മനുഷ്യന്റെ എക്കാലത്തെയും വലിയ വിസ്മയങ്ങളിലൊന്നാണ് കഥകളിൽ കേൾക്കാറുള്ള പറക്കുംതളികകൾ. പലരും പലയിടങ്ങളിലായി കണ്ടതായി പറയപ്പെടുന്നതല്ലാതെ ഇത്തരത്തിൽ പറക്കുംതളികകളെ കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. എന്നാലോ, പറക്കും തളികകളെ കണ്ടതായി പലയിടങ്ങളിൽ നിന്ന് ആളുകൾ അവകാശപ്പെടുകയും ചെയ്യും. പറക്കുംതളികകൾ യാഥാർഥ്യമാണോ എന്നറിയാൻ നിരവധി ഏജൻസികൾ കോടികൾ മുടക്കി ഗവേഷണം തുടരുന്നുണ്ട്.
ഇക്കഴിഞ്ഞ ദിവസങ്ങളിൽ രാജ്യതലസ്ഥാനമായ ഡൽഹിയുടെ ആകാശത്ത് കണ്ട ഭീമൻ 'പറക്കുംതളിക' ജനങ്ങളിൽ ഏറെ കൗതുകമുണ്ടാക്കിയിരുന്നു. പറക്കുംതളികയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ കാട്ടുതീ പോലെ പടർന്നു. അന്യഗ്രഹ ജീവികൾ സന്ദർശനത്തിനെത്തുന്ന കഥകളും കാര്യമായി പ്രചരിച്ചു.
കെട്ടിടങ്ങൾക്ക് മുകളിൽ ആകാശത്തായി കൂറ്റൻ ഒരു തളികയുടെ ചിത്രമാണ് പ്രചരിച്ചത്. ഏലിയൻ കഥകൾ വ്യാപകമായി പ്രചരിക്കവേ, യാഥാർഥ്യം എന്തെന്ന് സോഷ്യൽ മീഡിയയിൽ തന്നെ ചിലർ വ്യക്തമാക്കി. യഥാർഥത്തിൽ പറക്കുംതളികയല്ല, ഡൽഹിയിലെ കനത്ത വായുമലിനീകരണമാണ് വില്ലനായത്.
കൂറ്റനൊരു കുടിവെള്ള ടാങ്കിന്‍റെ ചിത്രമാണ് വായുമലിനീകരണം കാരണം പറക്കുംതളികയായി തോന്നിയത്. ടാങ്കിന്‍റെ മുകൾ ഭാഗം മാത്രമാണ് ദൃശ്യത്തിൽ വ്യക്തമായത്. താഴേക്കുള്ള ഭാഗം വായുമലിനീകരണം കാരണം അവ്യക്തമായിരുന്നു. ഇതോടെയാണ് ടാങ്ക് വായുവിൽ നിൽക്കുന്ന പറക്കുംതളിക പോലെ തോന്നിച്ചത്.
ഡൽഹിയിലെ വായുമലിനീകരണം ഗുരുതര വിഭാഗത്തിൽ തുടരുകയാണ്. വലിയ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുകയും സ്കൂളുകൾക്ക് അവധി നൽകുകയും ചെയ്തിരുന്നു. അതേസമയം, നേരിയ പുരോഗതി കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ സാഹചര്യത്തിൽ ഡൽഹിയിലെ പ്രൈമറി സ്കൂളുകൾ ബുധനാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.