ബയോഡാറ്റ വ്യത്യസ്തമായി തയാറാക്കി ശ്രദ്ധപിടിച്ചു പറ്റി ജോലി നേടാൻ എല്ലാ ഉദ്യോഗാർഥികളും ശ്രമിക്കുന്നതാണ്. എന്നാൽ ബയോഡാറ്റ കേക്കിലാക്കി ജോലി നേടാൻ ഇതുവരെ ആരും ശ്രമിച്ചുകാണില്ല.
എന്നാൽ 'നൈകി' എന്ന കമ്പനിയിലേക്ക് കേക്കിൽ ബയോഡാറ്റ അയച്ച വിവരമാണ് കാർലി പാവ്‌ലിനാക് ബ്ലാക്ക്‌ബേൺ എന്ന സ്ത്രീ ലിങ്ക്ഡ്ഇനിൽ കുറിച്ചത്.
ഒരു കേക്കിലാക്കിയാണ് നൈകിയിലേക്ക് ബയോഡാറ്റ അയച്ചത്. അത് എന്തിനായിരുന്നെന്നും അവർ വിവരിക്കുന്നു. 'നൈകി നിലവിൽ പുതുതായി ആരെയും ജോലിക്ക് എടുക്കുന്നില്ല. എന്നാൽ ഞാൻ ആരാണെന്ന് അവരെ അറിയിക്കുകയും അവരുടെ ടീമിനൊപ്പം ചേരുകയും വേണമായിരുന്നു. അതിന് ഒരു വ്യത്യസ്ത വഴി തേടിയതാണ്. വലിയ പാർട്ടിക്ക് കേക്ക് അയക്കുന്നതിനേക്കാൾ ശ്രദ്ധിക്കപ്പെടാൻ മികച്ച മാർഗം വേറെയില്ല.' - അവർ കുറിച്ചു.
ബയോഡാറ്റ പ്രിൻറ് ചെയ്ത കേക്കിന്റെ ചിത്രത്തോടൊപ്പമായിരുന്നു കുറിപ്പ് പങ്കുവെച്ചത്. കുറിപ്പ് വൈറലായിരിക്കുകയാണ്.
നൈകിയിൽ ജോലി നേടാനുള്ള ശ്രമത്തിനൊടുവിലാണ് ഈ തീരുമാനമെടുത്തത്. സാധാരണ ജോലി അപേക്ഷക്ക് പകരം കേക്കിൽ ബയോഡാറ്റ പ്രിന്റ് ചെയ്ത് ഒറിഗോണിലെ ബീവർട്ടണിലുള്ള നൈകി വേൾഡ് ഹെഡ്ക്വാർട്ടേഴ്സിലേക്ക് അയച്ചു. ഒരു സുഹൃത്തിന്റെ ആശയമാണിതെന്നും ബ്ലാക്ക്‌ബേൺ പറഞ്ഞു.
അന്വേഷണത്തിനിടെ ഹെഡ്ക്വാർട്ടേഴ്സിൽ ഒരു ആഘോഷം നടക്കുന്നുണ്ടെന്ന് അറിയാനിടയായി. ആ ദിവസം കിട്ടുന്ന തരത്തിൽ കേക്ക് അയക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് അവർ കുറിച്ചു.
പോസ്റ്റിന് നിരവധി കമന്റുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ നൈകി കമ്പനിയുടെ പ്രതികരണം ലഭിച്ചോ എന്ന കാര്യം പോസ്റ്റിൽ വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.