മോഷണം വൈറലാകാറുണ്ടോ? ഉത്തരം വ്യക്തമല്ല. പക്ഷേ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒരു മോഷണത്തിന്‍റെ വീഡിയോ വൈറലാകുന്നുണ്ട്. മോഷണം വിജയത്തോടടുക്കുമ്പോഴുള്ള മോഷ്ടാവിന്‍റെ സന്തോഷ പ്രകടനമാണ് വീഡിയോ വ്യാപകമായി പ്രചരിക്കാൻ കാരണം.
ഉത്തർപ്രദേശിലെ ചന്ദൗലിയിലെ ഹാർഡ് വെയർ കടയിലെ സി.സി.ടി.വിയിൽ നിന്നും ലഭിച്ച ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. മോഷ്ടിക്കാനായി ഹാർഡ് വെയർ കടയിലെത്തിയ മോഷ്ടാവ് തന്‍റെ ദൗത്യം പൂർത്തിയാക്കിയതിലെ സന്തോഷം പ്രകടിപ്പിച്ചത് നൃത്തം ചെയ്തുകൊണ്ടായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ഡാൻസുകാരനായ മോഷ്ടാവിനായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്.
ചന്ദൗലി മാർക്കറിറലെ അൻഷു സിങ് എന്ന വ്യക്തിയുടെ കടയിലാണ് മോഷണമുണ്ടായത്. അധികമൊന്നും പ്രയാസപ്പെടാതെയാണ് മോഷ്ടാവ് കടയുടെ അകത്ത് പ്രവേശിക്കുന്നതെന്ന് ദൃശ്യങ്ങളിൽ കാണാം. ആദ്യം കാഷ് കൗണ്ടർ പരിശോധിച്ച ശേഷമാണ് സി.സി.ടി.വി കാമറ കക്ഷിയുടെ ശ്രദ്ധയിൽപെടുന്നത്. സി.സി.ടി.വി കണ്ടിട്ടും ഭയപ്പാടൊന്നും കൂടാതെ നൃത്തം ചെയ്യുകയാണ് മോഷ്ടാവ്.
പിറ്റേദിവസം അൻഷു കടയിലെത്തിയപ്പോഴാണ് പൂട്ട് തകർന്ന നിലയിൽ കണ്ടെത്തിയത്. കടയിൽ നിന്നും പണവും നഷ്ടപ്പെട്ടിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് മോഷണ ദൃശ്യങ്ങൾ കണ്ടെത്തിയത്. ഇതിന് പിന്നാലെ അൻഷു ചന്ദൗലി പൊലീസിൽ പരാതി നൽകുകയായിരുന്നു. മുഖം മറച്ചതിനാൽ പ്രതിയുടെ മുഖം വ്യക്തമല്ല. സംഭവത്തിൽ പ്രതിക്കെതിരെ അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.