മുൻ ഇന്ത്യൻ ക്യാപ്റ്റനും ബി.സി.സി.ഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയുടെ ട്വിറ്റർ അക്കൗണ്ടിൽ സംഭവിച്ച അബദ്ധം സമൂഹമാധ്യമങ്ങളിൽ വൈറലായി. ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമായ 'മീശോ' ഏറെ പ്ലാൻ ചെയ്ത് നടത്തിയ പരസ്യ കാമ്പയിൻ ഗാംഗുലിയുടെ ഒറ്റ ട്വീറ്റിൽ തകരുകയായിരുന്നു. വൻ ട്രോളുകളാണ് ട്വിറ്ററിൽ ഇതുമായി ബന്ധപ്പെട്ട് വന്നുകൊണ്ടിരിക്കുന്നത്.
സംഭവിച്ചത് ഇതാണ്: -'മീശോ' നിരവധി താരങ്ങളെ ഉൾപ്പെടുത്തി പരസ്യ കാമ്പയിൻ നടത്തുകയായിരുന്നു. അതിന്‍റെ ഭാഗമായി നിരവധി പ്രമുഖ താരങ്ങൾ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റർ പങ്കുവെക്കണം. 'മെഗാ ബ്ലോക്ബസ്റ്റർ' എന്ന സിനിമയുടെ പോസ്റ്ററെന്ന രീതിയിലാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യേണ്ടത്. അതേസയമം, മീശോയുടെ കാമ്പയിനാണ് ഇതെന്ന് പോസ്റ്റിൽ സൂചിപ്പിക്കുകയും ചെയ്യരുത്.
ഇത് പ്രകാരം, രോഹിത് ശർമ, ദീപിക പദുക്കോൺ, കാർത്തി, തൃഷ, കപിൽ ശർമ, രശ്മിക മന്ദാന തുടങ്ങിയ പ്രമുഖ താരങ്ങൾ 'മെഗാ ബ്ലോക്ബസ്റ്ററി'ന്‍റെ പോസ്റ്റർ പങ്കുവെച്ചു. സെപ്റ്റംബർ നാലിന് ട്രെയിലർ റിലീസ് ചെയ്യുമെന്ന് മാത്രമാണ് പോസ്റ്ററിൽ പറയുന്നത്. ഇതോടെ, ഇത്രയേറെ താരങ്ങൾ ഒരുമിക്കുന്ന സിനിമ വരുന്നു എന്ന മട്ടിൽ പ്രചാരണങ്ങളായി. അതിനിടെയാണ് ഗാംഗുലിയുടെ ട്വിറ്റർ അക്കൗണ്ടിൽ അബദ്ധം പിണഞ്ഞത്.
'എന്‍റെ മെഗാ ബ്ലോക്ബസ്റ്റർ ഉടൻ പുറത്തിറങ്ങുന്നു. അതിനായുള്ള ഷൂട്ടിങ് രസകരമായിരുന്നു' -എന്നായിരുന്നു ഗാംഗുലിയുടെ കാപ്ഷൻ. എന്നാൽ ഇതിനൊപ്പം പരസ്യക്കാർ അയച്ചുനൽകിയ നിർദേശവും അബദ്ധത്തിൽ പോസ്റ്റ് ചെയ്തു. 'മീശോ ബ്രാൻഡ് നെയിമോ ഹാഷ്ടാഗോ പോസ്റ്റിൽ എവിടെയും പരാമർശിക്കരുത്' എന്നായിരുന്നു ഇത്.
യഥാർഥത്തിൽ സിനിമ പോസ്റ്ററിന്‍റെ രീതിയിൽ ആകാംക്ഷ നിറച്ചുകൊണ്ട് മീശോ നടത്തിയ പരസ്യമാണ് ബ്ലോക് ബസ്റ്റർ പോസ്റ്റർ. മീശോക്ക് വേണ്ടി പ്രമുഖ താരങ്ങൾ ഇത് പങ്കുവെക്കുകയായിരുന്നു. ദാദയുടെ ട്വീറ്റ് പുറത്തുവന്നതോടെ, ബ്ലോക് ബസ്റ്റർ പരസ്യം യഥാർഥത്തിൽ മീശോയുടെ പബ്ലിസിറ്റിക്ക് വേണ്ടി നടത്തിയതാണെന്ന് എല്ലാവർക്കും മനസിലാവുകയായിരുന്നു.
വീണത് വിദ്യയാക്കി മീശോയും ട്വീറ്റ് ചെയ്തു. ഗാംഗുലിക്ക് പറ്റിയ അബദ്ധത്തിന്‍റെ സ്ക്രീൻ ഷോട്ട് സഹിതമായിരുന്നു ട്വീറ്റ്. 'ദാദ അടിച്ചാൽ സിക്സറാണ്, അടിച്ചില്ലെങ്കിലും അത് സിക്സർ തന്നെയാണ്' എന്ന കാപ്ഷനോടെയായിരുന്നു പോസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.