സഞ്ജൂ...പാളിൽ നിങ്ങൾക്ക് കത്തിജ്വലിച്ചേ മതിയാകുമായിരുന്നുള്ളൂ...

രിയറിലെ അവസാന അവസരങ്ങളിലൊന്നാണിതെന്ന് അയാൾക്ക് അത്രയേറെ തിരിച്ചറിവുണ്ടായിരിക്കണം. പാളിലെ ബോളൻഡ് പാർക്കിൽ പാളിയാൽ ഇനി രാജ്യാന്തര ക്രീസിലേക്ക് തിരിച്ചുവരവുണ്ടാകാനിടയില്ലെന്നും കണക്കുകൂട്ടിക്കാണണം. അത്ര കരുതലോടെയായിരുന്നു ഇക്കുറി സഞ്ജു വിശ്വനാഥ് സാംസൺ എന്ന വിഴിഞ്ഞത്തുകാരന്റെ കരുനീക്കങ്ങൾ. എല്ലാ ആധികളെയും അതിർവര കടത്തിയ ഒന്നാന്തരമൊരു ഇന്നിങ്സ്. ബാറ്റിങ് ഏറെ ആയാസകരമായ പാളിലെ പിച്ചിൽ ജീവിതത്തിലെ ഏറ്റവും നിർണായകമായ ഇന്നിങ്സാണ് സഞ്ജു പുറത്തെടുത്തത്. കന്നി സെഞ്ച്വറിയിലൂടെ ​പ്രതിഭയുടെ മസിൽ പെരുപ്പിച്ചുകാട്ടിയ ആ ടൈമിങ് ആണ് പ്രതിസന്ധിയുടെ ഉച്ചിയിലും പതറാത്ത പോരാളിയായി സഞ്ജുവിനെ അടയാളപ്പെടുത്തുന്നത്. 

ഇത്തരമൊരു ഇന്നിങ്സിനായി സഞ്ജുവിനു പുറമെ ആരാധകരും കാത്തുകാത്തിരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ലഭ്യമായ അവസരങ്ങളിൽ ചില മോശം ഷോട്ടുകൾ എല്ലാ പ്രതീക്ഷകളെയും ക്ലീൻബൗൾഡാക്കുമ്പോഴും ഈ തിരിച്ചുവരവ് കൊതിച്ചവരേറെയുണ്ടായിരുന്നു. എന്നും അയാളെ ഇഷ്ടപ്പെടുകയും നല്ല വാക്കുകൾ പറയുകയും ചെയ്ത ഇതിഹാസതാരം സുനിൽ ഗവാസ്കർ കമന്ററിക്കിടെ ഓൺ എയറിൽ ‘സഞ്ജൂ..വിക്കറ്റ് കളയല്ലേ, വിക്കറ്റ് കളയല്ലേ’ എന്ന് യാചിക്കുന്നതുപോ​ലെ അയാളോട് പറഞ്ഞുകൊണ്ടിരുന്നത് അതിന്റെ തെളിവുകൂടിയായിരുന്നു.

2015 ജൂലൈ 19ന് ഹരാരെ സ്പോർട്സ് ക്ലബിൽ സിംബാബ്​‍വെക്കെതിരെ ട്വന്റി20യിൽ ആ നീലക്കുപ്പായമിട്ട ശേഷം പാളിലെത്തു​മ്പോൾ സഞ്ജുവിന്റെ രാജ്യാന്തര കരിയർ എട്ടുവർഷം പിന്നിട്ടിരുന്നു. വന്നും പോയുമിരുന്ന കരിയറിൽ അയാൾക്ക് ഉറപ്പിച്ചൊരു സ്ഥാനം ഇതുവരെ കിട്ടിയിട്ടില്ല. അതു നൽകുന്നതിനേക്കാളേറെ, നൽകാതിരിക്കാൻ ബദ്ധശ്രദ്ധരേറെയുള്ള കളത്തിൽ പക്ഷേ, ഗാലറിയിൽനിന്ന് ആരാധകരുടെ മുറവിളി അധികൃതരെ അലോസരപ്പെടുത്തിയിരുന്നു. ഗോഡ്ഫാദർമാരില്ലാത്ത ദക്ഷിണേന്ത്യക്കാരന് കഴിവും ​പ്രാപ്തിയും ശരാശരിയുമുണ്ടായിട്ടും ഇന്ത്യൻ ടീമിലൊരു സ്ഥിരസാന്നിധ്യമെന്നത് ഒരു ഫോർമാറ്റിലും തേടിയെത്തിയതുമില്ല. പകരം, ഫോമിന്റെ ഉച്ചിയിലും തന്നേക്കാൾ കഴിവും ശരാശരിയും കുറഞ്ഞവർക്ക് വെള്ളക്കുപ്പിയുമായി ഇടക്കിടെ ക്രീസിലേക്ക് പായുന്ന സഞ്ജുവിനേയും കാണേണ്ടിവന്നു.

