മുംബൈ: ഫിറ്റ്നസ് പ്രശ്നങ്ങൾ പ്രകടനത്തെ ബാധിച്ച് പാരിസ് ഒളിമ്പിക്സ് പ്രീക്വാർട്ടറിൽ മടങ്ങിയ മലയാളി ബാഡ്മിന്റൺ താരം എച്ച്.എസ്. പ്രണോയ് താൽക്കാലിക അവധിയിൽ. ചികുൻഗുനിയ ബാധമൂലമുള്ള അവശത ഇപ്പോഴും ശരീരത്തെ അലട്ടുന്നതിനാൽ പൂർണമായി തിരിച്ചുവരാൻ കളി തൽക്കാലം നിർത്തൽ അനിവാര്യമാണെന്ന് കണ്ടാണ് തീരുമാനം.
സന്ധികളിൽ കടുത്ത വേദന വിടാതെ പിടികൂടുന്ന ചികുൻഗുനിയ ബാധിച്ച് താരം ഒരാഴ്ച കിടപ്പിലായിരുന്നു. രോഗം ഭേദമായെന്ന് കണ്ട് പാരിസിലെത്തിയെങ്കിലും കാര്യമായി പിടിച്ചുനിൽക്കാനാകാതെ തോൽവി സമ്മതിക്കുകയായിരുന്നു.
‘നിർഭാഗ്യവശാൽ ചികുൻഗുനിയയുമായുള്ള പോരാട്ടം ശരീരത്തിൽ കാര്യമായ ആഘാതമുണ്ടാക്കിയിട്ടുണ്ട്. വിടാതെ പിന്തുടരുന്ന വേദന കാരണം മികച്ച നിലയിൽ മത്സരിക്കാനാകുന്നില്ല. ടീമുമായി കൂടിയാലോചിച്ച് കുറച്ചുകാലത്തേക്ക് ടൂർണമെന്റുകളിൽനിന്ന് വിട്ടുനിന്ന് വീണ്ടെടുപ്പ് പൂർത്തിയാക്കാനാണ് തീരുമാനം. പ്രയാസങ്ങളിലും പിന്തുണച്ചതിന് നന്ദി. ശക്തിയോടെ തിരിച്ചുവരും’- താരം എക്സിൽ കുറിച്ചു.
2022ലെ തോമസ് കപ്പ് കിരീടനേട്ടത്തിൽ നിർണായക സാന്നിധ്യമായിരുന്ന 32കാരൻ 2023ലെ ലോകകപ്പിലും ഏഷ്യൻ ഗെയിംസിലും വെങ്കല മെഡലും നേടിയിരുന്നു. അവധി പ്രഖ്യാപനം നടത്തിയെങ്കിലും എത്രനാൾ വിട്ടുനിൽക്കേണ്ടിവരുമെന്ന് വ്യക്തമാക്കിയിട്ടില്ല. പലവട്ടം രോഗങ്ങൾ വലച്ച താരം പ്രയാസങ്ങൾക്കിടെയും പാരിസ് ഒളിമ്പിക്സിൽ ഗ്രൂപ് ഘട്ടം അനായാസം കടന്നിരുന്നു. എന്നാൽ, പ്രീക്വാർട്ടർ ഫൈനലിൽ ലക്ഷ്യ സെന്നിന് മുന്നിൽ തോൽവി സമ്മതിച്ച് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.