മാഡ്രിഡ്: സ്പാനിഷ് ലാലിഗയിൽ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെക്ക് സമനിലയോടെ അരങ്ങേറ്റം. പുതിയ സീസണിലെ ആദ്യ പോരാട്ടത്തിൽ മയ്യോർക്കയാണ് റയലിനെ 1-1ന് പിടിച്ചുകെട്ടിയത്. ബുധനാഴ്ച യുവേഫ സൂപ്പർ കപ്പ് ഫൈനലിൽ അറ്റ്ലാന്റക്കെതിരെ പുതിയ ക്ലബിനായി അരങ്ങേറിയ എംബാപ്പെ കിരീടത്തോടെയാണ് റയലിൽ തുടക്കമിട്ടത്. 2-0ത്തിന് ജയിച്ച മത്സരത്തിൽ ഒരു ഗോൾ നേടാനും ഫ്രഞ്ച് നായകന് കഴിഞ്ഞിരുന്നു.
മയ്യോർക്കക്കെതിരായ മത്സരത്തിൽ റയൽ ആധിപത്യം പുലർത്തിയെങ്കിലും അവസരങ്ങൾ ഒരുക്കുന്നതിൽ എതിരാളികൾ ഒപ്പത്തിനൊപ്പം നിന്നു. ആറാം മിനിറ്റിൽ തന്നെ മയ്യോർക്ക ഗോളിനടുത്തെത്തിയെങ്കിലും ഉശിരൻ ഷോട്ട് ഗോൾകീപ്പർ തിബൊ കുർട്ടോ പറന്നുയർന്ന് കുത്തിയകറ്റി. 13ാം മിനിറ്റിൽ റയൽ ലീഡെടുത്തു. ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറിന്റെ മനോഹരമായ ബാക്ക്ഹീൽ പാസിൽനിന്ന് മറ്റൊരു ബ്രസീലുകാരൻ റോഡ്രിഗോയാണ് ഗോൾ നേടിയത്. വൈകാതെ റോഡ്രിഗോക്ക് ലീഡ് ഇരട്ടിപ്പിക്കാൻ അവസരം ലഭിച്ചെങ്കിലും ഇത്തവണ എതിർ ഗോൾകീപ്പർ തടസ്സംനിന്നു. 25ാം മിനിറ്റിൽ എംബാപ്പെയും ഗോളിനടുത്തെത്തിയെങ്കിലും ശ്രമം പോസ്റ്റിനോട് ചേർന്ന് പുറത്തുപോയി. ആദ്യപകുതി അവസാനിക്കാനിരിക്കെ മയ്യോർക്ക തിരിച്ചടിച്ചെന്ന് തോന്നിച്ചെങ്കിലും ഇത്തവണയും റയൽ ഗോൾകീപ്പർ പന്ത് കടത്തിവിട്ടില്ല.
എന്നാൽ, രണ്ടാം പകുതി തുടങ്ങി എട്ട് മിനിറ്റിനകം മയ്യോർക്ക തിരിച്ചടിച്ചു. ഡാനി റോഡ്രിഗസിന്റെ കോർണർ കിക്കിൽ ബുള്ളറ്റ് ഹെഡറിലൂടെ വെദാത്ത് മുരീഖിയാണ് റയൽ വല കുലുക്കിയത്. തുടർന്ന് രണ്ട് തുടരൻ അവസരങ്ങൾ എംബാപ്പെയെ തേടിയെത്തിയെങ്കിലും എതിർ ഗോൾകീപ്പർ വഴങ്ങിയില്ല. മത്സരത്തിന്റെ അവസാന ഘട്ടത്തിൽ എതിർതാരത്തെ മാരകമായി ഫൗൾ ചെയ്തതിന് റയൽ താരം ഫെർലാൻഡ് മെൻഡി ചുവപ്പ് കാർഡ് കണ്ട് പുറത്തായതിന് പിന്നാലെ മത്സരത്തിനും വിരാമമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.