ജൊഹാനസ്ബർഗിലെ ആദ്യ ഏകദിനത്തിൽ ബാറ്റിങ്ങിന് അവന് അവസരം കിട്ടിയിരുന്നില്ല. ഗെബേഹ എന്ന് പേരുമാറ്റിയ പോർട്ട് എലിസബത്തിലെ രണ്ടാം ഏകദിനത്തിൽ കേവലം 12 റൺസിന് പുറത്ത്. പരമ്പരയുടെ ഗതി നിർണയിക്കുന്ന മൂന്നാം ഏകദിനത്തിലും അയാൾ പരാജയപ്പെട്ടാൽ ഏറക്കുറെ അതുറപ്പായിരുന്നു..സഞ്ജുവിനു മുമ്പിൽ ഇന്ത്യൻ ടീമിന്റെ വാതിലുകൾ എ​ന്നെന്നേക്കുമായി കൊട്ടിയടക്കപ്പെട്ടേനേ. തന്റെ ഇടർച്ചകൾക്കുവേണ്ടി കാത്തിരിക്കുന്നവ​രേറെയുള്ള കാലത്ത് അയാൾക്ക് കത്തിജ്വലിച്ചേ മതിയാകുമായിരുന്നുള്ളൂ. ഏറ്റവും അനിവാര്യമായ സമയത്ത്, അസാമാന്യമായ പോരാട്ടവീര്യവും അനിതരസാധാരണമായ ചങ്കുറപ്പും പുറത്തെടുത്ത് സഞ്ജു കത്തിക്കയറിയത് അയാൾക്കുമാത്രം സാധ്യമായ മിടുക്കോടെയായിരുന്നു. തനിക്കുമുന്നിൽ അടയുന്ന വാതിൽ അയാൾ ആത്മബലത്താൽ ചവിട്ടിത്തുറക്കുകയായിരുന്നു.

സഞ്ജു ക്രീസിലെത്തുമ്പോൾ ഇന്ത്യൻ സ്കോർ ഒരു വിക്കറ്റിന് 34 റൺസ്. ഉയിർപ്പിനുള്ള ഉത്തമാവസരമായി സഞ്ജു ആ സന്ദിഗ്ധാവസ്ഥയെ കണ്ടിട്ടുണ്ടാകണം. അത്ര സൂക്ഷ്മതയോടെയാണ് തുടർന്ന് ബാറ്റേന്തിയത്. ബാറ്റിങ് അതീവദുഷ്കരമായൊരു ട്രാക്കിൽ ഒരു മാതൃകാ ഏകദിന ഇന്നിങ്സ്. നിഷ്ക്രമണത്തിനും നിലനിൽപിനുമിടയിലെ ആ ‘ജീവന്മരണ പോരാട്ട’ത്തിൽ സെഞ്ച്വറിയെന്ന ഗംഭീരനേട്ടത്തിലെത്തുമ്പോൾ ആ ഇന്നിങ്സിൽ 51 സിംഗിളുകൾ അയാൾ ഓടിയെടുത്തിരുന്നു. പേസിനെയും സ്പിന്നിനെയും ഒരുപോലെ ജാഗ്രതയോടെ കളിച്ച സഞ്ജു ഇടക്കിടെ പന്ത് അതിർവര കടത്തിയും ഇന്നിങ്സിനെ കാത്തു. കേശവ് മഹാരാജിനെതിരായ ലോഫ്റ്റഡ് കവർ ഡ്രൈവ് പോലെ അതീവചാരുതയാർന്ന ഷോട്ടുകൾ.

തിലക് വർമക്കൊപ്പം സെഞ്ച്വറി കൂട്ടുകെട്ടുമായി അതങ്ങനെ പൂത്തുതളിർത്തു. തിലകിന് സ്പിന്നിനെതിരെ പലപ്പോഴും മുട്ടിടിച്ചപ്പോൾ മധ്യഓവറുകളിൽ ബാറ്റിങ് എൻഡിൽ കൂടുതൽ സമയം ചെലവിട്ടും സഞ്ജു ഉത്തരവാദിത്വം കാട്ടി. 250ൽ താഴെ സ്കോറിൽ ഒതുങ്ങുമായിരുന്ന ഇന്ത്യൻ ഇന്നിങ്സിനെ മുന്നൂറിനടുത്തേക്ക് കൈപിടിച്ചുയർത്തി. അക്ഷരാർഥത്തിൽ അതൊരു സ്റ്റേറ്റ്മെന്റ് മേക്കിങ് ഇന്നിങ്സായിരുന്നു. ഒടുവിൽ ആ സെഞ്ച്വറിയുടെ ബലത്തിൽ വിജയവും ഒപ്പം പരമ്പരനേട്ടവും. ഐ.പി.എല്ലിലെ വീരപരിവേഷം ദേശീയ ജഴ്സിയിലും സഞ്ജു ആർജിച്ചെടുക്കുകയായിരുന്നു. പുറത്തേക്കു​ള്ള വഴിയിൽനിന്ന് പ്രതീക്ഷകളുടെ വെള്ളിവെളിച്ചത്തിലേക്കുതന്നെ വീരോചിതം അയാൾ തിരിച്ചുകയറുമ്പോൾ വാഴ്ചകളിലേക്ക് ഇതൊരു തുടക്കമാവട്ടെ എന്ന് ആഗ്രഹിക്കുകയാണ് ആരാധകർ. 

Tags:    
News Summary - When door was closing on him, Sanju Samson kicks it open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.