വനിത പ്രീമിയർ ലീഗിൽ മുംബൈക്ക് രണ്ടാം കിരീടം; കലാശപ്പോരിൽ വീണ്ടും കളി മറന്ന് ഡൽഹി

മുംബൈ: വനിതാ പ്രീമിയർ ലീഗിൽ, മുംബൈ ഇന്ത്യൻസിന് രണ്ടാം കിരീടം. ഇന്ത്യൻ നായിക ഹർമൻപ്രീത് കൗറിന്‍റെ നേതൃത്വത്തിലിറങ്ങിയ മുംബൈ ടീം എട്ട് റൺസിനാണ് ആവേശം നിറഞ്ഞ കലാശപ്പോരിൽ ജയം പിടിച്ചത്. ആദ്യ സീസണിലും മുംബൈ ആയിരുന്നു ജേതാക്കൾ. തുടർച്ചയായ മൂന്നാം സീസണിലും ഫൈനലിലെത്തിയ ഡൽഹി ക്യാപിറ്റൽസ് ഇത്തവണയും തോൽവിയിലേക്ക് വഴുതിവീണു. സ്കോർ: മുംബൈ ഇന്ത്യൻസ് - 20 ഓവറിൽ ഏഴിന് 149, ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ ഒമ്പതിന് 141.

17 റൺസ് നേടുന്നതിനിടെ ഓപണർമാരെ നഷ്ടമായ ഡൽഹിക്ക് പാർട്നർഷിപ്പുകൾ പടുത്തുയർത്താൻ കഴിയാതെ വന്നതോടെയാണ് തോൽവി വഴങ്ങേണ്ടിവന്നത്. 26 പന്തിൽ 40 റൺസെടുത്ത മരിസാനെ കാപ്പാണ് അവരുടെ ടോപ് സ്കോറർ. 21 പന്തിൽ 30 റൺസുമായി ജെമീമ റോഡ്രിഗസും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മെഗ് ലാനിങ് (13), ജെസ് ജോനാസൻ (13), നികി പ്രസാദ് (25*) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് ബാറ്റർമാർ. മുംബൈക്കായി നാറ്റ് സിവർ-ബ്രണ്ട് മൂന്ന് വിക്കറ്റുകൾ നേടി. 

ഒറ്റക്ക് പൊരുതി ഹർമൻപ്രീത്

ആദ്യം ബാറ്റുചെയ്ത മുംബൈ, ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്‍റെ അർധ സെഞ്ച്വറിയുടെ (44 പന്തിൽ 66) കരുത്തിലാണ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് നേടിയത്. 30 റൺസ് നേടിയ ഇംഗ്ലിഷ് താരം നടാലിയ സിവർ-ബ്രണ്ട് മാത്രമാണ് ഹർമൻപ്രീതിന് പിന്തുണ നൽകിയത്. ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് മുംബൈ ഇന്ത്യൻസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

സ്കോർ ബോർഡിൽ 14 റൺസ് ചേർക്കുന്നതിനിടെ മുംബൈക്ക് ഓപണർമാരെ നഷ്ടമായി. യാസ്തിക ഭാട്യ എട്ടും ഹയ്‍ലി മാത്യൂസ് മൂന്നും റൺസ് നേടി പുറത്തായി. മൂന്നാം വിക്കറ്റിലൊന്നിച്ച നടാലിയയും ഹർമൻപ്രീതും ചേർന്ന് മുംബൈയെ കരകയറ്റി. ഇരുവരും ചേർന്ന കൂട്ടുകെട്ടിൽ പിറന്ന 89 റൺസ് മുംബൈ ഇന്നിങ്സിന്‍റെ നട്ടെല്ലായി. 15-ാം ഓവറിൽ നടാലിയയെ പുറത്താക്കി ശ്രീചരണിയാണ് ഈ പാർട്നർഷിപ് തകർത്തത്.

പിന്നീട് തുടർച്ചയായി വിക്കറ്റുകൾ വീണതോടെ മുംബൈയുടെ റൺറേറ്റ് കുത്തനെ താഴ്ന്നു. 18-ാം ഓവറിൽ സ്കോർ 118ൽനിൽക്കെ ക്യാപ്റ്റൻ ഹർമൻപ്രീത് വീണു. 44 പന്തിൽ ഒമ്പത് ഫോറും രണ്ട് സിക്സും സഹിതം 66 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. അമേലിയ കെർ (രണ്ട്), സജന സജീവൻ (പൂജ്യം), ജി. കമാലിനി (10), അമൻജോത് കൗർ (14*), സൻസ്കൃതി ഗുപ്ത (എട്ട്*) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോർ.

Tags:    
News Summary - MI Women vs DC Women, WPL Final Updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.