‘അശ്വമേധം ഇനിയില്ല’; അശ്വിൻ ഇന്ത്യയുടെ ക്രൈസിസ് മാനേജർ; വിരമിക്കൽ അപ്രതീക്ഷിതം...

ബ്രിസ്ബെയ്ൻ: ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡുമായാണ് രവിചന്ദ്രൻ അശ്വിന്‍റെ പടിയിറക്കം. ആരാധകരെ ഞെട്ടിച്ച് അപ്രതീക്ഷിതമായാണ് ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിൽനിന്നും താരം വിരമിക്കൽ പ്രഖ്യാപിച്ചത്.

പതിനാല് വർഷം നീണ്ട സംഭവ ബഹുലമായ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിനാണ് ഇതോടെ വിരാമമായത്. മികച്ച ഒരു ഓൾ റൗണ്ടറായിരുന്നു. ഓഫ് സ്പിൻ ബൗളിങ്ങിനു പുറമെ, വാലറ്റത്ത് ബാറ്റുകൊണ്ടും പലപ്പോഴും താരം ഇന്ത്യയുടെ രക്ഷക്കെത്തി. 106 ടെസ്റ്റുകളിൽനിന്ന് 537 വിക്കറ്റുകളാണ് അശ്വിൻ നേടിയത്. ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരിൽ ഏഴാമനാണ് അശ്വിൻ. ഇന്ത്യൻ താരങ്ങളിൽ 132 ടെസ്റ്റുകളിൽനിന്ന് 619 വിക്കറ്റ് വീഴ്ത്തിയ അനിൽ കുംബ്ലെ മാത്രമാണ് അശ്വിനു മുന്നിലുള്ളത്.

ടെസ്റ്റിൽ ആറു സെഞ്ച്വറികളും 14 അർധ സെഞ്ച്വറികളും സഹിതം 3503 റൺസാണ് സമ്പാദ്യം. ഒരേ ടെസ്റ്റിൽ കൂടുതൽ സെഞ്ച്വറികളും അഞ്ച് വിക്കറ്റും നേടിയ താരങ്ങളിൽ രണ്ടാമനാണ്. നാലു തവണ ഈ നേട്ടം കൈവരിച്ചു. അഞ്ചു തവണ ഈ നേട്ടം സ്വന്തമാക്കിയ ഇംഗ്ലിഷ് ഓൾറൗണ്ടർ ഇയാൻ ബോതം മാത്രമാണ് താരത്തിനു മുന്നിലുള്ളത്. നിലവിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഇടങ്കൈയന്മാരെ പുറത്താക്കിയ റെക്കോഡ് അശ്വിന്‍റെ പേരിലാണ്. 268 തവണയാണ് ലെഫ്റ്റ് ഹാൻഡ് ബാറ്റർമാർ അശ്വിനു മുന്നിൽ വീണത്.

2011 നവംബർ ആറിന് ഡൽഹിയിൽ വെസ്റ്റിൻഡീസിനെതിരായാണ് താരം ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നത്. 41 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ കളിച്ച താരം, 195 വിക്കറ്റുകൾ നേടി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമാണ്. 2010 ജൂൺ 12ന് ഇന്ത്യക്കായി ആദ്യ ട്വന്‍റി20 മത്സരം കളിച്ചു. 65 ട്വന്‍റി20 മത്സരങ്ങളിൽനിന്നായി 72 വിക്കറ്റുകൾ നേടി. ടെസ്റ്റിൽ 37 തവണ അഞ്ചു വിക്കറ്റ് നേട്ടം കരസ്ഥമാക്കി. ടെസ്റ്റിൽ ഒരു ഇന്ത്യൻ ബൗളറുടെ റെക്കോഡാണിത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ മുൻ ശ്രീലങ്കൻ സ്പിന്നർ മുത്തയ്യ മുരളീധരൻ മാത്രമാണ് (67) ഈ കണക്കിൽ താരത്തിനു മുന്നിലുള്ളത്.

ഇന്ത്യയുടെ ലോകകപ്പ് ടീമിലും 2011, 2013 വര്‍ഷങ്ങളിലെ ചാമ്പ്യന്‍സ് ട്രോഫി കിരീടനേട്ടത്തിലും അശ്വിനുണ്ടായിരുന്നു. 2015ല്‍ ഇന്ത്യ അര്‍ജുന അവാര്‍ഡ് നല്‍കി ആദരിച്ചു. 2016ല്‍ ഐ.സി.സിയുടെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റര്‍, പുരുഷ ടെസ്റ്റ് ക്രിക്കറ്റര്‍ അവാര്‍ഡുകളും അശ്വിനെ തേടിയെത്തി. 2011 മുതല്‍ 2020 വരെയുള്ള ദശാബ്ദത്തിലെ ഐ.സി.സി തെരഞ്ഞെടുത്ത ടെസ്റ്റ് ടീമിലും അശ്വിനുണ്ടായിരുന്നു. ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്‍റെ താരമാണ്. രാജസ്ഥാൻ റോയൽസ് റിലീസ് ചെയ്ത താരത്തെ ഇത്തവണ മെഗാ ലേലത്തിൽ 9.75 കോടി രൂപക്കാണ് ചെന്നൈ ടീമിൽ എടുത്തത്.

‘രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യൻ താരമെന്ന നിലയിൽ എന്റെ അവസാന ദിനമാണ് ഇന്ന്. എന്റെ ഉള്ളിലെ ക്രിക്കറ്റ് താരം ഇപ്പോഴും ബാക്കിയുണ്ടെന്ന് എനിക്കറിയാം. അത് ക്ലബ് തലത്തിൽ തുടരും’ -മത്സരശേഷം രോഹിത്തിനൊപ്പം മാധ്യമങ്ങളെ കണ്ട അശ്വിൻ പറഞ്ഞു. രോഹിത് ശർമ ഉൾപ്പെടെയുള്ള താരങ്ങൾക്കൊപ്പം എക്കാലവും മനസ്സിൽ തങ്ങിനിൽക്കുന്ന ഒട്ടേറെ മുഹൂർത്തങ്ങളുണ്ട്. ഒട്ടേറെപ്പേർക്ക് നന്ദി പറയേണ്ടതുണ്ട്. ബി.സി.സി.ഐക്കും സഹതാരങ്ങൾക്കും നന്ദി പറയേണ്ടത് ഈ ഘട്ടത്തിൽ അനിവാര്യമാണ്. രോഹിത്, കോഹ്ലി, രഹാനെ, പൂജാര തുടങ്ങിയവരാണ് മികച്ച ക്യാച്ചുകളിലൂടെ എന്റെ പേരിലുള്ള വിക്കറ്റുകളിൽ ഏറെയും സമ്മാനിച്ചതെന്നും അശ്വിൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Spin Legend R Ashwin Announces Retirement From International Cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.