ജോലിക്കായുള്ള അഭിമുഖത്തിന് ഷോർട്സ് ധരിച്ചെത്തിയ യുവതിയോട് വീട്ടിൽ പോയി വസ്ത്രം മാറി വരാൻ പറഞ്ഞതായി പരാതി. യുവതിയുടെ വസ്ത്രധാരണം തൊഴിലിടത്തിന് യോജിക്കാത്ത തരത്തിലുള്ളതാണെന്നായിവുന്നു ഇന്റർവ്യൂ ബോർഡിന്റെ മറുപടി. എന്നാൽ വസ്ത്രധാരണം തന്റെ തെരഞ്ഞെടുപ്പാണെന്നായിരുന്നു തിറെഷിയ ഇന്റർവ്യൂ ബോർഡിനോട് പറഞ്ഞത്. എക്സിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് യുവതി പരാതിയുമായി രംഗത്തുവന്നത്.
താൻ ധരിച്ചത് മോശം വസ്‍ത്രമായിരുന്നില്ലെന്നും തിറേഷിയ പറയുന്നു. ഇന്റർവ്യൂവിന് പോയ അതേ വസ്ത്രം ധരിച്ചാണ് യുവതി വിഡിയോ ചെയ്തത്. വസ്ത്രം മാറ്റി വന്നാൽ ഇന്റർവ്യൂ പിറ്റേ ദിവസം നടത്താൻ തയാറാണെന്നും ബോർഡ് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ വീട്ടിൽ പോയി വസ്‍ത്രം മാറ്റി വരാൻ സമയമുണ്ടായിട്ടും താനതിന് ശ്രമിച്ചില്ലെന്നും തിറേഷിയ വിഡിയോയിൽ സൂചിപ്പിച്ചു.
വിഡിയോ വളരെ പെട്ടെന്ന് വൈറലായി. 34 മില്യൺ ആളുകളാണ് വിഡിയോ കണ്ടത്. വിഡിയോ കണ്ട് യുവതിയെ അനുകൂലിച്ചും എതിർത്തും ആളുകൾ പ്രതികരിച്ചിട്ടുണ്ട്. ജോലി സംബന്ധമായ അഭിമുഖങ്ങൾക്ക് പോകുമ്പോൾ മാന്യമായ വസ്ത്രം ധരിക്കുന്നതാണ് നല്ലതെന്നായിരുന്നു ഒരാളുടെ പ്രതികരണം. ഓരോ ഓഫിസിന്റെയും രീതി വ്യത്യസ്തമായിരിക്കുമെന്നും ഡ്രസ് കോഡ് ഉണ്ടാകാമെന്നും ഉപയോക്താവ് കൂട്ടിച്ചേർത്തു. ഒരിക്കലും ഷോർട്സ് ധരിച്ച് ഇന്റർവ്യൂവിന് പോകരുതെന്നും മറ്റൊരാൾ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.