സചിന്‍റെ ഇന്ത്യ മാസ്റ്റേഴ്സ് ലീഗ് ചാമ്പ്യന്മാർ; വെസ്റ്റിൻഡീസിനെ തോൽപിച്ചത് ആറു വിക്കറ്റിന്; റായിഡുവിന് വെടിക്കെട്ട് ഫിഫ്റ്റി (50 പന്തിൽ 74)

റായ്പുർ: ഇന്റർനാഷനൽ മാസ്റ്റേഴ്സ് ലീഗ് ട്വന്റി20 കിരീടം ഇന്ത്യക്ക്. ഫൈനലിൽ ബ്രയാൻ ലാറയുടെ വെസ്റ്റിൻഡീസ് മാസ്റ്റേഴ്സിനെ ആറു വിക്കറ്റിനാണ് സചിൻ തെണ്ടുൽക്കർ നയിച്ച ഇന്ത്യ മാസ്റ്റേഴ്സ് തോൽപിച്ചത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 17.1 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. അമ്പാട്ടി റായിഡുവിന്‍റെ വെടിക്കെട്ട് അർധ സെഞ്ച്വറിയാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്. 50 പന്തിൽ മൂന്നു സിക്സും ഒമ്പതു ഫോറുമടക്കം 74 റൺസെടുത്താണ് താരം പുറത്തായത്. ഒന്നാം വിക്കറ്റിൽ സചിൻ തെണ്ടുൽക്കർക്കൊപ്പം ചേർന്ന് 7.5 ഓവറിൽ 67 റൺസാണ് അടിച്ചെടുത്തത്. സചിൻ 18 പന്തിൽ ഒരു സിക്സും രണ്ടു ഫോറുമടക്കം 25 റൺസെടുത്തു. 12 പന്തിൽ 14 റൺസെടുത്ത ഗുർക്രീത്, യൂസുഫ് പത്താൻ (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.

യുവരാജ് സിങ്ങും (11 പന്തിൽ 13) സ്റ്റുവർട്ട് ബിന്നിയും (ഒമ്പത് പന്തിൽ 16) ചേർന്നാണ് ടീമിലെ വിജയത്തിലെത്തിച്ചത്. വിൻഡീസിനായ ആഷ്ലി നഴ്സ് രണ്ടും ടിനോ ബെസ്റ്റ്, സുലൈമാൻ ബെൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. നേരത്തെ, ലെൻഡിൽ സിമ്മൺസിന്‍റെ വെടിക്കെട്ട് അർധ സെഞ്ച്വറിയാണ് വിൻഡീസിനെ പൊരുതാനുള്ള സ്കോറിലെത്തിച്ചത്. 41 പന്തിൽ ഒരു സിക്സും അഞ്ചു ഫോറുമടക്കം 57 റൺസെടുത്ത താരത്തെ വിനയ് കുമാർ ക്ലീൻ ബൗൾഡാക്കി. ഡ്വെയ്ൻ സ്മിത്തും തിളങ്ങി. 35 പന്തിൽ രണ്ടു സിക്സും അഞ്ചു ഫോറുമടക്കം 45 റൺസെടുത്താണ് പുറത്തായത്.

ഒന്നാം വിക്കറ്റിൽ സ്മിത്തും ലാറയും ചേർന്ന് 3.5 ഓവറിൽ 34 റൺസെടുത്തു. പിന്നാലെ ലാറ വിനയ് കുമാറിന്‍റെ പന്തിൽ പവൻ നെഗിക്ക് ക്യാച്ച് നൽകി മടങ്ങി. ആറു പന്തിൽ ആറു റൺസാണ് താരത്തിന്‍റെ സമ്പാദ്യം. വില്യം പെർക്കിൻസ് (ഏഴു പന്തിൽ ആറ്), രവി രാംപോൾ (അഞ്ചു പന്തിൽ രണ്ട്), ചാഡ്വിക്ക് വാൾട്ടൺ (ആറു പന്തിൽ ആറ്), ആഷ്ലി നഴ്സ് (മൂന്നു പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. 12 റൺസുമായി ദിനേഷ് രാംദിൻ പുറത്താകാതെ നിന്നു.

ആറാം വിക്കറ്റിൽ സിമ്മൺസും ദിനേഷ് രാംദിനും ചേർന്ന് 44 പന്തിൽ നേടിയ 61 റൺസാണ് ടീമിനെ ഭേദപ്പെട്ട നിലയിൽ എത്തിച്ചത്. ഇന്ത്യക്കായി വിനയ് കുമാർ മൂന്നു വിക്കറ്റ് വീഴ്ത്തി. ഷഹബാസ് നദീം രണ്ടും പവൻ നേഗി, സ്റ്റുവർട്ട് ബിന്നി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. നേരത്തെ ടോസ് നേടിയ ബ്രയാൻ ലാറ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

Tags:    
News Summary - India Masters Beat WI Masters To Clinch Title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.