വെല്ലിങ്ടൺ: ചാമ്പ്യൻസ് ട്രോഫിയിലെ മോശം പ്രകടനത്തിന് പിന്നാലെ ന്യൂസിലാൻഡിനെതിരായ ട്വന്‍റി20 പരമ്പരയിലും പാകിസ്താന് തിരിച്ചടി. ആദ്യ മത്സരത്തിൽ ന്യൂസിലാൻഡ് ഒമ്പത് വിക്കറ്റിന് വിജയിച്ചു. വെറും 91 റൺസിന് പാകിസ്താൻ ഓൾഔട്ടായപ്പോൾ 10.1 ഓവറിൽ ന്യൂസിലാൻഡ് മത്സരം അവസാനിപ്പിച്ചു.
ക്യാപ്റ്റൻ മുഹമ്മദ് റിസ്‌വാൻ, മുൻ ക്യാപ്റ്റൻ കൂടിയായ സൂപ്പർതാരം ബാബർ അസം എന്നിവരെ പുറത്തുനിർത്തിയാണ് പാക് ടീം ന്യൂസിലാൻഡിലെത്തിയത്. ചാമ്പ്യൻസ് ട്രോഫിയിലെ ക്ഷീണം മാറ്റുകയെന്ന ലക്ഷ്യത്തോടെയിറങ്ങിയ പാകിസ്താന് ആദ്യ ഓവറിൽ തന്നെ അടിയേറ്റു. റണ്ണൊന്നുമെടുക്കാതെ ഓപ്പണർ മുഹമ്മദ് ഹാരിസ് പുറത്ത്. രണ്ടാം ഓവറിലെ രണ്ടാംപന്തിൽ മറ്റൊരു ഓപ്പണറായ ഹസൻ നവാസും പുറത്താകുമ്പോൾ സ്കോർ ബോർഡ് തുറന്നിരുന്നില്ല. മൂന്നാം ഓവറിൽ ഇർഫാൻ ഖാനും പുറത്ത്. ഒരു റൺസിന് മൂന്ന് വിക്കറ്റെന്ന നിലയിലേക്ക് പാകിസ്താൻ വീണു. പിന്നീട് തുടർച്ചയായ ഇടവേളയിൽ വിക്കറ്റ് വീണതോടെ 18.4 ഓവറിൽ 91 റൺസിന് ഇന്നിങ്സ് അവസാനിച്ചു. വെറും മൂന്ന് പേർക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. 32 റൺസെടുത്ത ഖുശ്ദിൽ ഷായാണ് ടോപ് സ്കോറർ. സൽമാൻ അലി ആഗ (18), ജഹൻദാദ് ഖാൻ (17) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവർ. ന്യൂസിലാൻഡിന് വേണ്ടി ജേകബ് ഡഫി നാലും കെയ്‍ൽ ജേമിസൺ മൂന്നും വിക്കറ്റെടുത്തു.
കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ന്യൂസിലാൻഡിന് ഒരുഘട്ടത്തിലും വെല്ലുവിളിയുണ്ടായില്ല. ഓപ്പണർമാരായ ടിം സെയ്ഫേർട്ടും (44) ഫിൻ അലനും (പുറത്താകാതെ 29) മികച്ച തുടക്കം നൽകി. ടിം റോബിൻസൺ പുറത്താകാതെ 18 റൺസെടുത്തു. 9.5 ഓവറുകളും ഒമ്പത് വിക്കറ്റും ശേഷിക്കെ കിവീസ് ലക്ഷ്യംകണ്ടു.
വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ന്യൂസിലാൻഡ് 1-0ന് മുന്നിലെത്തി. അടുത്ത മത്സരം ചൊവ്വാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.