ബ്രസല്‍സ്: ട്രെയിൻ വരുന്നതിന് തൊട്ടുമുമ്പ് പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുകയായിരുന്ന യുവതിയെ യുവാവ് ട്രാക്കിലേക്ക് തള്ളിയിട്ടു. ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലെ റോജിയര്‍ മെട്രോ സ്‌റ്റേഷനിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. ട്രെയിൻ കൃത്യസമയത്ത് നിർത്താൻ കഴിഞ്ഞതിനാൽ യുവതി ജീവനോടെ രക്ഷപെട്ടു.
യുവതിയെ തള്ളിയിട്ട ശേഷം ഓടി രക്ഷപ്പെട്ട 23കാരനെ പിന്നീട് മറ്റൊരു മെട്രോ സ്റ്റേഷനിൽ നിന്ന് പിടികൂടിയതായി ബ്രസൽസിലെ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫിസ് അറിയിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. കാഴ്ചക്കാരുടെ നെഞ്ചിടിപ്പേറ്റുന്ന സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്ലാറ്റ്‌ഫോമിലേക്ക് ട്രെയിന്‍ വന്നുകൊണ്ടിരിക്കെ യുവതിയെ പിന്നിൽ നിന്നെത്തിയ യുവാവ് തള്ളിയിടുന്നത് ദൃശ്യത്തിൽ കാണാം. യുവതി ട്രാക്കിലേക്ക് വീണെങ്കിലും എൻജിൻ ഡ്രൈവർ എമർജൻസി ബ്രേക്ക് ഉപയോഗിച്ച് ട്രെയിന്‍ കൃത്യസമയത്ത് നിർത്തുന്നതിൽ വിജയിച്ചതുകൊണ്ട് യുവതി പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന യാത്രക്കാര്‍ യുവതിയെ സഹായിക്കാനായി ഓടിയെത്തി. ഇതിന് ശേഷം യുവതിയേയും എൻജിന്‍ ഡ്രൈവറേയും ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.
'ഡ്രൈവർ തക്കസമയത്ത് മനഃസാന്നിധ്യം കാട്ടിയതിനാലാണ് അപകടം ഒഴിവായത്. പക്ഷേ, ആ യുവതിയെ പോലെ തന്നെ ഡ്രൈവറും ഷോക്കിലായി' -ബ്രസൽസ് ഇന്റർകമ്മ്യൂണൽ ട്രാൻസ്‍പോർട്ട് കമ്പനി വക്താവ് ഗൈ സബ്ലോൻ പറഞ്ഞു. യുവതിയെ തള്ളിയിട്ട ശേഷം ഓടി രക്ഷപ്പെട്ട ഫ്രഞ്ച് യുവാവിനെ മറ്റൊരു മെട്രോ സ്റ്റേഷനിൽ നിന്ന് പിടികൂടി. ഇയാൾക്കെതിതെ കൊലപാതകശ്രമത്തിന് കേസെടുത്തു. ഇയാൾ എന്തിനാണിത് ചെയ്തതെന്ന് വ്യക്തമല്ല. ഇത് കണ്ടെത്താനായി അന്വേഷണ സംഘം മനഃശാസ്ത്രജ്ഞന്റെ സേവനം ഉപയോഗപ്പെടുത്തുമെന്ന് ബ്രസൽസിലെ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.