പനാജി: ദേശീയ ഗെയിംസിൽ കേരളത്തിന് ഇരട്ട വെള്ളിയടക്കം മൂന്നു മെഡലുകൾ. ഔദ്യോഗികമായി ഗെയിംസ് മിഴിതുറന്ന വ്യാഴാഴ്ച ഫെൻസിങ് വനിത വിഭാഗത്തിലും അക്രോബാറ്റിക് ജിംനാസ്റ്റിക്സിലുമാണ് വെള്ളിനേട്ടം. ഗെയിംസിൽ അരങ്ങേറ്റംകുറിച്ച പെൻകാക് സിലാട്ടിൽ ആൻ മരിയ ഏബ്രഹാം വെങ്കലവും സ്വന്തമാക്കി. ഇതോടെ കേരളത്തിന്റെ മൊത്തം മെഡൽനേട്ടം നാലായി ഉയർന്നു.
ഫെൻസിങ് വനിത വിഭാഗം സാബർ വ്യക്തിഗത ഇനത്തിൽ എസ്. സൗമ്യയാണ് വ്യാഴാഴ്ച ആദ്യം വെള്ളിത്തിളക്കം സ്വന്തമാക്കിയത്. ഫൈനലിൽ തമിഴ്നാടിന്റെ ഒളിമ്പ്യൻ ഭവാനി ദേവിക്കു മുന്നിൽ സൗമ്യക്ക് അടിതെറ്റി (15-5). തലശ്ശേരി സായി സെന്ററിലെ താരമായ സൗമ്യ കന്യാകുമാരി സ്വദേശിയാണ്. അക്രോബാറ്റിക് ജിംനാസ്റ്റിക്സിൽ പുരുഷ വിഭാഗം ഗ്രൂപ്പിലാണ് രണ്ടാം വെള്ളി നേട്ടം. ഹമ്മദ് നിബ്രാസുല്‍ ഹഖ്, പി.കെ. മുഹമ്മദ് സഫാന്‍, ഷിറില്‍ റുമാന്‍, എം.പി. സ്വാതിക് എന്നിവരായിരുന്നു ടീമംഗങ്ങള്‍. പെൻകാക് സിലാട്ടിൽ ആൻ മരിയ ഏബ്രഹാം സെമിഫൈനലിൽ പ്രവേശിച്ചാണ് വെങ്കലത്തിളക്കം സ്വന്തമാക്കിയത്. സെമിയിൽ ആൻ പരാജയപ്പെട്ടു.
വ്യാഴാഴ്ച നടന്ന നെറ്റ്ബാൾ ഫാസ്റ്റ് ഫൈവിൽ കേരള വനിതകൾ സെമിയിൽ പ്രവേശിച്ചു. ആദ്യ മത്സരത്തിൽ ആതിഥേയരായ ഗോവയെ പരാജയപ്പെടുത്തിയ കേരളം (26 - 24) രണ്ടാം മത്സരത്തിൽ ഹിമാചൽപ്രദേശിനെ തകർത്താണ് (27-26) സെമി ബർത്ത് ഉറപ്പാക്കിയത്. വെള്ളിയാഴ്ച നടക്കുന്ന സെമിയിൽ തെലങ്കാനയാണ് എതിരാളികൾ. അതിനിടെ, വോളിബാൾ മത്സരം സംഘടിപ്പിക്കാൻ ദേശീയ ഗെയിംസ് അധികൃതർക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് കേരള താരങ്ങൾ സമർപ്പിച്ച ഹരജി വെള്ളിയാഴ്ച കേരള ഹൈകോടതി പരിഗണിക്കും.
ഫർട്ടോഡ: 2030ലെ യൂത്ത് ഒളിമ്പിക്സിനും 2036ലെ ഒളിമ്പിക്സിനും ആതിഥേയത്വം വഹിക്കാൻ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയെ ഇന്ത്യ താൽപര്യമറിയിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ അവകാശവാദം വെറുതെയല്ല. 2036ഓടെ ഇന്ത്യൻ സമ്പദ്വ്യവസ്ഥയിലും അടിസ്ഥാന സൗകര്യങ്ങളിലുമുണ്ടാകുന്ന വികസന നേട്ടങ്ങൾ പരിഗണിക്കുമ്പോൾ ഇന്ത്യക്ക് ഒളിമ്പിക്സ് നടത്താൻ അർഹതയുണ്ട്. ഇന്ത്യക്ക് അഭിമാനകരമായി ഒളിമ്പിക്സ് ഏറ്റെടുത്ത് നടത്താൻ കഴിയും. വികാരത്തിനപ്പുറം യാഥാർഥ്യമാണ് ഇന്ത്യയുടെ അവകാശവാദത്തിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.