ഖൊരക്പൂർ ഐ.ഐ.ടിയിൽ നിന്ന് 2016ൽ ബിരുദം പൂർത്തിയാക്കി യു.എസിലേക്ക് ഉപരിപഠനത്തിനായി പോയതായിരുന്നു ഇന്ത്യക്കാരായ ആ ദമ്പതികൾ. വർഷങ്ങൾ യു.എസിൽ ചെലവഴിച്ച ശേഷം അവർ കഴിഞ്ഞ വർഷം ഇന്ത്യയിൽ തിരിച്ചെത്തി. ഗുഷ്വർക് എന്ന കമ്പനിയുടെ സഹസ്ഥാപകൻ കൂടിയായ നൈർഹിത് സാമൂഹിക മാധ്യമത്തിൽ യു.എസും ഇന്ത്യയും തമ്മിലുള്ള ചില വ്യത്യാസങ്ങളെ കുറിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. രണ്ടു രാജ്യങ്ങളിലെയും ജനങ്ങളുടെ ജീവിതത്തെ കുറിച്ചാണ് കുറിപ്പിൽ വിശദീകരിക്കുന്നത്.കുറെ കാലം യു.എസിൽ ജീവിച്ച ശേഷം ഇന്ത്യയിലെത്തിയപ്പോൾ അനുഭവിച്ച മാറ്റങ്ങളെ കുറിച്ചാണ് കുറിപ്പിൽ പറയുന്നത്.
''ബിരുദ പഠനത്തിനു ശേഷം ഉന്നത പഠനത്തിനായി യു.എസിലേക്ക് പോകണമെന്നത് ഞാനും ഭാര്യയും നേരത്തേ തീരുമാനിച്ചുറപ്പിച്ചതാണ്. അതുപോലെ പഠനം കഴിഞ്ഞാലുടൻ ഇന്ത്യയിലേക്ക് മടങ്ങണമെന്നും.
ഇന്ത്യയിൽ നിന്ന് ലോകത്തിന് വേണ്ടി സാങ്കേതികൾ വിദ്യകൾ നിർമിക്കുന്നതിനും ഗവേഷണം ചെയ്യുന്നതിനും ജീവിതം സമർപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇപ്പോൾ ഇന്ത്യയിലേക്ക് മടങ്ങിവന്നിട്ട് ഒരു വർഷമാകുന്നു. ഇന്ത്യയിൽ മടങ്ങിപ്പോകണമെന്ന് ആഗ്രഹിക്കുകയും അതിൽ ആശങ്കപ്പെടുകയും ചെയ്യുന്ന 20 നും 40 നുമിടയിൽ പ്രായമുള്ള ഇന്ത്യക്കാർക്ക് വേണ്ടിയാണ് ഈ എഴുത്ത്.''-എന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. തിരിച്ചെത്തിയ ശേഷം ഇന്ത്യയിലും യു.എസിലും ഞങ്ങൾ അനുഭവിച്ച പ്രധാന വ്യത്യാസങ്ങൾ ഇതാണ്...
വീട്ടുജോലിക്ക് വളരെ കുറഞ്ഞ ചെലവിൽ ആളുകളെ കിട്ടും. തൊഴിലാളികൾക്ക് കിട്ടുന്ന കൂലി കുറവാണ്. ജോലി ചെയ്യുന്ന ദമ്പതികളെന്ന നിലയിൽ ആഴ്ചയിൽ 15 മുതൽ 20 മണിക്കൂർ വരെ ഇന്ത്യയിൽ മടങ്ങിയെത്തിയശേഷം ലഭിക്കുന്നുണ്ടെന്നും നൈർഹിത് പറയുന്നു.
ഇന്ത്യക്കാരൻ എന്ന നിലയിൽ യു.എസിൽ ആളുകളുമായി ആഴത്തിലുള്ള ബന്ധങ്ങൾ കണ്ടെത്തുന്നത് വലിയ വെല്ലുവിളിയായിരുന്നു. അർഥവത്തായ ബന്ധങ്ങൾ കണ്ടെത്താനും പഴയ ബന്ധങ്ങൾ സൂക്ഷിക്കാനും താരതമ്യേന എളുപ്പമുള്ള വ്യക്തിയായിട്ടു കൂടി അത് എനിക്ക് വിഷമം പിടിച്ചതായി. പലചരക്കു സാധനങ്ങൾ മുതൽ മേയ്ക്കപ്പ് വസ്തുക്കൾവരെയുള്ളവ കിട്ടാൻ ഇന്ത്യയിൽ കുറച്ച് താമസം നേരിടും. യു.എസിൽ ഇതിനൊക്കെ പ്രത്യേക സംവിധാനം തന്നെയുണ്ട്. എന്നാൽ ഇപ്പോൾ എളുപ്പം സാധനങ്ങൾ വീട്ടിൽ ലഭിക്കാൻ ചില സംവിധാനങ്ങൾ ഇവിടെയുമുണ്ട്.
