അഞ്ച് വിക്കറ്റുമായി വെല്ലാലഗെ; ലങ്കക്കെതിരെ ഇന്ത്യക്ക് വമ്പൻ തോൽവി

കൊളംബോ: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് ദയനീയ പരാജയം. 249 റൺസ് വിജ‍യലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയെ ലങ്കൻ ബോളർമാർ 138 റൺസിൽ തളച്ചു. 110 റൺസിനാണ് ഇന്ത്യയുടെ പരാജയം. 5.1 ഓവറിൽ 27 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് പിഴുത ദുനിത് വെല്ലാലഗെയാണ് ഇന്ത്യൻ ബാറ്റിങ്നിരയുടെ നടുവൊടിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ (35), വിരാട് കോലി (20), റിയാൻ പരാഗ് (15), വാഷിങ്ടൺ സുന്ദർ (30) എന്നിവർക്കു മാത്രമാണ് രണ്ടക്കം കടക്കാനായത്. സ്കോർ: ശ്രീലങ്ക - 50 ഓവറിൽ ഏഴിന് 248, ഇന്ത്യ - 26.1 ഓവറിൽ 138ന് പുറത്ത്.

പ്രതീക്ഷയോടെ കളത്തിലെത്തിയ ശുഭ്മൻ ഗിൽ (6), ഋഷഭ് പന്ത് (6), ശ്രേയസ് അയ്യർ (8), ശിവം ദുബെ (9) എന്നിവരെല്ലാം പരാജയപ്പെടുന്ന കാഴ്ചയാണ് മൂന്നാം ഏകദിനത്തിലുണ്ടായത്. അവസാനം കളിച്ച ഏകദിന പരമ്പരയിൽ സെഞ്ച്വറി കണ്ടെത്തിയ മലയാളി താരം സഞ്ജു സാംസണെ മാറ്റിനിർത്തിയാണ് പന്തിനും ദുബെക്കുമുൾപ്പെടെ അവസരമൊരുക്കിത്. ബി.സി.സി.ഐയുടെ ഈ തീരുമാനം വിമർശനം ക്ഷണിച്ചുവരുത്തും. അക്ഷർ പട്ടേൽ (2), കുൽദീപ് യാദവ് (6), മുഹമ്മദ് സിറാജ് (0*) എന്നിങ്ങനെയാണ് മറ്റ് ബാറ്റർമാരുടെ സ്കോർ.

ടി20 ലോകകപ്പ് ജയിച്ചെത്തിയ രോഹിത് ശർമയും സംഘവും ഏകദിന പരമ്പര പൂർണമായും കൈവിട്ടു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം സമനിലയിലായപ്പോൾ, അടുത്ത രണ്ട് മത്സരങ്ങളും ശ്രീലങ്ക പിടിച്ചെടുത്തു. 27 വർഷത്തിന് ശേഷമാണ് ശ്രീലങ്ക ഇന്ത്യക്കെതിരെ പരമ്പര വിജയിക്കുന്നത്. നായകൻ രോഹിത് ശർമയൊഴികെ ഇന്ത്യൻ നിരയിൽ മറ്റു ബാറ്റർമാർക്കൊന്നും പരമ്പരയിൽ ഫോം കണ്ടെത്താനായില്ല. പുതിയ കോച്ച് ഗൗതം ഗംഭീറിനൊപ്പം ടീം ഇന്ത്യ ഇറങ്ങിയ ആദ്യ പരമ്പരയിൽ വൻ തിരിച്ചടിയേറ്റത് വരുംനാളുകളിൽ ചർച്ചയായേക്കും.

ഫെർണാണ്ടോയു​ടെ ചിറകിലേറി ലങ്ക

സെഞ്ച്വറിക്കരികെ മടങ്ങിയ ഓപണർ അവിഷ്‍ക ഫെർണാണ്ടോയു​ടെ ബാറ്റിങ് മികവിലാണ് ശ്രീലങ്ക മികച്ച സ്കോർ കണ്ടെത്തിയത്. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ആതിഥേയർ 248 റൺസിലെത്തിയത്. ഇന്ത്യൻ ബൗളർമാരിൽ മൂന്ന് വിക്കറ്റുമായി റിയാൻ പരാഗ് മികച്ചുനിന്നു. ​കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന നിർണായക പോരാട്ടത്തിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം വിക്കറ്റിൽ അവിഷ്‍ക ഫെർണാണ്ടോയും പതും നിസ്സങ്കയും ചേർന്ന് മികച്ച തുടക്കമാണ് ആതിഥേയർക്ക് നൽകിയത്. 102 പന്ത് നേരിട്ട് രണ്ട് സിക്സും ഒമ്പത് ഫോറുമടക്കം 96 റൺസാണ് ഫെർണാണ്ടോ നേടിയത്.

ലങ്കൻ ക്യാപ്റ്റൻ ചരിത് അസലങ്ക (10), സദീര സമരവിക്രമ (0), ജാനിത് ലിയാനഗെ (8), ദുനിത് വെല്ലാലഗെ (2) എന്നിവർ കാര്യമായ സംഭാവന നൽകാതെ മടങ്ങി. ഒരറ്റത്ത് പിടിച്ചുനിന്ന കുശാൽ മെൻഡിസാണ് (82 പന്തിൽ 59) സ്കോർ 250നടുത്തെത്തിച്ചത്. കമിന്ദു മെൻഡിസും (23) മഹീഷ് തീക്ഷണയും (3) പുറത്താകാതെനിന്നു. ഇന്ത്യക്കായി റയാൻ പരാഗ് ഒമ്പതോവറിൽ 54 റൺസ് വഴങ്ങി മൂന്നുപേരെ മടക്കിയപ്പോൾ മുഹമ്മദ് സിറാജ്, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

Tags:    
News Summary - India vs Sri Lanka 3rd ODI, India lost series after 27 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.