ദുബൈ: വനിത ട്വന്റി20 ലോകകപ്പ് കലാശപ്പോരിൽ ന്യൂസിലൻഡ്- ദക്ഷിണാഫ്രിക്ക മുഖാമുഖം. ഇതുവരെയും കപ്പുയർത്താത്ത രണ്ട് ടീമുകളിൽ ഒരാൾ ആദ്യമായി ജേതാവാകുന്ന അപൂർവതക്ക് വേദിയൊരുക്കിയാകും ദുബൈയിലെ ഫൈനൽ പോരാട്ടം.
2000ത്തിൽ ന്യൂസിലൻഡ് വനിത ഏകദിന ലോകകപ്പ് നേടിയതാണ് ഏക മാറ്റം. സോഫി ഡെവിൻ, അമേലിയ കെർ, സൂസി ബെയിറ്റ്സ് എന്നിവർ നയിക്കുന്ന സുവർണ തലമുറയാണ് ന്യൂസിലൻഡിനെ കിരീടത്തിന് ഒരു ചുവട് അരികെയെത്തിച്ചതെങ്കിൽ ലോറ വുൾവാർഡ്റ്റ്- തസ്മിൻ ബ്രിറ്റ്സ് ഓപണിങ് കൂട്ടുകെട്ടാണ് പ്രോട്ടീസ് നിരയിലെ തുറുപ്പുചീട്ട്. 35കാരിയായ ഡെവിൻ 7000 റൺസും ബേറ്റ്സ് 10,000 റൺസും നേടി ബാറ്റിങ്ങിൽ സ്വപ്നക്കുതിപ്പ് നടത്തുന്നവരാണ്. കിവി പേസർ തഹൂഹുവും മികച്ച ഫോമിലാണ്. ടൂർണമെന്റിലെ ബാറ്റർമാരുടെ പട്ടികയിൽ ബഹുദൂരം മുന്നിൽനിൽക്കുന്നവരാണ് ദക്ഷിണാഫ്രിക്കൻ ഓപണർമാർ.
ടീം പ്രകടനം നോക്കിയാൽ ദക്ഷിണാഫ്രിക്കക്ക് ഒരു പണത്തൂക്കം മേൽക്കൈ അവകാശപ്പെടാം. നിലവിലെ ചാമ്പ്യന്മാരായ ആസ്ട്രേലിയയെ എട്ടു വിക്കറ്റിന് ആധികാരികമായി കടന്നാണ് ടീം ഫൈനലിലെത്തിയത്. അതേ ആസ്ട്രേലിയയോട് 60 റൺസിന് ഒരിക്കൽ പരാജയം രുചിച്ച ശേഷം ഉജ്ജ്വല തിരിച്ചുവരവുമായി ഇവിടം വരെയെത്തിയാണ് കിവികൾ ഫൈനൽ കളിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.