് പണിയെടുക്കാൻ പോകുന്നതിനാൽ വീട്ടിൽ ആരും ഇല്ലാത്തത് കൊണ്ടാണ് കൊച്ച് മെയ്നിങ്സിൻലിയു അനുജനുമായി സ്കൂളിലെത്തുന്നത്.
മണിപ്പൂരിലെ തമെങ്ലോങ് ജില്ലയിലെ ഡൈലുങ് പ്രൈമറി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് മെയ്നിങ്സിൻലിയു പാമേയ്. ഖിയാംഗി പാമേയ്, വിദിജുവാൻലിയു പാമേയ് എന്നിവരുടെ നാല് മക്കളിൽ മൂത്തയാളാണ് മെയ്നിങ്സിൻലിയു. മാതാപിതാക്കൾ പാടത്ത് പണിക്ക് പോകുമ്പോൾ വീട്ടിൽ അനുജനെ നോക്കാൻ ആരുമില്ല. അനുജനെ പരിപാലിക്കാൻ വീട്ടിലിരുന്നാൽ പഠനം മുടങ്ങുകയും ചെയ്യും. അത് ഒഴിവാക്കാനാണ് അവൾ അനുജനെയുമെടുത്ത് സ്കൂളിൽ പോയി തുടങ്ങിയത്.
മെയ്നിങ്സിൻലിയുവിന്റെ അവസ്ഥ അറിയാവുന്ന സ്കൂൾ അധികൃതർ ഇത് അനുവദിക്കുകയും ചെയ്തു. അനുജനെ മടിയിൽ കിടത്തിയുറക്കി ക്ലാസിലിരിക്കുന്ന മെയ്നിങ്സിൻലിയുവിന്റെ ഫോട്ടോ വൈറൽ ആയതോടെ മുഖ്യമന്ത്രി ബീരേൻ സിങ്, മന്ത്രി ബിശ്വജിത്ത് സിങ് എന്നിവർ അവളെ അഭിനന്ദിച്ച് രംഗത്തെത്തി. മെയ്നിങ്സിൻലിയുവിന്റെ ഫോട്ടോ ട്വിറ്ററിൽ പങ്കുവെച്ച ബിശ്വജിത്ത് സിങ് വിദ്യാഭ്യാസത്തോടുള്ള അവളുടെ ആത്മസമർപ്പണമാണ് കാണാൻ സാധിക്കുന്നതെന്നും രാജ്യത്തിന് കരുത്തേകുന്ന കുട്ടികളുടെ അർപ്പണബോധത്തിന് മുന്നിൽ നാം ഒന്നുമല്ലാതാക്കുന്നു എന്നും കുറിച്ചു.
അവളുടെ കുടുംബവുമായി നേരിട്ട് ബന്ധപ്പെട്ട ബിശ്വജിത്ത് സിങ് മെയ്നിങ്സിൻലിയുവിന്റെ ഡിഗ്രി വരെയുള്ള പഠന ചെലവ് ഏറ്റെടുക്കുകയും ചെയ്തു. അവസരങ്ങളുടെ കുറവ് സ്വപ്നസാക്ഷാത്കാരത്തിനുള്ള യാത്രക്ക് ഒരിക്കലും തടസ്സമാകില്ലെന്നാണ് മെയ്നിങ്സിൻലിയുവിന്റെ പഠനത്തോടുള്ള താൽപര്യം തെളിയിക്കുന്നതെന്ന് റോങ്മേയ് നാഗ സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ പ്രസിഡന്റ് ദായ്ചൂയ് ഗാങ്മേയ് പറഞ്ഞു. മെയ്നിങ്സിൻലിയുവിന്റെ ഗ്രാമത്തിൽ സ്കൂൾ കെട്ടിടമില്ല. കെട്ടിടം നിർമിക്കുന്നതിനുള്ള നടപടികൾ എടുക്കണമെന്ന് ഓർഗനൈസേഷൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. ഓർഗനൈസേഷന്റെ സമ്മാനമായി 10,000 രൂപയും മെയ്നിങ്സിൻലിയുവിന്റെ കുടുംബത്തിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.