ലോക ടെസറ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആരൊക്കെ കളിക്കും കളിക്കില്ല എന്നുള്ള ആകാംക്ഷയിലും ആവേശത്തിലുമാണ് ആരാധകർ. ക്രിക്കറ്റ് ലോകം ഒരുപോലെ ടെസ്റ്റ് മത്സരത്തിലേക്ക് ഉറ്റുനോക്കുന്ന കാഴ്ചയാണ് നിലവിൽ കാണുന്നത്. ആസ്ട്രേലിയ, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, എന്നിവരാണ് പ്രധാനമായും ഫൈനലിലേക്ക് മത്സരിക്കുന്നത്. നാല് ടീമുകൾക്കും മത്സരങ്ങൾ ബാക്കിയിരിക്കെ ഫൈനലിലേക്ക് ഒരു ഫോട്ടോ ഫിനിഷ് തന്നെ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.
ബോർഡർ ഗവാസ്കർ ട്രോഫി രണ്ടാം മത്സരത്തിൽ ആസ്ട്രേലിയ ഇന്ത്യയെ തോൽപ്പിച്ചതും ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ തോൽപ്പിച്ച് പരമ്പര നേടിയതുമാണ് നിലവിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നത്. തുടരെ രണ്ട് മത്സരത്തിൽ ജയിച്ച് ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തേക്ക് ഇടിച്ചുകയറിപ്പോൾ ഏറ്റവും ബാധിച്ചത് ഇന്ത്യയെ ആണെന്ന് പറയേണ്ടി വരും, പെർത്തിൽ നടന്ന ആദ്യ മത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കി ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യക്ക് രണ്ടാം മത്സരത്തിലെ തോൽവി വൻ തിരിച്ചടിയായി. നിലവിലെ പോയിന്‍റ് പട്ടികയിൽ മൂന്നാമതാണ് ഇന്ത്യയുടെ സ്ഥാനം. രണ്ടാം മത്സരത്തിൽ വിജയിച്ച ആസ്ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്.
ദക്ഷിണാഫ്രിക്കക്ക് നിലവിൽ 63.33 ശതമാനം പോയിന്‍റുണ്ട്. രണ്ടാമതുള്ള ആസ്ട്രേലിയക്ക് 60.71 പോയിന്‍റാണുള്ളത്. ഇന്ത്യക്ക് 57.29 പോയിന്‍റാണുള്ളത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ പത്ത് മത്സരം ശേഷിക്കുന്നത്. ഈ പത്ത് മത്സരത്തിന്‍റെ ഫലത്തിലേക്കാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
പാകിസ്താനെതിരെ സ്വന്തം മണ്ണിൽ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ദക്ഷിണാഫ്രിക്കക്കുള്ളത്. രണ്ട് മത്സരത്തിലും വിജയിച്ചാൽ അവർക്ക് അനായസമായി ഫൈനലിൽ പ്രവേശിക്കാം. എന്നാൽ ഒരു മത്സരം തോറ്റാൽ അവർക്ക് 61.11 ശതമാനം പോയിന്റാകും, ഇതു മറികടക്കാന്‍ ഇന്ത്യക്കും ആസ്ട്രേലിയക്കും സാധിക്കുന്നതാണ്. ഇനി രണ്ട് മത്സരവും സമനിലയിൽ അവസാനിച്ചാലും അവർക്ക് വലിയ ബുദ്ധിമുട്ടുണ്ടാകില്ല എന്നാണ് കണക്കുകൾ, എന്നാൽ ഒരു മത്സരം തോറ്റ് മറ്റൊന്ന് സമനിലയുമായാൽ ദക്ഷിണാഫ്രിക്കക്ക് ഇന്ത്യ-ആസ്ട്രേലിയ മത്സരത്തിന്‍റെ ഫലം കാത്തിരിക്കണം. സ്വന്തം മണ്ണിലാണ് പരമ്പര എന്നുള്ളത് ദക്ഷിണാഫ്രക്ക് അസാധ്യ മേൽകൈ നൽകുന്നുണ്ട്.
