വാഷിങ്ടൺ: ലോകത്തുതന്നെ ഏറ്റവും പ്രയാസമേറിയ ജോലിയാണ് കുട്ടികളെ പരിപാലിക്കൽ. കുട്ടികളുടെ ഓരോ കുസൃതിക്കും പഴികേൾക്കുക മാതാപിതാക്കൾക്കാകും. എന്നാൽ, രണ്ടുവയസുകാരന്‍റെ കുസൃതിയിൽ വൈറലാകുകയായിരുന്നു ഈ അമ്മ.
യു.എസിൽ എഫ്.സി സിൻസിനാറ്റിയും ഒർലാൻഡോ സിറ്റി എസ്.സിയും തമ്മിലുള്ള ഫുട്ബാൾ മത്സരത്തിനിടെയാണ് സംഭവം. കളി നടക്കുന്നതിനിടെ ഗ്രൗണ്ടിന് നടുവിലേക്ക് ഓടുകയായിരുന്നു കുട്ടി. പിറകെ അമ്മയും. ഗ്രൗണ്ടിൽ മധ്യഭാഗത്ത് എത്തുന്നതിന് തൊട്ടുമുമ്പായി അമ്മ മകനെ എടുത്ത് തിരികെയോടി. അമ്മയുടെയും മകന്‍റെയും ദൃശ്യങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയായിരുന്നു.
ഗ്രൗണ്ടിൽ മത്സരം നടന്നുകൊണ്ടിരിക്കേ, ഒാടുന്ന കുട്ടിയെയും പിറകെയോടുന്ന അമ്മയെയും വിഡിയോയിൽ കാണാം. മകനെ പിടികൂടുന്നതിനിടെ ഇരുവരും ഗ്രൗണ്ടിൽ വീഴുന്നതും പിന്നീട് കുഞ്ഞിനെ എടുത്ത് ഇരിപ്പിടത്തിലേക്ക് ഓടുന്നതും വിഡിയോയിലുണ്ട്.
ഫോട്ടോ ജേണലിസ്റ്റായ സാം ഗ്രീനെയാണ് ട്വിറ്ററിൽ ആദ്യം അമ്മയുടെയും കുഞ്ഞിന്‍റെയും ചിത്രം പങ്കുവെച്ചത്. പിന്നീട് മേജർ ലീഗ് സോക്കറിന്‍റെ ഔേദ്യാഗിക ട്വിറ്റർ ഹാൻഡിലിലും വിഡിയോ പങ്കുവെച്ചു.
കുസൃതിക്കുടുക്കയായ കുഞ്ഞിനെയും അമ്മയെയും സമൂഹമാധ്യമങ്ങൾ പിന്നീട് തിരിച്ചറിച്ചു. മോസ്കോ, ഒഹിയോയിലെ സൈഡെക് കാർപെന്‍ററും അമ്മ മോർഗൻ ടക്കറുമാണ് വിഡിയോയിൽ. ആദ്യമായി ഫുട്ബാൾ കളി കാണാനായി കാർപെന്‍ററുമായി എത്തിയതായിരുന്നു കുടുംബം.
'അവൻ കമ്പിവേലിക്ക് കീഴിലൂടെ ഗ്രൗണ്ടിലേക്ക് ഓടുകയായിരുന്നു. എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു. പിന്നീട് വേലി ചാടി കടന്ന് അവനെ പിടികൂടി തിരികെയെത്തിക്കുകയായിരുന്നു' -മോർഗൻ പറയുന്നു. വിഡിയോക്ക് കീഴെ നിരവധി പേരാണ് കമന്‍റുകളുമായെത്തിയത്. കുഞ്ഞിന്‍റെ ഓട്ടത്തിനെ അഭിനന്ദിക്കുന്നവരും കുറവല്ല. ഭാവിയിൽ അവനൊരു ഫുട്ബാൾ കളിക്കാരനാകുമെന്നായിരുന്നു മിക്കവരുടെയും കമന്‍റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.