'എന്നും 63 നോട്ടൗട്ട്'; ഫിലിപ്പ് ഹ്യൂസ് ലോകത്തോട് വിടപറഞ്ഞിട്ട് 10 വർഷം

പത്ത് വർഷം മുമ്പ് ഒരു നവംബർ 27നായിരുന്നു ക്രിക്കറ്റ് ലോകത്തെ നടുക്കിയ ആ സംഭവം ഉണ്ടായത്. 25 വയസ്കാരനായ ആസ്ട്രേലിയൻ ബാറ്റർ ഫിലിപ്പ് ഹ്യൂസ് ലോകത്തോട് വിടപറഞ്ഞ ദിവസമായിരുന്നു. ആസ്ട്രേലിയൻ ആഭ്യന്തര ടൂർണമെന്‍റ് മത്സരമായ ഷെഫീൽഡ് ഷീൽഡ് മത്സരത്തിനിടെ തലയുടെ താഴത്തെ ഭാഗത്തായി പന്ത് കൊള്ളുകയായിരുന്നു. സംഭവം നടന്ന് രണ്ടാം ദിനം ഹ്യൂസ് ലോകത്തോട് തന്നെ വിടപറയുകയായിരുന്നു.

ക്രിക്കറ്റ് ലോകം കറുത്ത ദിനമായാണ് ഈ ദിവസത്തെ അടയാളപ്പെടുത്തുന്നത്. 2014ൽ മരണപ്പെട്ട ഹ്യൂസിന്‍റെ പത്താം ചരമവാർഷിക ഓർമകളിലാണ് ക്രിക്കറ്റ് ലോകം. 2014 നവംബര്‍ 25-ന് സിഡ്നി ക്രിക്കറ്റ് മൈതാനത്ത് സൗത്ത് ഓസ്‌ട്രേലിയയും ന്യൂ സൗത്ത് വെയില്‍സും തമ്മിലുളള ഷെഫീല്‍ഡ് ഷീല്‍ഡ് ഫസ്റ്റ് ക്ലാസ് മത്സരത്തിനിടെയിലാണ് പേസ് ബൗളര്‍ സീന്‍ അബോട്ടിന്റെ ബൗണ്‍സര്‍ ഹ്യൂസിന്റെ തലയ്ക്കു പിന്നില്‍ ഇടിക്കുന്നത്. പുള്‍ ഷോട്ട് കളിക്കാനാഞ്ഞ ഹ്യൂസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഹെല്‍മറ്റിന്റെ സുരക്ഷയില്ലാത്ത ഭാഗത്ത് പന്ത് തട്ടുകയായിരുന്നു. ഒന്ന് തിരിഞ്ഞ ശേഷം ഹ്യൂസ് മുഖമടിച്ച് ഗ്രൗണ്ടില്‍ വീണു. പെട്ടെന്ന് തന്നെ മെഡിക്കൽ സ്റ്റാഫും സഹതാരങ്ങളും അദ്ദേഹത്തെ സഹായിക്കാൻ എത്തിയെങ്കിൽ രക്ഷിക്കാനായില്ല. രണ്ടാം ദിനം അദ്ദേഹം ലോകത്തോട് തന്നെ വിടപറഞ്ഞു.

'ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചം' എന്നാണ് ഹ്യൂസിനെ കുറിച്ച് അദ്ദേഹത്തിന്‍റെ കുടുംബം വിശേഷിപ്പിക്കുന്നത്.

ഫിലിപ് ഹ്യൂസിന്‍റെ കുടുംബവും ആസ്ട്രേലിയൻ ക്രിക്കറ്റ് ടീമും ചേർന്ന് താരത്തെ സംബന്ധിച്ച് ഒരു ഡോക്യുമെന്‍ററി തയ്യാറാക്കുന്നുണ്ട്. ഇന്ത്യ-ആസ്ട്രേലിയ ബോർഡർ ഗവാസ്കർ രണ്ടാം മത്സരത്തിന് മുന്നോടിയായി ഇത് പ്രകാശനം ചെയ്യും. 'ദി ബോയ് ഫ്രം മാക്സ് വില്ലെ' എന്നാണ് ഡോക്യുമെന്‍ററിക്ക് പേര് നൽകിയിരിക്കുന്നത്.

ഷെഫീൽഡ് താരങ്ങളെല്ലാം ശനിയാഴ്ച മുതലുള്ള എല്ലാ മത്സരങ്ങളിലും കറുത്ത ആം ബാൻഡ് ധരിച്ചാണ് കളത്തിൽ ഇറങ്ങിയത്. ' ഞങ്ങളുടെ നിധിയായ മകൻ, സഹോദരൻ, ഫിലിപ് ജോയൽ ഹ്യൂസ് വേർപെട്ടിട്ട് പത്ത് വർഷമാകുന്നു,' ഹ്യൂസിന്‍റെ കുടുംബം ഒരു സന്ദേശത്തിൽ പറഞ്ഞു. തനിക്ക് ചുറ്റുമുള്ള എല്ലാവരെയും സന്തോഷിപ്പിക്കാൻ ഹ്യൂസ് ശ്രമിച്ചിരുന്നുവെന്നും മോശം സമയത്തും അവൻ വെട്ടിതിളങ്ങി നിന്നിരുന്നുവെന്നും കുടുംബം പറഞ്ഞു.

ആസ്ട്രേലിയയുടെ ഭാവി താരമെന്ന് വിശേഷിക്കപ്പെട്ടിരുന്ന ഹ്യൂസ് ആസ്ട്രേലിയക്കായി 26 ടെസ്റ്റ് മത്സരത്തിലും, 25 ഏകദിനത്തിലും ഒരു ട്വന്‍റി-20 മത്സരത്തിലും കളിച്ചിട്ടുണ്ട്. ദക്ഷിണ ആസ്ട്രേലിയയിലേക്ക് മാറുന്നതിന് മുമ്പ് അദ്ദേഹം ന്യൂ സൗത്ത് വേയിൽസിന് വേണ്ടിയാണ് ആഭ്യന്തര മത്സരം കളിക്കാൻ തുടങ്ങിയത്.

Tags:    
News Summary - 10th death anniversary of Phillip Hughes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.