കറാച്ചി: 2025 ഫെബ്രുവരി മുതൽ പാകിസ്താനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ കളിക്കാൻ ഇന്ത്യക്ക് മുമ്പിൽ പുതിയ ഫോർമുലയുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. പാകിസ്താനിൽ കളിക്കാൻ ഇന്ത്യ തയാറാവാത്തതിനെ തുടർന്നാണ് ബി.സി.സി.ഐക്ക് മുമ്പിൽ പുതിയ നിർദേശവുമായി എത്തിയത്. സുരക്ഷ പ്രശ്നങ്ങളാൽ പാകിസ്താനിൽ കഴിയാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ടീം ഡൽഹിയിലോ ചണ്ഡിഗഢിലോ മൊഹാലിയിലോ താമസിക്കുകയും മത്സരദിവസം ചാർട്ടർ ചെയ്ത വിമാനത്തിൽ പാകിസ്താനിലെത്തി കളിച്ച് തിരിച്ചുപോവുകയും ചെയ്യാമെന്നാണ് പി.സി.ബി പറയുന്നത്. ഇതുസംബന്ധിച്ച് സംസാരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ഔദ്യോഗികമായി ഇന്ത്യക്ക് കത്തയച്ചിട്ടില്ലെന്നും പാകിസ്താൻ ക്രിക്കറ്റ് വൃത്തങ്ങൾ പറയുന്നു.
2025 ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പത് വരെയാണ് ചാമ്പ്യൻസ് ട്രോഫി നടക്കുന്നത്. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയും 23ന് പാകിസ്താനെതിരെയും മാർച്ച് രണ്ടിന് ന്യൂസിലാൻഡിനെതിരെയുമാണ് ഇന്ത്യയുടെ പ്രാഥമികഘട്ട മത്സരങ്ങൾ. ടൂർണമെന്റ് പാകിസ്താനിൽനിന്ന് മാറ്റണമെന്ന ആവശ്യവുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെയാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പുതിയ നിർദേശം പങ്കുവെച്ചത്. അതേസമയം, ഇന്ത്യ കളിച്ചാലും ഇല്ലെങ്കിലും ഫൈനൽ ലാഹോറിൽ നടക്കുമെന്നും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അധികൃതർ അറിയിച്ചു.
പാകിസ്താനിൽ കളിക്കാനുള്ള വിമുഖത ഇന്ത്യ അറിയിച്ചതോടെ ടൂർണമെന്റ് ഹൈബ്രിഡ് രീതിയിൽ നടത്തുന്നതിനെ കുറിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ആലോചിച്ചിരുന്നു. ദുബൈയിലോ ശ്രീലങ്കയിലോ ചില മത്സരങ്ങൾ നടത്താനാണ് ആലോചന. 2008ലാണ് ഇന്ത്യ അവസാനമായി പാകിസ്താനിൽ കളിക്കാനെത്തിയത്. ഇന്ത്യൻ ടീം ചാമ്പ്യൻസ് ട്രോഫിക്കായി പാകിസ്താനിലേക്ക് വരണമെന്നും അവരെ പ്രൗഢമായി സ്വീകരിക്കാൻ രാജ്യം ഒരുക്കമാണെന്നുമുള്ള രീതിയിൽ മുൻ താരങ്ങളായ വസീം അക്രം, ഷാഹിദ് അഫ്രീദി, ഷുഐബ് മാലിക് ഉൾപ്പെടെയുള്ളവർ പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.