രോഹിത്തും സംഘവും യാത്ര തിരിച്ചു; നാളെ ജന്മനാടിന്‍റെ ആഹ്ലാദാരവങ്ങളിലേക്ക് പറന്നിറങ്ങും; പ്രഭാതഭക്ഷണം മോദിക്കൊപ്പം

രോഹിത്തും സംഘവും യാത്ര തിരിച്ചു; നാളെ ജന്മനാടിന്‍റെ ആഹ്ലാദാരവങ്ങളിലേക്ക് പറന്നിറങ്ങും; പ്രഭാതഭക്ഷണം മോദിക്കൊപ്പം

ബ്രിഡ്ജ്ടൗൺ (ബാർബഡോസ്): ഒരു വ്യാഴവട്ടത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യക്ക് വിശ്വകിരീടം സമ്മാനിച്ച രോഹിത്ത് ശർമയും സംഘവും വ്യാഴാഴ്ച പുലർച്ചെ ഡൽഹിയിലെത്തും. ബി.സി.സി.ഐ ഏർപ്പാടാക്കിയ എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് താരങ്ങൾ നാട്ടിലേക്ക് വരുന്നത്.

ചുഴലിക്കാറ്റും കനത്ത മഴയും കാരണം ബാർബഡോസ് വിമാനത്താവളം അടച്ചതോടെയാണ് മടക്കയാത്ര വൈകിയത്. ബാർബഡോസിൽന്ന് തിങ്കളാഴ്ച രാവിലെ 11ഓടെ ന്യൂയോര്‍ക്കിലേക്ക് വിമാനം കയറി അവിടെനിന്ന് ദുബൈ വഴി ഇന്ത്യയിലേക്ക് തിരിക്കാനായിരുന്നു പദ്ധതി. എന്നാൽ, വിമാനത്താളവം അടച്ചതോടെ യാത്ര മുടങ്ങുകയായിരുന്നു. ഡൽഹി വിമാനത്താവളത്തിൽ വന്നിറങ്ങുന്ന ഇന്ത്യൻ ടീമിന് വലിയ സ്വീകരണമാണ് ഒരുക്കുന്നത്. രാവിലെ 9.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി താരങ്ങളെ നേരിട്ട് കാണുന്നുണ്ട്. ലോകകപ്പ് വിജയത്തിൽ അഭിനന്ദനം അറിയിക്കും. മോദിക്കൊപ്പമാണ് താരങ്ങളുടെ പ്രഭാത ഭക്ഷണം.

വൈകീട്ട് ട്രോഫിയുമായി താരങ്ങൾ മുംബൈ നഗരത്തിൽ റോ‍ഡ് ഷോ നടത്തും. നരിമാൻ പോയിന്റു മുതല്‍ വാംഖണ്ഡെ സ്റ്റേഡിയം വരെ ഓപ്പണ്‍ ബസിൽ താരങ്ങൾ റോഡ് ഷോ നടത്തും. അതിനു ശേഷം ബി.സി.സി.ഐ പ്രഖ്യാപിച്ച 125 കോടി സമ്മാനത്തുക ടീമിനു കൈമാറും. ട്വന്റി20 ടീമിന് നാട്ടിൽ സംഘടിപ്പിക്കുന്ന അനുമോദന പരിപാടികളിൽ പങ്കെടുക്കാനായാണ് സഞ്ജു സാംസൺ ഉൾപ്പെടെയുള്ളവർക്ക് സിംബാബ്‍വെക്കെതിരായ ആദ്യ മത്സരങ്ങളിൽ വിശ്രമം നൽകിയത്.

സഞ്ജു, യശസ്വി ജയ്സ്വാൾ, ശിവം ദുബെ എന്നിവരെ ട്വന്റി20 പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇവർ പിന്നീട് ടീമിനൊപ്പം ചേരും. ബാർബഡോസിലെ ഹിൽട്ടണ്‍ ഹോട്ടലിൽ കുടുങ്ങിയ ടീം അംഗങ്ങൾ ബുധനാഴ്ച പ്രാദേശിക സമയം പുലർച്ചെ 4.30നാണ് ന്യൂയോർക്കിലേക്ക് യാത്ര തിരിച്ചത്. വ്യാഴാഴ്ച രാവിലെ 6.20ന് സംഘം ഡൽഹിയിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം. യാത്ര തിരിക്കുന്നതിനു മുമ്പ് വിമാനത്തിൽ ലോകകപ്പ് ട്രോഫിയുമായി സൂര്യകുമാർ യാദവിനൊപ്പം നിൽക്കുന്ന ചിത്രം ‘നാട്ടിലേക്ക് വരുന്നു’ എന്ന കുറിപ്പിനൊപ്പം രോഹിത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.

ഡൽഹിയിലേക്ക് ഏകദേശം 16 മണിക്കൂർ യാത്രയുണ്ട്. താരങ്ങളുടെ കുടുംബാംഗങ്ങളും പരിശീലകരും ഉൾപ്പെടെ എഴുപതോളം പേർ ഇന്ത്യൻ സംഘത്തിലുണ്ട്. ബാർബഡോസിൽ ശനിയാഴ്ച നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപിച്ചാണ് ടീം രണ്ടാം ട്വന്റി20 ലോകകിരീടം നേടിയത്.

Tags:    
News Summary - Team India To Land Thursday Early Morning, To Meet PM Modi At 11:00 AM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.