ഹെഡ്ഡുമായുള്ള വാക്ക്പോരിൽ പിഴ; ഐ.സി.സി നടപടിയിൽ ഒടുവിൽ പ്രതികരിച്ച് പേസർ സിറാജ്

അഡലെയ്ഡ്: ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരയിലെ അഡലെയ്ഡിൽ നടന്ന രണ്ടാം ടെസ്റ്റിൽ മത്സരത്തിനിടെ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജും ആസ്ട്രേലിയൻ ബാറ്റർ ട്രാവിഡ് ഹെഡ്ഡും തമ്മിലുള്ള വാക്ക്പോര് ഏറെ വിവാദമായിരുന്നു.

സംഭവത്തിൽ ഇടപെട്ട അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഇരുവർക്കുമെതിരെ നടപടിയെടുക്കുകയും ചെയ്തു. പെരുമാറ്റചട്ട ലംഘനത്തിന് സിറാജിന് മാച്ച് ഫീയുടെ 20 ശതമാനം പിഴയും ഹെഡ്ഡിന് താക്കീതും നൽകി. കഴിഞ്ഞ 24 മാസത്തിനിടെ സംഭവിച്ച ആദ്യ തെറ്റായതിനാലാണ് ഇരുവരും മത്സരവിലക്കില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. ഇരുവര്‍ക്കും ഓരോ ഡീമെറിറ്റ് പോയന്റും വിധിച്ചു. പിങ്ക് ബാൾ ടെസ്റ്റിൽ സെഞ്ച്വറി നേടി ഇന്ത്യൻ പ്രതീക്ഷകൾ തകർത്ത ട്രാവിസ് ഹെഡ്ഡ് സിറാജിന്‍റെ പന്തിൽ ബൗൾഡായതിനു പിന്നാലെയായിരുന്നു വിവാദ സംഭവങ്ങളുടെ തുടക്കം. ഹെഡ്ഡിനോട് കയറിപ്പോകാനുള്ള ആംഗ്യം കാണിച്ചാണ് സിറാജ് വിക്കറ്റ് നേട്ടം ആഘോഷിച്ചത്.

പിന്നാലെ ഹെഡ്ഡും പ്രതികരിക്കുന്നുണ്ട്. രൂക്ഷമായിട്ടായിരുന്നു സിറാജിന്റെ പ്രതികരണമെന്ന് വിഡിയിയോൽ കാണാം. വിക്കറ്റിനു തൊട്ടുമുമ്പത്തെ പന്തില്‍ സിറാജിനെ ഹെഡ്ഡ് സിക്‌സ് പറത്തിയിരുന്നു. മത്സര ശേഷം പരസ്പരം കെട്ടിപ്പിടിച്ച് സിറാജും ഹെഡ്ഡും കളത്തിലെ പോര് അവസാനിപ്പിച്ചെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ, മികച്ച പന്താണെന്നാണ് പറഞ്ഞതെന്ന ഹെഡ്ഡിന്റെ വാക്കുകള്‍ കള്ളമാണെന്നും താരം തന്നെ അധിക്ഷേപിച്ചെന്നും സിറാജ് പിന്നീട് പ്രതികരിച്ചതോടെ സംഭവം മറ്റൊരുതരത്തിലേക്ക് നീങ്ങി. ഐ.സി.സി ഇടപെട്ടതോടെയാണ് വിവാദം കെട്ടടങ്ങിയത്. ചൊവ്വാഴ്ച മൂന്നാം ടെസ്റ്റിനുള്ള തയാറെടുപ്പിന്‍റെ ഭാഗമായി നെറ്റ്സിൽ പരിശീലനം നടത്തുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് രസകരമായാണ് സിറാജ് പ്രതികരിച്ചത്.

ഐ.സി.സിയുടെ പിഴയുമായി ബന്ധപ്പെട്ട ചോദ്യത്തിന് ‘എല്ലാം നല്ലതാണെ’ന്നായിരുന്നു താരം നൽകിയ മറുപടി. നിരാശയുണ്ടോയെന്ന് വീണ്ടും മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, താൻ ഇപ്പോൾ ജിമ്മിലേക്ക് പോകുകയാണെന്നായിരുന്നു പ്രതികരണം. വിവാദം മറന്ന് മൂന്നാം ടെസ്റ്റിനുള്ള തയാറെടുപ്പ് നടത്തുകയാണ് താരം. ഡിസംബര്‍ 14ന് ഗാബയിലെ ബ്രിസ്ബെയ്നിലാണ് മത്സരം. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ നിലവിൽ ഇരുടീമുകളും ഓരോ ടെസ്റ്റ് വീതം ജയിച്ച് ഒപ്പത്തിനൊപ്പമാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഉറപ്പിക്കാൻ ഇന്ത്യക്കും ആസ്ട്രേലിയക്കും ഇനിയുള്ള മത്സരങ്ങൾ നിർണായകമാണ്. ബാക്കിയുള്ള മൂന്നു ടെസ്റ്റുകളും ജയിച്ചാൽ മാത്രമേ ഇന്ത്യക്ക് നേരിട്ട് ഫൈനൽ ഉറപ്പിക്കാനാകു.

Tags:    
News Summary - Mohammed Siraj Breaks Silence On ICC Punishment For Travis Head Send-Off Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.