‘ആരാധികയുടെ പ്രേമലേഖനം’; വിരമിക്കൽ പ്രഖ്യാപിച്ച അശ്വിന് ഹൃദയഹാരിയായ കുറിപ്പുമായി ഭാര്യ പ്രീതി

ഇന്ത്യയും ആസ്‌ട്രേലിയയും തമ്മിലുള്ള ബ്രിസ്‌ബേൻ ടെസ്റ്റ് സമനിലയിൽ അവസാനിച്ചതിന് പിന്നാലെ ബുധനാഴ്ചയാണ് സ്പിൻ ഇതിഹാസം ആർ.അശ്വിൻ ക്യാപ്റ്റൻ രോഹിത് ശർമക്കൊപ്പം വാർത്താ സമ്മേളനത്തിനെത്തി വിരമിക്കൽ പ്രഖ്യാപിച്ചത്. ഡ്രസ്സിങ് റൂമിൽ വിരാട് കോഹ്‌ലിക്കൊപ്പമുള്ള അശ്വിന്‍റെ വൈകാരിക നിമിഷം ക്യാമറകളിലൊന്നിൽ പതിഞ്ഞതോടെ താരം വിരമിക്കുകയാണെന്ന സൂചനകൾ പുറത്തുവന്നിരുന്നു. അശ്വിന്‍റെ പെട്ടെന്നുള്ള വിരമിക്കൽ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചെങ്കിലും, പിന്നീട് താരത്തിന് ആശംസയറിയിച്ച് നിരവധിപേർ രംഗത്തുവന്നിരുന്നു. ഇപ്പോൾ അശ്വിന്‍റെ ഭാര്യ പ്രീതി നാരായണൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പും വൈറലായിരിക്കുകയാണ്.

“രണ്ടു ദിവസമായി എന്‍റെ ചിന്തകൾ അവ്യക്തമായിരുന്നു. എന്താണ് പറയേണ്ടത് എന്ന് ഞാൻ ചിന്തിച്ചു കൊണ്ടിരിക്കുകയായിരുന്നു.. എന്‍റെ എക്കാലത്തെയും പ്രിയപ്പെട്ട ക്രിക്കറ്റ് താരത്തോടുള്ള ആദരസൂചകമായി ഞാൻ ഇത് എഴുതണോ? അതോ ജീവിത പങ്കാളിയുടെ കുറിപ്പ് എന്ന നിലയിൽ വേണോ? അതുമല്ലെങ്കിൽ ഒരു ആരാധികയുടെ പ്രണയലേഖനമാണോ -എല്ലാം ഉൾക്കൊള്ളുന്ന എഴുത്താണിത്” - പ്രീതി ഇൻസ്റ്റാഗ്രാമിലെ കുറിപ്പ് ആരംഭിക്കുന്നത് ഇങ്ങനെയാണ്.

“കഴിഞ്ഞ 13-14 വർഷത്തിനിടയിൽ അശ്വിനൊപ്പം ഒരുപാട് നല്ല ഓർമകളുണ്ട്. വലിയ വിജയങ്ങൾ, മാൻ ഓഫ് ദ സീരീസ് അവാർഡുകൾ, വാശിയേറിയ മത്സരങ്ങൾക്കുശേഷം ഞങ്ങളുടെ മുറിയിലുണ്ടാകുന്ന നിശബ്ദ, ചില വൈകുന്നേരങ്ങളിൽ മത്സരത്തിനു ശേഷം പതിവിലും കൂടുതൽ സമയമുണ്ടാകുന്ന ഷവറിന്‍റെ ശബ്ദം, ഓരോ മത്സരത്തിനു പുറപ്പെടുന്നതിന് മുമ്പുള്ള ധ്യാനത്തിന്‍റെ ശാന്തത, വിശ്രമ വേളയിൽ ആവർത്തിക്കുന്ന ഗാനങ്ങൾ... ഞങ്ങൾ സന്തോഷത്താൽ കരഞ്ഞ സമയങ്ങൾ - ചാമ്പ്യൻസ് ട്രോഫി ഫൈനൽ, മെൽബണിലെ വിജയം, സിഡ്‌നിയിലെ സമനില, ഗാബയിലെ ജയം, ടി20യിൽ ഒരു തിരിച്ചുവരവ് നടത്തിയതിന് ശേഷം... ഞങ്ങൾ നിശബ്ദരായി ഇരുന്ന സമയങ്ങളും ഞങ്ങളുടെ ഹൃദയം തകർന്ന സമയങ്ങളും എല്ലാം മനസ്സിലേക്ക് ഓടിയെത്തുന്നു.

