സ്റ്റേഷന്റെ മുറ്റത്ത് ബോധമറ്റ് കിടന്ന കുരങ്ങിന് സി.പി.ആർ നൽകി പൊലീസുകാരൻ; കൈയടിച്ച് സോഷ്യൽ മീഡിയ -വിഡിയോ

ലഖ്നോ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ പൊലീസ് സ്റ്റേഷനു സമീപം മരത്തിൽ നിന്ന് വീണ് ചലനമറ്റ് കിടക്കുകയായിരുന്ന കുരങ്ങിന് പുതുജീവൻ നൽകി പൊലീസുകാരൻ. രാവിലെ സ്റ്റേഷനിലെത്തിയപ്പോഴാണ് ഹെഡ് കോൺസ്റ്റബിളായ വികാസ് തോമർ നിലത്ത് വീണ് ബോധമില്ലാതെ കിടക്കുന്ന കുരങ്ങിനെ കണ്ടത്. ഒട്ടും താമസിക്കാതെ വികാസ് കുരങ്ങിന് സി.പി.ആർ നൽകി. കുറച്ചു സമയം കഴിഞ്ഞപ്പോൾ അബോധാവസ്ഥയിൽ കഴിഞ്ഞ കുരങ്ങിൽ ജീവന്റെ സ്പന്ദനം തിരികെയെത്തി.

മേയ് 24ന് നടന്ന സംഭവമാണ് ഇപ്പോൾ പുറത്തറിഞ്ഞത്. യു.പിയിലെ ഛത്താരി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളാണ് വികാസ്. അടിയന്തര സാഹചര്യം വരുമ്പോൾ സി.പി.ആർ നൽകുന്നതടക്കമുള്ള കാര്യങ്ങൾ ചെയ്യാൻ തങ്ങൾക്ക് പരിശീലനം നൽകിയിട്ടുണ്ടെന്ന് വികാസ് പറഞ്ഞു. കുരങ്ങുകളുടെയും മനുഷ്യന്റെയും ശരീരം സമാനമാണ്. അതാണ് കുരങ്ങനെ രക്ഷിക്കാൻ പ്രേരകമായത്. 45 മിനിറ്റോളം കുരങ്ങിന്റെ നെഞ്ച് ഇടവിട്ട് തടവിക്കൊടുത്തു. ശരീരവും തടവി. ഇടക്കിടെ നിലത്ത് നിർത്താൻ നോക്കി. വായിൽ വെള്ളം ഒഴിച്ചു. ഒടുവിൽ തലയിലൂടെ കുറച്ചുവെള്ളവും ഒഴിച്ചുകൊടുത്തു. അപ്പോഴേക്കും അത് ബോധം വീണ്ടെടുത്തിരുന്നു. അതിനു ശേഷം കുരങ്ങിനെ വെറ്ററിനറി ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി. വികാസ് കുരങ്ങിനെ പരിചരിക്കുന്ന വിഡിയോ എക്സിൽ പ്രചരിക്കുന്നുണ്ട്. 


Tags:    
News Summary - UP cop performs CPR to revive monkey who fell unconscious in intense heat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.