ശതകോടീശ്വരൻമാർ ചെറുദ്വീപുകൾ വാങ്ങിയ വിശേഷങ്ങൾ പലപ്പോഴായി നാം കേട്ടിട്ടുണ്ട്. സാധാരണക്കാരന് ഒന്നുകിൽ സ്വപ്നത്തിലോ അല്ലെങ്കിൽ കഠിനാധ്വാനത്തിലൂടെയോ അത് സാധ്യമാക്കാം. എന്നാൽ, രണ്ട് വിരുതന്മാർ ഒരു ഐഡിയ പ്രയോഗിച്ച് അത് യാഥാർഥ്യമാക്കിയിരിക്കുകയാണ്.
ഗാരത് ജോൺസൺ, മാർഷൽ മയർ എന്നീ രണ്ട് യുവാക്കൾ കരീബയയിലെ ഒരു ദ്വീപ് മുഴുവനായി വാങ്ങി. അതും സ്വന്തം പോക്കറ്റിന് കാര്യമായ പരിക്കുകളില്ലാതെ. ഓൺലൈൻ ക്രൗഡ് ഫണ്ടിങ്ങിലൂടെ ഇരുവരും ചേർന്ന് വലിയ തുക സമാഹരിക്കുകയായിരുന്നു.
'കോഫീ കായെ' എന്ന ബെലീസിലെ ജനവാസമില്ലാത്ത ദ്വീപ് വാങ്ങി അവിടെ സുഖവാസം നടത്താനല്ല, രണ്ടുപേരുടെയും ഉദ്ദേശ്യം. സ്വന്തമായി ഒരു രാജ്യമുണ്ടാക്കലാണ്. അതെ, പിരിവിട്ട് നേടിയ 2.5 കോടി രൂപ കൊണ്ട് ദ്വീപ് വാങ്ങി അതൊരു രാജ്യമാക്കാൻ തന്നെയാണ് ഇരുവരും ഒരുങ്ങുന്നത്. 'Let's Buy An Island' (നമുക്കൊരു ദ്വീപ് വാങ്ങാം) എന്ന പ്രൊജക്ടിന് ഇരുവരും ചേർന്ന് തുടക്കമിട്ടത് 2018ലാണ്. ക്രൗഡ് ഫണ്ടിങ്ങിലൂടെ 2.5 കോടി രൂപയും സ്വരൂപിച്ചു.
ഗാരത്തും മയറും ക്രൗഡ് സോഴ്‌സ് പണം ഒരു രാഷ്ട്രനിർമ്മാണ പദ്ധതിക്കായി നിക്ഷേപിച്ചു, സ്വന്തമായി ദേശീയ പതാകയും ദേശീയഗാനവും സർക്കാരുമുള്ള രാജ്യം തന്നെ പടുത്തുയർത്തുമെന്നാണ് ഇരുവരുടെയും അവകാശവാദം.
കോഫി കായെ-യെ ഒരു മൈക്രോ നാഷനായി പുനർരൂപകൽപ്പന ചെയ്തിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര സമൂഹം ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. "സ്വന്തം രാജ്യം ഉണ്ടാക്കാൻ ആരാണ് സ്വപ്നം കാണാത്തത്? പ്രത്യേകിച്ചും ട്രംപിന് ശേഷമുള്ള, ബ്രെക്‌സിറ്റിന് ശേഷമുള്ള, ഈ കോവിഡ് ലോകത്ത്. ഒരു കൂട്ടം സാധാരണ ആളുകൾക്ക് ഇത് ചെയ്യാൻ കഴിയുമെങ്കിൽ, ഒരുപക്ഷേ അത് നന്മയുടെ ശക്തിയായിരിക്കാം," ജോൺസൺ സി.എൻ.എന്നിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.