പെർത്ത്: ഓപണർ സ്മൃതി മന്ദാനയുടെ തകർപ്പൻ സെഞ്ച്വറിക്കും ഇന്ത്യയെ രക്ഷിക്കാനായില്ല. ആസ്ട്രേലിയക്കെതിരായ മൂന്നാം വനിത ഏകദിനവും തോറ്റ ഹർമൻപ്രീത് കൗറും സംഘവും 0-3ന് പരമ്പര അടിയറ വെച്ചു. അവസാന മത്സരത്തിൽ 83 റൺസിനായിരുന്നു ആതിഥേയരുടെ ജയം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേലിയ 50 ഓവറിൽ ആറ് വിക്കറ്റിന് 298 റൺസെടുത്തു. അന്നബെൽ സതർലൻഡിന്റെ (95 പന്തിൽ 110) ശതകമാണ് ടീമിനെ മികച്ച സ്കോറിലെത്തിച്ചത്. മന്ദാനയുടെ (109 പന്തിൽ 105) ഒറ്റയാൻ പോരാട്ടം വിഫലമായപ്പോൾ ഇന്ത്യ 45.1 ഓവറിൽ 215ൽ പുറത്തായി.
ആസ്ട്രേലിയക്കായി ആഷ് ലി ഗാർഡ്നർ അഞ്ച് വിക്കറ്റ് വീഴ്ത്തി. ഗാർഡ്നർ (50) ബാറ്റിങ്ങിലും തിളങ്ങിയിരുന്നു. ക്യാപ്റ്റൻ തഹ് ലിയ മക്ഗ്രാത്തും (56 നോട്ടൗട്ട്) അർധ ശതകം നേടി. ഇന്ത്യൻ ബൗളർമാരിൽ 10 ഓവറിൽ 26 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത അരുന്ധതി റെഡ്ഡി തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. മലയാളി ഓൾറൗണ്ടർ മിന്നു മണിക്ക് ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങാനായില്ല. അഞ്ച് ഓവറിൽ 36 റൺസ് വിട്ടുകൊടുത്തെങ്കിലും വയനാട്ടുകാരിക്ക് വിക്കറ്റൊന്നും ലഭിച്ചില്ല.
എട്ട് റൺസായിരുന്നു ബാറ്റിങ്ങിലെ സംഭാവന. മന്ദാനക്കൊപ്പം പിടിച്ചുനിന്ന ഹർലീൻ ഡിയോൾ 39 റൺസ് ചേർത്തു. മറ്റു ബാറ്റർമാരെല്ലാം തീർത്തും പരാജയമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.