കനത്ത മഞ്ഞുവീഴ്ചക്കിടയിൽ തണുത്തുറഞ്ഞ നദിയിൽ അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്ന യുവതിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. കാരണമായത് അപകടത്തിൽപ്പെട്ട യുവതിയുടെ ഒരു ചിത്രവും. തണുത്തുറഞ്ഞ നദിയിൽ താഴ്ന്നുകൊണ്ടിരിക്കുന്ന കാറിന് മുകളിൽ കയറിനിന്ന് യുവതി സെൽഫിയെടുക്കുന്നതാണ് ദൃശ്യം.
കാനഡയിലാണ് സംഭവം. കനത്ത മഞ്ഞുവീഴ്ചയാണ് ഇപ്പോൾ കാനഡയിൽ. എവിടെനോക്കിയാലും മഞ്ഞ് മാത്രമാണ് കാണാനാകുക. നദികളെല്ലാം തണുത്തുറയുകയും കൂടി ചെയ്തതോടെ റോഡോ നദിയോ ഒന്നും തിരിച്ചറിയാനും കഴിയില്ല. അതിനിടെയാണ് യുവതിയുടെ കാർ അപകടത്തിൽപ്പെട്ടത്.
ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. മാനോട്ടിക്കിന്റെ പ്രാന്തപ്രദേശത്തുള്ള റൈഡോ നദിയുടെ തീരത്തുവെച്ച് യുവതിയുടെ കാർ അപകടത്തിൽപ്പെടുകയായിരുന്നു. മഞ്ഞുപാളികൾക്കിടയിലൂടെ കാർ നദിയിലേക്ക് മുങ്ങാനും തുടങ്ങി. പ്രദേശവാസികൾ രക്ഷാപ്രവർത്തനവുമായി തടിച്ചുകൂടി. ഇതിനിടെയാണ് ചുറ്റും നടക്കുന്ന ബഹളങ്ങളൊന്നും വകവെക്കാതെ കാറിന് മുകളിൽ കയറി യുവതി സെൽഫിയെടുക്കുന്നത്. കാർ പാതിയിലധികം നദിയിൽ മുങ്ങിയിരിക്കുമ്പോഴായിരുന്നു യുവതിയുടെ സാഹസിക സെൽഫിയെടുക്കൽ. യുവതി സെൽഫിയെടുക്കുന്നതിന്റെ ചിത്രം പ്രദേശവാസികളിലൊരാൾ കാമറയിൽ പകർത്തി. ഈ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നത്.
കാർ മുങ്ങി താഴുന്നതിന് മുമ്പുതന്നെ കയാക്ക് ഉപയോഗിച്ച് പ്രദേശവാസികൾ യുവതിയെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തുന്ന വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
യുവതിയെ രക്ഷപ്പെടുത്തിയതിന് പ്രദേശവാസികളെ അഭിനന്ദിച്ച് ഒട്ടാവ പൊലീസ് ട്വീറ്റ് ചെയ്തു. യുവതിക്ക് പരിക്കേറ്റിട്ടില്ല. രക്ഷപ്രവർത്തനത്തിന് ശേഷം ആശുപത്രിയിൽ പോകാൻ യുവതി വിസമ്മതിച്ചതായി പ്രദേശവാസികൾ പറഞ്ഞു. അതേസമയം, അപകടകരമായ രീതിയിൽ വാഹനം കൈകാര്യം ചെയ്തതിന് യുവതിക്കെതിരെ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.