മഡ്രിഡ്: കിരീട പോര് മുറുകിയ ലാ ലിഗയിൽ ബാഴ്സലോണയുടെ നാടകീയ തിരിച്ചുവരവ്! അത്ലറ്റികോ മഡ്രിഡിനെതിരെ മത്സരത്തിന്‍റെ 72 മിനിറ്റുവരെ രണ്ടു ഗോളിനു പിന്നിൽനിന്ന ശേഷമാണ് ബാഴ്സ ഗംഭീര തിരിച്ചുവരവ് നടത്തി നിർണായക ജയം പിടിച്ചെടുത്തത്.
രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഹാൻസി ഫ്ലിക്കിന്‍റെയും സംഘത്തിന്‍റെയും ജയം. ഫെറാൻ ടോറസ് ഇരട്ട ഗോളുമായി തിളങ്ങി. റോബർട്ട് ലെവൻഡോവ്സ്കി, ലാമിൻ യമാൽ എന്നിവരാണ് ബാഴ്സയുടെ മറ്റു സ്കോറർമാർ. ജൂലിയൻ അൽവാരസും അലക്‌സാണ്ടർ സോർലോത്തുമാണ് അത്ലറ്റികോക്കായി ഗോൾ നേടിയത്. ജയത്തോടെ ലീഗിൽ റയൽ മഡ്രിഡിനെ മറികടന്ന് ബാഴ്സ വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ അൽവാരസിലൂടെ അത്ലറ്റികോ ലീഡെടുത്തു. ഗിയൂലിയാനോ സിമിയോണിയാണ് ഗോളിന് വഴിയൊരുക്കിയത്.
70ാം മിനിറ്റിൽ ഗല്ലഗറിന്‍റെ അസിസ്റ്റിൽ സോർലോത്തു അത്ലറ്റികോയുടെ ലീഡ് ഉയർത്തി. 72 മിനിറ്റ് വരെ ബാഴ്സ 2-0ത്തിന് പുറകിൽ. പിന്നീട് കണ്ടത് ബാഴ്സയുടെ പെരുങ്കളിയാട്ടമാണ്. ആറു മിനിറ്റിൽ രണ്ടു ഗോളുകൾ മടക്കി ബാഴ്സ മത്സരത്തിൽ ഒപ്പമെത്തി. 72ാം മിനിറ്റിൽ മാർട്ടിനെസിന്‍റെ അസിസ്റ്റിൽ ലെവൻഡോവ്സ്കി ഒരു ഗോൾ മടക്കി. 78ാം മിനിറ്റിൽ ഫെറാൻ ടോറസും ഗോൾ കണ്ടെത്തിയതോടെ മത്സരത്തിൽ ഒപ്പം. ബ്രസീൽ താരം റാഫിഞ്ഞയുടെ ക്രോസ് ഹെഡ്ഡറിലൂടെയാണ് താരം പന്ത് വലയിലെത്തിച്ചത്.
ഇൻജുറി ടൈമിലായിരുന്നു ബാഴ്സയുടെ ബാക്കിയുള്ള രണ്ടു ഗോളുകളും. 92ാം മിനിറ്റിൽ യമാലിലൂടെ ബാഴ്സ ലീഡെടുത്തു. 98ാം മിനിറ്റിൽ മത്സരത്തിലെ രണ്ടാം ഗോളും നേടി ടോറസ് ബാഴ്സയുടെ പട്ടിക പൂർത്തിയാക്കി. ഫൈനൽ വിസിൽ വിളിക്കുമ്പോൾ സ്കോർ 4-2. ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ നഗരവൈരികളായ റയൽ മഡ്രിഡിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റ് പുറത്തായതിനു പിന്നാലെയാണ് ലീഗിൽ ഡിഗോ സിമിയോണിയുടെ സംഘം ജയിച്ച മത്സരം കൈവിട്ടത്.
ജയത്തോടെ ബാഴ്‌സക്കും റയലിനും 60 പോയന്‍റാണെങ്കിലും ഗോൾ വ്യത്യാസത്തിലാണ് ബാഴ്സ ഒന്നാം സ്ഥാനത്ത് തുടരുന്നത്. റയലിനെക്കാൾ ഒരു കളി കുറവാണ് ബാഴ്സ കളിച്ചത്. മൂന്നാമതുള്ള അത്ലറ്റികോക്ക് 28 മത്സരങ്ങളിൽനിന്ന് 56 പോയന്‍റാണുള്ളത്. കഴിഞ്ഞദിവസം റയൽ ഒറ്റ ഗോളിന് വിയ്യ റയലിനെ വീഴ്ത്തിയിരുന്നു. പിറകിൽ നിന്ന ശേഷം കിലിയൻ എംബാപ്പെയാണ് ഇരട്ട ഗോളുമായി റയലിന് വിലപ്പെട്ട വിജയം സമ്മാനിച്ചത്. ഡബിളടിച്ച് മഡ്രിഡിനായി 31 ഗോൾ തികച്ച എംബാപ്പെ കന്നി സീസണിൽ ടീമിനൊപ്പം 30 ഗോൾ കുറിച്ച ബ്രസീൽ സ്ട്രൈക്കർ റൊണാൾഡോയെ മറികടന്നു. 2009-10 സീസണിൽ ആദ്യമായി റയലിന് ബൂട്ടുകെട്ടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ 33 ഗോൾ മാത്രമാണ് ഇനി മുന്നിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.