തലശ്ശേരി: ആസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ എ ടീമിന്റെ ഫീൽഡിങ് പരിശീലകനായി തലശ്ശേരിക്കാരനായ ഒ.വി. മസർ മൊയ്തു തെരഞ്ഞെടുക്കപ്പെട്ടു. ആസ്ട്രേലിയ എയുമായി രണ്ട് ചതുർദിന മത്സരങ്ങളും ഇന്ത്യൻ സീനിയർ ടീമുമായി ഒരു ചതുർദിന മത്സരവും ഇന്ത്യൻ എ ടീം കളിക്കും. മക്കായ്, മെൽബൺ, പെർത്ത് എന്നിവിടങ്ങളിലാണ് ടീമിന്റെ മത്സരങ്ങൾ.
റിതുരാജ് ഗെയ്ക്കവാദാണ് ഇന്ത്യൻ എ ടീം ക്യാപ്റ്റൻ. 25ന് ടീം ആസ്ട്രേലിയയിലേക്ക് തിരിക്കും. ബി.സി.സി.ഐ ലെവൽ ബി പരിശീലകനായ മസർ മൊയ്തു ദുലീപ് ട്രോഫിയിൽ ഇന്ത്യ ‘ഡി’ ടീമിന്റെ ഫീൽഡിങ് പരിശീലകനായും 2024 ഏപ്രിൽ, മേയ് മാസങ്ങളിൽ ആന്ധ്രാപ്രദേശിലെ അനന്ത്പൂരിൽ നടന്ന നാഷനൽ ക്രിക്കറ്റ് അക്കാദമിയുടെ 15 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ഹൈ പെർഫോർമൻസ് ക്യാമ്പിലും 2022, 2023 വർഷങ്ങളിൽ നാഷനൽ ക്രിക്കറ്റ് അക്കാദമിയുടെ 19 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ എൻ.സി.എ ക്യാമ്പിലും ഫീൽഡിങ് പരിശീലകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2018-19 സീസണിൽ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയിൽ സെമി ഫൈനലിൽ പ്രവേശിച്ച കേരള ടീമിന്റെയും 2017-18 സീസണിൽ രഞ്ജി ട്രോഫിയിൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച കേരള ടീമിന്റെയും സഹപരിശീലകനായിരുന്നു. നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽനിന്ന് ഫീൽഡിങ് വിഭാഗത്തിൽ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ കേരള ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു മസർ. 2012-13 ൽ കേരള ക്രിക്കറ്റ് അസോസിയേഷന്റെ മികച്ച അക്കാദമി പരിശീലകനുള്ള അവാർഡ് നേടി. കണ്ണൂർ സർവകലാശാല ടീം ക്യാപ്റ്റനായിരുന്നു. തലശ്ശേരി ചേറ്റംകുന്ന് ഗസലിൽ ടി.സി.എ. മൊയ്തുവിന്റെയും ഒ.വി. ഷൈലയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.