അശ്വിൻ ഭാര്യ പ്രീതിക്കൊപ്പം

പ്രിയപ്പെട്ട അശ്വിൻ, ഒരു കിറ്റ് എങ്ങനെ വയ്ക്കണമെന്ന് അറിയാത്തത് മുതൽ ലോകമെമ്പാടുമുള്ള സ്റ്റേഡിയങ്ങളിൽ നിങ്ങളെ പിന്തുടരുന്നത് വരെ, നിങ്ങൾക്കായി വേരുറപ്പിച്ചതും, നിങ്ങളെ കാണുന്നതും, നിങ്ങളിൽനിന്ന് പഠിക്കുന്നതും, എല്ലാം തികഞ്ഞ സന്തോഷമാണ് നൽകുന്നത്. ഞാൻ ഇഷ്ടപ്പെടുന്ന ഒരു സ്‌പോർട്‌സ് അടുത്ത് നിന്ന് കാണാനും ആസ്വദിക്കാനുമുള്ള അവസരം നിങ്ങളെനിക്കായി ഒരുക്കി. എപ്പോഴും മുൻനിരയിൽ നിൽക്കാൻ എത്രമാത്രം അഭിനിവേശവും കഠിനാധ്വാനവും അച്ചടക്കവും ആവശ്യമാണെന്ന് എനിക്ക് കാണിച്ചുതന്നു.

പുസ്കാരങ്ങൾ, മികച്ച സ്റ്റാറ്റിസ്റ്റിക്സ്, മാൻ ഓഫ് ദ മാച്ച്, അംഗീകാരങ്ങൾ, റെക്കോർഡുകൾ എന്നിവയെല്ലാം ഉണ്ടായാലും കഠിനാധ്വാനം ചെയ്യാതെ വെറുതെ ഇരുന്നിട്ട് കാര്യമില്ല. ചിലപ്പോൾ ഒന്നും മതിയാകില്ല. അന്താരാഷ്ട കരിയർ അവസാനിപ്പിക്കുമ്പോൾ, എല്ലാം നല്ലതെന്ന് മാത്രമേ ഞാൻ പറയാൻ ആഗ്രഹിക്കുന്നുള്ളൂ. ഇനി ഒന്നും ചെയ്യാതിരിക്കാൻ സമയം കണ്ടെത്തൂ. കുടുംബത്തിനും കുട്ടികൾക്കുമൊപ്പം കൂടുതൽ സമയം പങ്കിടൂ” -പ്രീതി കുറിച്ചു.

അതേസമയം തികച്ചും ലളിതമായ വിരമിക്കൽ പ്രഖ്യാപനമായിരുന്നു അശ്വിന്‍റേത്. “അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ ഇത് എന്‍റെ അവസാന ദിവസമാണ്. ക്രിക്കറ്റ് ഞാൻ ഒരുപാട് ആസ്വദിച്ചു. ഒപ്പം ഒരുപാട് നല്ല ഓർമകളും സൃഷ്ടിച്ചിട്ടുണ്ട്. രോഹിത്തിനും മറ്റ് സഹതാരങ്ങൾക്കുമൊപ്പം ഒരുപാട് നല്ല ഓർമകളുണ്ട്” -എന്നിങ്ങനെയായിരുന്നു വാർത്താ സമ്മേളനത്തിൽ അശ്വിന്‍റെ വാക്കുകൾ. ടെസ്റ്റ് കരിയറിൽ 11 തവണ പ്ലെയർ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ട താരമാണ് അശ്വിൻ. അനിൽ കുംബ്ലെക്ക് പിന്നിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനാണ്.

Tags:    
News Summary - 'Love Letter From A Fan Girl': Ravichandran Ashwin's Wife Pens Heartfelt Note As Team India Star Announces Shock Retirement; Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.