ലഖ്നോ: സയ്യിദ് മോദി ഇന്ത്യ ഇന്റർ നാഷനൽ സൂപ്പർ 300 ബാഡ്മിന്റൺ ടൂർണമെന്റിലെ അഞ്ച് ഇനങ്ങളിലും ഫൈനലിൽ പ്രവേശിച്ച് ആതിഥേയ താരങ്ങൾ. വനിത സിംഗ്ൾസിൽ പി.വി. സിന്ധു, ഡബ്ൾസിൽ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ്, പുരുഷ സിംഗ്ൾസിൽ ലക്ഷ്യ സെൻ, ഡബ്ൾസിൽ പൃഥ്വി കൃഷ്ണമൂർത്തി റോയ്-സായ് പ്രതീക്, മിക്സഡ് ഡബ്ൾസിൽ ധ്രുവ് കപില-തനിഷ ക്രാസ്റ്റോ സഖ്യങ്ങൾ കൂട്ടത്തോടെ കലാശപ്പോരിന് യോഗ്യത നേടി. ഫൈനൽ മത്സരങ്ങൾ മിക്സഡ് ഡബ്ൾസോടെ ഞായറാഴ്ച ഉച്ചക്ക് 12ന് തുടങ്ങും.
രണ്ടു തവണ ഒളിമ്പിക് മെഡൽ ജേത്രിയായ സിന്ധു ഇന്ത്യൻ താരംതന്നെയായ 17കാരി ഉന്നതി ഹൂഡയെയാണ് സെമി ഫൈനലിൽ തോൽപിച്ചത്. സ്കോർ: 21-12 21-9. തായ്ലൻഡിന്റെ ലലിൻരാത് ചായ്വാനെ 21-19, 21-12ന് തോൽപിച്ചെത്തിയ ചൈനയുടെ വു ലു യൂ ആണ് കിരീടത്തിന് മുന്നിൽ സിന്ധുവിന്റെ എതിരാളി. ജപ്പാന്റെ ഷോഗോ ഒഗവായെ ലക്ഷ്യ അനായാസം മറികടന്നു. സ്കോർ: 21-8, 21-14. ഫൈനലിൽ സിംഗപ്പുരിന്റെ ജിയ ഹെങ് ജേസനെ ലക്ഷ്യ നേരിടും. ഇന്ത്യയുടെ പ്രിയാൻഷു റജാവത്തിനെയാണ് സെമിയിൽ ജിയ തോൽപിച്ചത്. സ്കോർ: 21-13, 21-19.
മലയാളി താരം ട്രീസയും ഗായത്രിയും ചേർന്ന സഖ്യം വനിത ഡബ്ൾസിൽ തായ്ലൻഡിന്റെ ബെന്യാപ എയിംസാഡ്-നുന്റകം എയിംസാഡ് സഹോദരിമാരെ അവസാന നാലിൽ 18-21, 21-18, 21-10 സ്കോറിന് മറികടന്നു. ഫൈനലിൽ ചൈനയുടെ ബാവോ ലി ജിങ്-ലി കിയാൻ കൂട്ടുകെട്ടാണ് എതിരാളികൾ. ഇന്ത്യയുടെ തനിഷ-അശ്വിനി പൊന്നപ്പ ജോടിയെ 14-21, 21-16, 21-13ന് തോൽപിച്ചാണ് ഇവർ മുന്നേറിയത്. പുരുഷ ഡബ്ൾസ് കിരീടത്തിനായി പൃഥ്വി-സായ് സഖ്യം ചൈനയുടെ ഹുവാങ് ഡി-ലിയു യാങ് ടീമിനെ നേരിടും. ഇന്ത്യയുടെ ഇഷാൻ ബട്നഗർ-ശങ്കർ പ്രസാദ് ഉദയ്കുമാർ ജോടിയെ 21-19, 21-14നാണ് സെമിയിൽ പൃഥ്വിയും സായിയും തോൽപിച്ചത്. മിക്സഡിൽ ചൈനയുടെ ഷൂ യീ ഹോങ്-യാങ് ജിയ ഹീ ടീമിനെ 21-16, 21-15ന് പരാജയപ്പെടുത്തിയ ധ്രുവും തനിഷയും ഞായറാഴ്ച ഫൈനലിൽ തായ്ലൻഡിന്റെ ഡെചാപോൽ പുവരനാക്രോ-സുപിസാര പേസാമ്പ്രൻ സഖ്യവുമായി ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.