ന്യൂസിലാൻഡിനെതിരെയുള്ള സർഫറാസ് ഖാന്‍റെ മാസ്മരിക പ്രകടനത്തിന് പിന്നാലെ പഴയ വീഡിയോ പങ്കുവെച്ച് ബി.സി.സി.ഐ. മത്സരം നടക്കുന്ന ചിന്നസ്വാമി ഗ്രൗണ്ടിൽ വെച്ച് സർഫറാസിനെ വിരാട് കോഹ്ലി കൈകൂപ്പി നമസ്കരിക്കുന്ന വീഡിയോയാണ് ബി.സി.സി.ഐ പങ്കുവെച്ചത്. ഒമ്പത് വർഷം മുമ്പ് ചിന്നസ്വാമി ഗ്രൗണ്ടിൽ നടന്നതും നിലവിൽ അടിച്ച സെഞ്ച്വറിയുമാണ് ബി.സി.സി.ഐ പങ്കുവെച്ചത്.
ഒമ്പത് വർഷം മുമ്പുള്ള സർഫറാസിന്‍റെ ഐ.പി.എൽ മത്സരത്തിലെ ബാറ്റിങ്ങിന് ശേഷം വിരാട് കോഹ്ലി അദ്ദേഹത്തെ കൈകൂപ്പിയിരുന്നു. അന്ന് റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ താരമായിരുന്നു സർഫറാസ് ഖാൻ.അന്ന് ഐ.പി.എൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് സർഫറാസ്. 17 വയസ് മാത്രമായിരുന്നു അപ്പോഴത്തെ സർഫറാസിന്‍റെ പ്രായം. രാജസ്ഥാനെതിരെയുള്ള മത്സരത്തിൽ തന്‍റെ രണ്ടാം ഇന്നിങ്സിൽ 21 പന്ത് നേരിട്ട് വെടിക്കെട്ട് നടത്തിയ സർഫറാസ് പുറത്താകാതെ 45 റൺസ് സ്വന്തമാക്കിയിരുന്നു. അതിന് ശേഷമാണ് വിരാട് കോഹ്ലി സർഫറാസിനെ കൈകൂപ്പി നിന്നത്.
ഇന്ന് താരം സെഞ്ച്വറി നേടിയതും ഇതേ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെച്ചാണ്. തന്‍റെ സെഞ്ച്വറിക്ക് ശേഷം ഗ്രൗണ്ടിന് ചുറ്റും സർഫറാസ് ഓടുകയായിരുന്നു. 110 പന്തിലാണ് താരം ശതകം പൂർത്തിയാക്കിയത്. കാണികളും ഇന്ത്യൻ ഡ്രസിങ് റൂമും ഒരുപോലെ സർഫറാസിന്‍റെ ഇന്നിങ്സിെ ആഘോഷിച്ചിരുന്നു.
Familiar venue 🏟️
— BCCI (@BCCI) October 19, 2024
Familiar faces ☺️
Familiar feels 👏
Different years 🗓️#TeamIndia | #INDvNZ | @IDFCFIRSTBank pic.twitter.com/W3P8126Lv6
ഇന്ത്യ-ന്യൂസിലാൻഡ് മത്സരത്തിൽ സർഫറാസ് തന്‍റെ കന്നി സെഞ്ച്വറിയാണ് തികച്ചത്. ആഭ്യന്തര ക്രിക്കറ്റിലെ വർഷങ്ങളായുള്ള മികച്ച പ്രകടനത്തിന് ശേഷമാണ് അദ്ദേഹത്തിന് ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചത്. നിലവിൽ മഴ കാരണം വൈകുന്ന മത്സരത്തിൽ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 344 റൺസ് നേടിയിട്ടുണ്ട്. ആദ്യ ഇന്നിങ്സിൽ 46 റൺസിന് പുറത്തായ ഇന്ത്യയുടെ മികച്ച തിരിച്ചുവരവാണ് രണ്ടാം ഇന്നിങ്സിൽ കാണാൻ സാധിച്ചത്. ന്യൂസിലാൻഡ് ആദ്യ ഇന്നിങ്സിൽ 402 റൺസ് സ്വന്തമാക്കിയിരുന്നു. നിലവിൽ 12 റൺസിന് പുറകിലായ ഇന്ത്യക്ക് വേണ്ടി 125 റൺസുമായി സർഫറാസ് ഖാനും 53 റൺസുമായി ഋഷഭ് പന്തുമാണ് ക്രീസിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.