ഇതിലും വലിയൊരു നാണക്കേട് ഇല്ല! ഫുട്ബാൾ മത്സരത്തിനിടെ ഗ്രൗണ്ടിൽ മൂത്രമൊഴിച്ചു; താരത്തിന് ചുവപ്പ് കാർഡ് -വിഡിയോ

ഇതിലും വലിയൊരു നാണക്കേട് ഫുട്ബാൾ മത്സരത്തിനിടെ ഒരു താരത്തിന് സംഭവിക്കാനുണ്ടോ! മത്സരത്തിനിടെ ഗ്രൗണ്ടിൽ മൂത്രമൊഴിച്ച താരത്തിന് ചുവപ്പ് കാർഡ് നൽകി റഫറി.

പെറുവിലെ ഒരു ഫുട്ബാൾ ടൂർണമെന്‍റിലാണ് നാടകീയ സംഭവം. കോപ്പ പെറു ടൂർണമെന്‍റിൽ അത്ലെറ്റികോ അവാജുൻ-കാന്‍റോർസില്ലോ എഫ്‌.സി മത്സരത്തിനിടെ 71ാം മിനിറ്റിലാണ് അവാജുൻ താരം സെബാസ്റ്റ്യൻ മുനോസ് ചുവപ്പ് കാർഡ് വാങ്ങി പുറത്തുപോകുന്നത്. അവാജുൻ ടീമിന് അനുകൂലമായി കോർണർ ലഭിച്ചെങ്കിലും കാന്‍റോർസില്ലോയുടെ ഗോൾ കീപ്പർ ലൂചോ റൂയിസ് പരിക്കേറ്റ് നിലത്തുവീണതിനാൽ കിക്കെടുക്കാൻ വൈകി. താരത്തിന് പ്രാഥമിക ശുശ്രൂഷ നൽകുന്നതിനാൽ മത്സരം അൽപസമയം തടസ്സപ്പെട്ടു. ഇതിനിടെയാണ് കോർണർ കിക്കെടുക്കാനായി കാത്തുനിന്ന മുനോസ് ഗ്രൗണ്ടിനരികിലേക്ക് പോയി കാര്യം സാധിച്ചത്.

എതിർ ടീമിലെ താരമാണ് മുനോസ് ഗ്രൗണ്ടിനരികിൽ മൂത്രമൊഴിക്കുന്നത് റഫറിയുടെ ശ്രദ്ധയിൽപെടുത്തിയത്. ഉടൻ തന്നെ റഫറി താരത്തിനടുത്തേക്ക് ചെന്ന് ചുവപ്പ് കാർഡ് നീട്ടി. ഒട്ടും പ്രതീക്ഷിക്കാതെ ചുവപ്പ് കാർഡ് കിട്ടിയതിലുള്ള നിരാശ താരത്തിന്‍റെ മുഖത്ത് പ്രകടമായിരുന്നു. റഫറിയോട് കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ നാണംകെട്ട് താരം ഗ്രൗണ്ട് വിട്ടു.

ഇത് ആദ്യമായല്ല ഇത്തരം മോശം പെരുമാറ്റങ്ങൾക്ക് ഗ്രൗണ്ടിൽ താരങ്ങൾക്ക് ചുവപ്പ് കാർഡ് ലഭിക്കുന്നത്. 2017ൽ ഇംഗ്ലണ്ടിലെ രണ്ടാംനിര ലീഗിൽ സാൽഫോഡ് സിറ്റിയുടെ ഗോൾ കീപ്പർ മാക്സ് ക്രോകോംബിനും ഗ്രൗണ്ടിൽ മൂത്രമൊഴിച്ചതിനു ചുവപ്പ് കാർഡ് ലഭിച്ചിരുന്നു. ബ്രാഡ്ഫോഡ് സിറ്റിക്കെതിരായ മത്സരത്തിലാണ് താരം നാണംകെട്ട് പുറത്തുപോയത്.

Tags:    
News Summary - Footballer Receives Red Card For ‘Urinating’ On Pitch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.