കോവിഡ് മഹാമാരി വന്നതോടെ സർക്കാർ ഓഫീസുകൾ മുതൽ സ്വകാര്യ കമ്പനികളിൽ വരെ 'വർക് ഫ്രം ഹോം' സമ്പ്രദായം നിലവിൽ വന്നിരുന്നു. ഇതോടെ കുടുംബാന്തരീക്ഷത്തിൽ പ്രിയപ്പെട്ടവർക്കൊപ്പം ജോലി ചെയ്യാനാകുന്ന സാഹചര്യം നിരവധിയാളുകൾക്ക് സന്തോഷം പകർന്നു. വർക്ക് ഫ്രം ഹോം വിജയകരമാക്കുന്നതിൽ കുടുംബവും വലിയ പങ്കുവഹിക്കുന്നുണ്ട്.
എന്നാൽ വീട്ടിൽ നിന്നും ജോലിയെടുക്കാൻ തുടങ്ങിയതിൽ പിന്നെ ഒട്ടും പ്രഫഷനൽ അല്ലാതായി മാറുന്ന ചിലരുണ്ടെന്ന സത്യം പുറത്തെത്തിച്ചിരിക്കുകയാണ് വീട്ടമ്മ. തങ്ങളുടെ വീട് വൃത്തിയായിരിക്കാനായി ഭർത്താവിനെ വീണ്ടും ഓഫീസിലേക്ക് വിളിക്കണമെന്ന് മുതലാളിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് യുവതി.
ആർ.പി.ജി ഗ്രൂപ്പ് ചെയർമാനായ ഹർഷ് ഗോയങ്കയാണ് യുവതിയുടെ രസകരമായ ആവശ്യം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ഭർത്താവ് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതാണെന്നും കോവിഡ് ചട്ടങ്ങൾ പാലിക്കുമെന്നും അവർ ബോസിന് ഉറപ്പുനൽകുന്നു.
'വർക് ഫ്രം ഹോംകുറച്ച് നാളുകൾ കുടി തുടർന്നാൽ അത് ഞങ്ങളുടെ ദാമ്പത്യത്തെ ബാധിക്കും. ദിവസം 10 തവണയാണ് അദ്ദേഹം കാപ്പി കുടിക്കുന്നത്. വിവിധ റൂമുകളിൽ ഇരുന്ന് അവിടെയെല്ലാം നാശമാക്കും ഇടക്കിടെ ഭക്ഷണം ചോദിച്ച് കൊണ്ടിരിക്കും. ജോലിക്കിടെ വരുന്ന കോളുകൾക്കിടെ ഉറക്കം തൂങ്ങുന്നത് വരെ ഞാൻ കണ്ടിട്ടുണ്ട്' -അവർ തുറന്ന് എഴുതി. തന്‍റെ വീടിന്‍റെ വൃത്തി വീണ്ടെടുക്കാൻ ഭർത്താവിനെ എത്രയും വേഗം ഓഫീസിലേക്ക് മടക്കി വിളിക്കണമെന്ന് പറഞ്ഞാണ് അവർ അവസാനിപ്പിക്കുന്നത്.
ഗോയങ്ക പങ്കുവെച്ച ട്വീറ്റ് വൈറലായി. പതിനായിരത്തിനടുത്ത് ആളുകൾ പോസ്റ്റിന് ലൈക്കടിച്ചു. ആയിരത്തിനടുത്താളുകൾ റീട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.