പാകിസ്താൻ വേദിയാകുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിന്‍റെ ഭാവി എന്ത്? നിർണായക ഐ.സി.സി യോഗം വെള്ളിയാഴ്ച

ദുബൈ: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റ് ഇന്ത്യയുടെ ആവശ്യപ്രകാരം ഹൈബ്രിഡ് മോഡലിൽ നടത്തുമോ? അതോ പാകിസ്താനു പകരം മത്സരങ്ങൾ പൂർണമായും മറ്റൊരു വേദിയിലേക്ക് മാറ്റുമോ? എന്തായാലും അന്തിമ തീരുമാനം വെള്ളിയാഴ്ച അറിയാനാകും.

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐ.സി.സി) നിർണായക ബോർഡ് യോഗം വെള്ളിയാഴ്ച ഓൺലൈനായി നടക്കും. അടുത്ത വർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിലാണ് ടൂർണമെന്‍റ് നടക്കുക. പാകിസ്താനിലേക്ക് ഇന്ത്യൻ ടീമിനെ അയക്കില്ലെന്ന് ബി.സി.സി.ഐ അറിയിച്ചതോടെയാണ് ടൂർണമെന്‍റിന്‍റെ ഭാവി അനിശ്ചിതത്വത്തിലായത്. ഹൈബ്രിഡ് മോഡലിൽ നടത്തണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്താൻ തള്ളിക്കളയുകയും ചെയ്തു. മത്സരങ്ങൾ പൂർണമായും പാകിസ്താനിൽ തന്നെ നടത്തണമെന്ന ഉറച്ച നിലപാടിലാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്.

2008 മുംബൈ ഭീകരാക്രമണത്തിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായി. പിന്നാലെ പാകിസ്താനിൽ പോയി ക്രിക്കറ്റ് കളിക്കുന്നതും ഇന്ത്യൻ ടീം നിർത്തിവെച്ചു. ഐ.സി.സി, ഏഷ്യാ കപ്പ് ടൂർണമെന്‍റുകളിൽ മാത്രമാണ് പിന്നീട് ഇരു ടീമുകളും ഏറ്റുമുട്ടിയത്. ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങൾ പാകിസ്താനു പുറത്തുള്ള വേദിയിലേക്ക് മാറ്റണമെന്നാണ് ബി.സി.സി.ഐ ആവശ്യം. യു.എ.ഇക്കാണ് കൂടുതൽ സാധ്യത. എന്നാൽ, പാക് ക്രിക്കറ്റ് ബോർഡ് അതിന് തയാറല്ല. ചാമ്പ്യൻസ് ട്രോഫി മത്സരക്രമം തീരുമാനിക്കുന്നതിനായി ഐ.സി.സി ബോർഡ് യോഗം വെള്ളിയാഴ്ച ചേരുമെന്ന് വക്താവ് അറിയിച്ചു. ഐ.സി.സി ചെയർമാനായി ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ചുമതലയേൽക്കുന്നതിന് രണ്ടു ദിവസം മുമ്പാണ് നിർണായക യോഗം. ഡിസംബർ ഒന്നിനാണ് ഷാ ചുമതലയേൽക്കുന്നത്.

പുതിയ ഭരണസമിതി അധികാരമേറ്റെടുക്കുന്നതിനു മുമ്പായി പ്രശ്നപരിഹാരം കാണാനാണ് നീക്കം. ഇന്ത്യ നിലപാടിൽ ഉറച്ചു നിൽക്കുന്നതിനാൽ ഇന്ത്യയുടെ മത്സരങ്ങൾ പാകിസ്താനു പുറത്തെ മറ്റൊരു വേദിയിലേക്ക് മാറ്റി ഹൈബ്രിഡ് മോഡലിൽ തന്നെ നടത്താനാണ് കൂടുതൽ സാധ്യത. ഇതിനായി പാകിസ്താന് ഹോസ്റ്റിങ് ഫീസിനു പുറമെ, കൂടുതൽ അനുകൂല്യങ്ങൾ നൽകുന്നതും ഐ.സി.സി പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ വർഷം പാകിസ്താൻ വേദിയായ ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരങ്ങളും ഹൈബ്രിഡ് മോഡലിലാണ് നടത്തിയത്. ഇന്ത്യയുടെ മത്സരങ്ങൾക്ക് വേദിയായത് ശ്രീലങ്കയാണ്. 1996 ഏകദിന ലോകകപ്പിനുശേഷം രാജ്യത്ത് വിരുന്നെത്തുന്ന ആദ്യത്തെ ഐ.സി.സി ടൂർണമെന്‍റെന്ന നിലയിൽ കറാച്ചി, ലാഹോർ, റാവൽപിണ്ടി സ്റ്റേഡിയങ്ങളുടെ നവീകരണത്തിനായി കോടികളാണ് പി.സി.ബി മുടക്കിയത്.

ഇന്ത്യ പാകിസ്താനിലേക്ക് വന്നില്ലെങ്കിൽ ഭാവിയിൽ ഇന്ത്യ വേദിയാകുന്ന ഐ.സി.സി ടൂർണമെന്‍റുകൾക്ക് തങ്ങളും ടീമിന് അയക്കില്ലെന്ന് പി.സി.ബിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags:    
News Summary - ICC board to meet on November 29 to finalise 2025 Champions Trophy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.