കൊച്ചി: ആദ്യാവസാനം ആധിപത്യം പുലർത്തുകയും എണ്ണമറ്റ സുവർണാവസരങ്ങൾ തുറന്നെടുക്കുകയും ചെയ്തിട്ടും റഫറി കനിഞ്ഞുനൽകിയ വിവാദ ഗോളിൽ ഒരിക്കലൂടെ ജയം കൈവിട്ട് കേരള ബ്ലാസ്റ്റേഴ്സ്. ആദ്യം ഗോളടിച്ച് മുന്നിലെത്തിയ ശേഷം എതിരാളികൾക്ക് ജയം സമ്മാനിക്കുകയെന്ന പതിവ് ആവർത്തിച്ചായിരുന്നു കൊച്ചി മൈതാനത്ത് ബ്ലാസ്റ്റേഴ്സിന്റെ വൻവീഴ്ച. ടീമിനിത് തുടർച്ചയായ മൂന്നാം തോൽവിയാണ്. ഹൈദരാബാദിനാകട്ടെ, നിരന്തര തോൽവികൾക്കൊടുവിൽ ആദ്യജയത്തിന്റെ സന്തോഷവും.
നോഹ സദോയി ഇത്തവണയും പുറത്തിരുന്ന ആദ്യ ഇലവനിൽ 17കാരനായ കുറൂ സിങ്, ജീസസ് ജിമെനസ്, അഡ്രിയൻ ലൂണ, ഡ്രിൻസിച്, മുഹമ്മദ് ഐമൻ തുടങ്ങിയവരെ കൂട്ടി 4-2-3-1 ഫോർമേഷനിലാണ് സ്വന്തം തട്ടകത്തിൽ ബ്ലാസ്റ്റേഴ്സ് ജയം തേടി ബൂട്ടുകെട്ടിയത്. കലൂർ മൈതാനത്ത് ആതിഥേയ മുന്നേറ്റത്തോടെയായിരുന്നു കിക്കോഫ്. ആക്രമണ ഫുട്ബാളിൽ കവിഞ്ഞതൊന്നും രക്ഷയാകില്ലെന്ന ബോധ്യവുമായി ടീം പന്തുതട്ടിയപ്പോൾ ഹൈദരാബാദ് ഗോൾമുഖം പലവുരു പ്രകമ്പനം കൊണ്ടു. വലകുലുക്കാൻ മറന്ന കാലുകൾക്ക് മുന്നിൽ തുടക്കത്തിൽ വല കുലുങ്ങാതെ നിലയുറപ്പിച്ചു. അതിനിടെയായിരുന്നു 13ാം മിനിറ്റിൽ ജിമെനസിന്റെ എണ്ണം പറഞ്ഞ ഗോൾ. വലതുവശത്തൂടെയെത്തി കൗമാര താരം കുറൂ സിങ് നൽകിയ മനോഹര ക്രോസിൽ ജിമെനസ് കാൽവെക്കുകയായിരുന്നു. ഗോൾവീണതോടെ കളി കനപ്പിച്ച ബ്ലാസ്റ്റേഴ്സ് പതിയെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചെങ്കിലും ഗാലറിയുടെ നിറപിന്തുണയോടെ കോട്ട കാത്തും കളിനയിച്ചും ബ്ലാസ്റ്റേഴ്സ് തന്നെ മുന്നിൽനിന്നു. അതിനിടെ, 21ാം മിനിറ്റിൽ സ്വന്തം ഗോൾമുഖത്ത് സുവർണാവസരം എതിരാളികളുടെ നിർഭാഗ്യവും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ കരുതലും കൊണ്ട് അപകടമൊഴിവായി. തൊട്ടുപിറകെ ജിമെനസ് തന്നെ മനോഹരമായി പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്സൈഡ് കെണിയിൽ കുരുങ്ങി.
35ാം മിനിറ്റിൽ ലൂണ- കുറൂ സിങ് കൂട്ടുകെട്ടിൽ പിറന്ന മനോഹര നീക്കം ഗോൾ മണത്തു. വലതുവശത്തുനിന്ന് കുറൂസിങ് നീട്ടിനൽകിയ ക്രോസിൽ തലവെക്കാൻ ജിമെനസ് നീട്ടിച്ചാടിയെങ്കിലും ചെറിയ വ്യത്യാസത്തിൽ പന്ത് പുറത്തേക്ക് പറന്നു. ആദ്യ പകുതി അവസാനിക്കാനിരിക്കെ ആൻഡ്രി ആൽബ ഗോൾമടക്കി. ബ്ലാസ്റ്റേഴ്സ് പ്രതിരോധം കളി മറന്നുനിന്നത് മുതലെടുത്തായിരുന്നു ബോക്സിൽ കാത്തുനിന്ന താരത്തിന്റെ കാലുകളിൽ തളികയിലെന്നപോലെ പന്തെത്തുന്നത്. കിടിലൻ ഷോട്ടിൽ ആൽബ വല കുലുക്കി.
രണ്ടാം പകുതിയിൽ ആദ്യ ഗോൾനീക്കം ഹൈദരാബാദ് വകയായിരുന്നു. അതിനിടെയായിരുന്നു ഹൈദരാബാദിനെ മുന്നിലെത്തിച്ച് റഫറി കനിഞ്ഞുനൽകിയ പെനാൽറ്റി. വീണുകിടന്ന് പന്തുതടഞ്ഞ ഹോർമിപാമിന്റെ കൈയിൽ തട്ടാത്ത പന്തിനായിരുന്നു അനാവശ്യ മഞ്ഞക്കാർഡും പെനാൽറ്റിയും. കിക്കെടുത്ത ആൽബ വലക്കകത്താക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.