നായകൾ സ്വതന്ത്രമായി ഓടി നടക്കാൻ ആഗ്രഹിക്കുന്നവരാണ്. കഴുത്തിലൂടെ ബെൽറ്റ് കെട്ടുന്നതും തൂണുകളിൽ കെട്ടിയിടുന്നതും എല്ലാം ഇക്കൂട്ടർക്ക് അസ്വസ്ഥതയാണ്. ഇത്തരത്തിൽ നായകളുടെ സ്വതന്ത്രമായ കാലുകളെ ഷൂസിട്ട് മൂടിയാൽ എങ്ങനെയിരിക്കും? ആവേശമായിരിക്കുമോ അതോ ദേഷ്യപ്പെടുമോ?
ഷൂസ് ധരിച്ച നായയുടെ പ്രതികരണമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. യു.എസിലെ നോർത്ത് ഡക്കോട്ടയിലെ സൂപ്പർ സ്റ്റോറിൽ വച്ചാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഒമ്പത് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ വൈറൽ ഹോഗ് എന്ന യൂ ട്യൂബ് ചാനലാണ് പങ്കുവച്ചത്.
സർവീസ് നായയായ മൊണ്ടാനയുടെ രസകരമായ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. കാലുകളിൽ ബൂട്സ് ധരിച്ചതോടെ മൊണ്ടാന ആകെ ആശയകുഴപ്പത്തിലായി. പതിവിന് വിപരീതമായി കാലുകളും മൂടിക്കെട്ടിയതോടെ നടക്കാനും ഓടാനും പ്രയാസപ്പെടുകയാണ് പാവം. കാലുകൾ നേരെ വെക്കുന്നതിന് പകരം പല ദിശകളിലേക്ക് നീക്കിയും ഉയരത്തിൽ പൊക്കിയും താഴ്ത്തിയുമൊക്കെയാണ് മൊണ്ടാനയുടെ ഓട്ടം.
രസകരമായ കമന്‍റുകളാണ് ദൃശ്യങ്ങൾക്ക് ലഭിക്കുന്നത്. ബൂട്സിട്ട നായയുടെ ദൃശ്യങ്ങൾ കണ്ടപ്പോൾ മഞ്ഞിലൂടെ ചെരുപ്പില്ലാതെ നടന്ന തന്നെ തന്നെയാണ് ഓർമ്മ വന്നതെന്നാണ് കാഴ്ച്ചക്കാരിൽ ഒരാളുടെ അഭിപ്രായം. സൂപ്പർ ഗ്ലൂവിന്‍റെ ഉപയോഗം നായക്ക് അറിയുമായിരുന്നെങ്കിൽ ഉടമസ്ഥന്‍റെ ശരീരത്തിൽ മുഴുവൻ നായ പാഴ്വസ്തുക്കൾ ഒട്ടിച്ചുവെക്കുമായിരുന്നുവെന്നും ചിലർ പ്രതികരിച്ചു. അതേസമയം ഇത്തരം പ്രവൃത്തികൾ മൃഗങ്ങൾക്കെതിരായ ക്രൂരതയാണെന്നും, ദൃശ്യങ്ങൾ കണ്ട് ചിരിക്കുന്നവർ സ്വയം ലജ്ജിക്കണമെന്നും ഒരു കാഴ്ച്ചക്കാരൻ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.