പകുതിയില്‍ വെട്ടിമാറ്റിയ മരം; ഇത്ര ഹൃദയശൂന്യരായ അയല്‍ക്കാര്‍ മറ്റെവിടെയുണ്ടാകുമെന്ന് സമൂഹമാധ്യമങ്ങള്‍ -വൈറലായി ചിത്രങ്ങള്‍

കൃത്യമായി പകുതിക്ക് വെച്ച് വെട്ടിമാറ്റിയ ഒരു മരം. ഫോട്ടോഷോപ്പ് ചിത്രം വല്ലതുമാണോ എന്ന് സംശയിച്ചാല്‍ തെറ്റി. സംഗതി യാഥാര്‍ഥ്യമാണ്. ഇംഗ്ലണ്ടിലെ ഷെഫീല്‍ഡില്‍ അയല്‍ക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിന്റെ ബാക്കിപത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായ പകുതി വെട്ടിയ മരം.

ഷെഫീല്‍ഡിലെ വാട്ടര്‍തോര്‍പ്പിലാണ് ഇന്ത്യന്‍ വംശജനായ ഭരത് മിസ്ത്രി താമസിക്കുന്നത്. മുറ്റത്തോടു ചേര്‍ന്ന് അതിരിലായി ഒരു മരം ഇവര്‍ വളര്‍ത്തിയിരുന്നു. മരത്തിന് തൊട്ടപ്പുറം അയല്‍ക്കാരുടെ മുറ്റമാണ്.

25 വര്‍ഷം മുമ്പ് നട്ട മരം വളര്‍ന്നുപന്തലിച്ചതോടെ കിളികള്‍ വന്ന് കൂടുകൂട്ടാന്‍ തുടങ്ങി. കിളികള്‍ മുറ്റത്ത് കാഷ്ഠമിടുന്നെന്നും കിളികളുടെ ശബ്ദം അസഹനീയമാണെന്നും പറഞ്ഞ് അയല്‍വാസികള്‍ പരാതിയുമായെത്തി. മരം മുറിച്ചുമാറ്റണമെന്നായിരുന്നു ഇവരുടെ നിരന്തര ആവശ്യം.

ഒരു വര്‍ഷമായി മരത്തെ ചൊല്ലി അയല്‍ക്കാരും ഭരത് മിസ്ത്രിയും തമ്മില്‍ തര്‍ക്കം തുടരുകയായിരുന്നു. വര്‍ഷങ്ങളായി പരിപാലിക്കുന്ന മരം വെട്ടിവീഴ്ത്താന്‍ കുടുംബത്തിന് മനസുണ്ടായിരുന്നില്ല. കഴിഞ്ഞയാഴ്ച, മരം പകുതി വെട്ടിമാറ്റാന്‍ പോകുകയാണെന്ന് അയല്‍ക്കാര്‍ മിസ്ത്രിയോട് പറഞ്ഞു. മരം വെട്ടുകാരെ കൊണ്ടുവന്ന് അവര്‍ തന്നെ മരത്തിന്റെ ചില്ലകള്‍ ഒരു ഭാഗം മുഴുവനും വെട്ടിമാറ്റുകയായിരുന്നു.




ആദ്യം വളരെ ദേഷ്യം തോന്നിയിരുന്നുവെന്നും പിന്നീട് ആലോചിച്ചപ്പോള്‍ തണുത്തുവെന്ന് മിസ്ത്രി പറയുന്നു. അയല്‍ക്കാര്‍ക്കുണ്ടായ ശല്യം മനസിലാക്കുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്. മരത്തിന് വലയിടല്‍ ഉള്‍പ്പെടെ പല പരിഹാര മാര്‍ഗങ്ങളും ഇവര്‍ ചര്‍ച്ച ചെയ്തിരുന്നെങ്കിലും വെട്ടണമെന്ന നിര്‍ബന്ധത്തിലായിരുന്നു അയല്‍ക്കാര്‍.

അവരുടെ സ്ഥലത്തിന് മുകളിലായതിനാല്‍ അവര്‍ക്ക് അങ്ങനെ പെരുമാറാന്‍ അവകാശമുണ്ടെന്ന് മിസ്ത്രി പറയുന്നു. പകുതി വെട്ടിയ മരം ഇനി അതിജീവിക്കുമോ എന്ന കാര്യത്തിലാണ് ആശങ്ക.




മരത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വഴിയിലൂടെ പോകുന്ന പലരും ഇവിടെ നിര്‍ത്തി ഫോട്ടോയെടുക്കുകയും ചെയ്യുന്നുണ്ട്. സ്വകാര്യത തന്നെ നഷ്ടപ്പെടുന്ന വിധത്തിലേക്ക് കാര്യങ്ങള്‍ എത്തിയെന്ന് മിസ്ത്രി പറയുന്നു.

ഇത്രയും ഹൃദയശൂന്യരായ അയല്‍ക്കാര്‍ മറ്റെവിടെയെങ്കിലുമുണ്ടാകുമോയെന്നാണ് സമൂഹമാധ്യമങ്ങളില്‍ പലരും കമന്റ് ചെയ്യുന്നത്.

Tags:    
News Summary - tree cut in half following ‘petty’ dispute between neighbours, photos go viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.