ഇന്ത്യ മുൻപന്തിയിലുള്ള മറ്റൊരു കാര്യം ഡിജിറ്റൽ പേയ്മെന്റ് ആണ്. ആപ്പ്ൾ പെയും യു.പി.ഐയും താരതമ്യേന ആളുകൾക്ക് സൗകര്യപ്രദമായ ഡിജിറ്റൽ പേയ്മെന്റ് സമ്പ്രദായങ്ങളാണ്. യു.പി.ഐ സൗജന്യവും ഇടപാടുകൾ സർക്കാരിന്റെ ഇടനിലയിലുമാണ്. ആപ്പിൾ പേയിൽ ഇടപാടിന്റെ രണ്ടുമുതൽ ഏഴുശതമാനം വരെ സ്വകാര്യ വ്യക്തികളിലേക്കാണ് പോകുന്നത്.
വരിയില്ലാത്ത സമ്പ്രദായമാണ് യു.എസിൽ എടുത്തു പറയേണ്ട ഒന്ന്. ഇന്ത്യയിൽ കോഫി ഷോപ്പിലായാലും എ.ടി.എം കൗണ്ടറിലായാലും എവിടെ പോയാലും ആളുകളുടെ നീണ്ട ക്യൂയും സുരക്ഷാ പരിശോധനയുമാണ്. ഇത് അരോചകമാണ്. ചിലപ്പോൾ ഭയപ്പെടുത്തുന്നതും.
നിങ്ങൾ വീടിന് പുറത്ത് ജീവിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണെങ്കിൽ തീർച്ചയായും യു.എസിൽ തന്നെ തുടരുക എന്നും ഇദ്ദേഹം നിർദേശിക്കുന്നുണ്ട്. കടൽത്തീര സഞ്ചാരവും കാൽനടയാത്രയും ബൈക്ക് സവാരിയും ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ തീർച്ചയായും ഇവിടം സന്തോഷം നൽകില്ല. വീട്ടിനകത്തുള്ള ജിംനേഷ്യം മറ്റ് കാര്യങ്ങൾ എന്നിവക്ക് ഇന്ത്യ നല്ലതാണ്.
പലതരത്തിൽ ആളുകളെ വിചാരണ ചെയ്യുന്ന ഒരു സമൂഹമുണ്ട് ഇവിടെ. എൽ.ജി.പി.ടി.ക്യു കമ്മ്യൂണിറ്റിയെ ഇവിടത്തെ ബഹുഭൂരിഭാഗവും ഇപ്പോഴും അംഗീകരിച്ചിട്ടില്ല. അടുത്ത അഞ്ച് വർഷം കൊണ്ട് ഇക്കാര്യങ്ങളിലെല്ലാം മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നൈർഹിത് പറയുന്നുണ്ട്. രണ്ടു രാജ്യങ്ങളിലെയും തൊഴിൽ വിപണി കടുത്ത മത്സരം നേരിടുന്നതാണെന്നും പറഞ്ഞാണ് ഇദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്. നിങ്ങൾ ജോലി ലഭിക്കുമായിരിക്കും. അപ്പോഴും കാറും വീടും സൗകര്യങ്ങളും നേടിത്തരുന്ന രീതിയിലുള്ള ഉയർന്ന ശമ്പളമുള്ള ജോലി കണ്ടെത്താൻ പ്രയാസമാണ്. യു.എസിൽ നിന്ന് മടങ്ങിയെത്തിയ എന്റെ സുഹൃത്തുക്കളിൽ പലർക്കും ഇന്ത്യയിൽ പിടിച്ചു നിൽക്കാൻ അവരുടെ ജീവിത ശൈലികളിൽ തന്നെ മാറ്റം വരുത്തേണ്ടി വന്നുവെന്നും നൈർഹിത് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.