രണ്ടാം മത്സരത്തിൽ ഇന്ത്യയെ തോൽപ്പിച്ചത് ആസ്ട്രേലിയക്ക് നൽകിയ അഡ്വാന്‍റേജ് ചെറുതല്ല. ഇനി ഇന്ത്യക്തെതിരെ മൂന്ന് മത്സരവും അത് കഴിഞ്ഞാൽ ശ്രീലങ്കക്കെതിരെ അവരുടെ മണ്ണിൽ രണ്ട് മത്സവും ആസ്ട്രേലിയക്കുണ്ട്. ഇന്ത്യക്കെതിരെയുള്ള പരമ്പര നേടിയാൽ ലങ്കക്കെതിരയെുള്ള മത്സരം തോറ്റാലും കങ്കാരുപ്പടക്ക് ഫൈനലിൽ കളിക്കാം. എന്നാൽ ഇന്ത്യ ആസ്ട്രേലിയയെ 3-2ന് തോൽപ്പിച്ചാൽ ലങ്കക്കെതിരെയുള്ള മത്സരം ആസ്ട്രേലിയക്ക് നിർണായകമാകും.
ഇന്ത്യക്കാണ് കൂട്ടത്തിൽ ഏറ്റവും വെല്ലുവിളിയുള്ളത്. ന്യൂസിലാൻഡിനെതിരെ സ്വന്തം മണ്ണിൽ പരമ്പര അടിയറവ് പറഞ്ഞത് ഇന്ത്യക്ക് വമ്പൻ തിരിച്ചടിയാണ് നൽകിയത്. നിലവിൽ മൂന്നാമതുള്ള ഇന്ത്യക്ക് മൂന്ന് മത്സരത്തിൽ നിന്നും രണ്ട് ജയവും ഒരു സമനിലയും നേടിയാൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയെങ്കിൽ ഫൈനലിൽ കേറാം. മൂന്ന് മത്സരവും വിജയിച്ചാൽ ഇന്ത്യക്ക് ഫൈനൽ ഉറപ്പിക്കാം. എന്നാൽ ആസ്ട്രേലിയൻ മണ്ണിൽ ശേഷിക്കുന്ന മൂന്ന് മത്സരവും ഇന്ത്യ ജയിക്കുമോ എന്ന് കണ്ടറിയണം.
ആസ്ട്രേലിയക്കെതിരെ പരമ്പര 3-2 എന്ന നിലയില്‍ നേടിയാലും 2-3നു വീണാലും ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയുടെ ഫലത്തെ ആശ്രയിക്കേണ്ടി വരും. മാത്രമല്ല ആസ്ട്രേലിയ ശ്രീലങ്കക്കെതിരായ പോരാട്ടത്തില്‍ രണ്ട് മത്സരങ്ങളും തോല്‍ക്കുകയും വേണം. ചുരുക്കത്തില്‍ ഇനിയുള്ള മൂന്ന് പോരാട്ടങ്ങള്‍ ഇന്ത്യക്ക് കഠിന പരീക്ഷയാണ്.
നിലവില്‍ പട്ടികയില്‍ നാലാമതുള്ളത് ശ്രീലങ്കയുടെ അടുത്ത പരമ്പര ആസ്ട്രേലിയക്കെതിരെയാണ്. ഈ മത്സരത്തിലെ രണ്ട് ടെസ്റ്റുകള്‍ ജയിച്ചാലും ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകളുടെ മത്സര ഫലം അനുകൂലമായി വന്നാൽ മാത്രമെ ലങ്കക്ക് ഫൈനൽ പ്രവശേനത്തിന് സാധ്യയുള്ളൂ. ദക്ഷിണാഫ്രിക്ക പാകിസ്ഥാനോടു രണ്ട് മത്സരവും തോല്‍ക്കുകയും ഇന്ത്യ 2-1നു ഓസീസിനെതിരെ പരമ്പര നേടുകയും ചെയ്താലും മാത്രമെ ലങ്കക്ക് സാധ്യത കൽപ്പിക്കുന്നുള്ളൂ. ഇത് വിദൂര സാധ്യത മാത്രമാണെന്നുള്ള നിലക്ക് മത്സരം ആസ്ട്രേലിയ, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവർ തമ്മിലായിരിക്കുമെന്ന് വ്യക്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.