ബംഗളൂരു: ഐ.പി.എൽ ടീമായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഹിന്ദിയിൽ സമൂഹമാധ്യമ അക്കൗണ്ട് തുടങ്ങിയതിനു പിന്നാലെ ആരാധക രോഷം.
ബംഗളൂരു ടീം ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും അക്കൗണ്ട് ഒഴിവാക്കണമെന്നും സമൂഹമാധ്യമങ്ങളിലൂടെ ആരാധകർ ആവശ്യപ്പെട്ടു. എക്സിലാണ് ‘റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഹിന്ദി’ എന്ന പേരിൽ പുതിയ പേജ് തുടങ്ങിയത്. സൂപ്പർതാരം വിരാട് കോഹ്ലി ഹിന്ദി സംസാരിക്കുന്ന വിഡിയോ പുതിയ അക്കൗണ്ടിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
പിന്നാലെയാണ് അക്കൗണ്ടിനെതിരെ കന്നട ആരാധകർ രംഗത്തെത്തിയത്. നിങ്ങളുടെ സൂപ്പർതാരം വിരാട് കോഹ്ലിയെ അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ട ഭാഷയായ ഹിന്ദി ഭാഷയിൽ കേൾക്കു എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇനി മുതൽ ആർ.സി.ബി വിഡിയോകൾ നിങ്ങളുടെ പ്രിയപ്പെട്ട ഹിന്ദി ഭാഷയിൽ ലഭ്യമാണെന്നും കുറിപ്പിലുണ്ട്.
ആർ.സി.ബി ആശയവിനിമയത്തിനായി കന്നടക്ക് മുൻഗണന നൽകുകയാണെന്ന് നവീൻ എന്ന ആരാധകൻ എക്സിൽ കുറ്റപ്പെടുത്തി. ‘ഒരു കന്നടികനും ബംഗളൂരു ആസ്ഥാനമായ ആർ.സി.ബി ആരാധകനും എന്ന നിലയിൽ, ഞങ്ങളുടെ ഫ്രാഞ്ചൈസി അവരുടെ സമൂഹമാധ്യമ പോസ്റ്റുകളിൽ ഹിന്ദി ഉപയോഗിക്കുന്നത് കാണുമ്പോൾ നിരാശ തോന്നുന്നു. ബംഗളൂരു കന്നഡ സംസ്കാരത്തെയും ഭാഷയെയും പ്രതിനിധീകരിക്കുന്നു, അവരുടെ ആശയവിനിമയത്തിൽ കന്നടക്കും ഇംഗ്ലീഷിനും മുൻഗണന നൽകണം’ -നവീൻ എക്സിൽ കുറിച്ചു.
ഉത്തരേന്ത്യൻ സംസ്ഥാനത്തേക്ക് ഫ്രാഞ്ചൈസി മാറ്റുന്നതാണ് നല്ലതെന്ന് മറ്റൊരു ആരാധകൻ വിമർശിച്ചു. രാജ്യത്തുടനീളം ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള ബി.ജെ.പി നീക്കത്തിനെതിരെ കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നുവന്നിരുന്നു.
അതേസമയം, താരലേലം പൂര്‍ത്തിയായതോടെ അടുത്ത ഐ.പി.എൽ സീസണിൽ ആർ.സി.ബിയുടെ ക്യാപ്റ്റന്‍ ആരാവുമെന്നതില്‍ ആകാംക്ഷ തുടരുകയാണ്. കഴിഞ്ഞ സീസണിലെ ക്യാപ്റ്റനായ ഫാഫ് ഡു പ്ലെസിസിനെ ടീം നിലനിര്‍ത്തിയിരുന്നില്ല. വിരാട് കോഹ്ലി ക്യാപ്റ്റനായി തിരിച്ചെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത്തവണ ലേലത്തിൽ ബൗളിങ് കൂടുതൽ ശക്തിപ്പെടുത്തനാണ് ടീം മാനേജ്മെന്‍റ് ശ്രദ്ധിച്ചത്.
ലേലത്തിന്റെ ആദ്യദിനം ജോഷ് ഹേസല്‍വുഡിനെ ടീമിലെത്തിച്ച ആര്‍.സി.ബി, രണ്ടാംദിനം ഭുവനേശ്വര്‍ കുമാറിനേയും ടീമിലെത്തിച്ചു. ആഭ്യന്തരക്രിക്കറ്റിലെ താരമായ റാസിഖ് ധര്‍ സലാമിനെ ആറുകോടിക്കും സുയാഷ് ശര്‍മയെ 2.6 കോടിക്കും ശ്രീലങ്കന്‍ താരം നുവാന്‍ തുഷാരയെ 1.6 കോടിക്കും ആര്‍.സി.ബി ടീമിലെത്തിച്ചു.
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായ ജിതേഷ് ശര്‍മ, ഫില്‍ സാള്‍ട്ട്, ഓള്‍ റൗണ്ടര്‍മാരായ സ്വപ്‌നില്‍ സിങ്, ജേക്കബ് ബേഥല്‍, റൊമാരിയോ ഷെപ്പേര്‍ഡ്, ലിയാം ലിവിങ്സ്റ്റണ്‍, ക്രുണാല്‍ പാണ്ഡ്യ, ടിം ഡേവിഡ്, മനോജ് ബന്ധാംഗെ എന്നിവരാണ് ടീമിലെ മറ്റംഗങ്ങള്‍. ക്രുണാല്‍ പാണ്ഡ്യെ 5.75 കോടിക്കാണ് ആര്‍.സി.ബി. ടീമിലെത്തിച്ചത്. ഇംഗ്ലണ്ട് താരമായ ലിയാം ലിവിങ്‌സ്റ്റണുവേണ്ടി 8.75 കോടിയും ചെലവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.