അലയൻസ് അരീന: ബദ്ധവൈരികളായ ബയർ ലെവർകുസനോട് തോറ്റ് ബയേൺ മ്യൂണിക്ക് ജർമൻ കപ്പിൽനിന്ന് പുറത്ത്. മറുപടിയില്ലാത്ത ഒരു ഗോളിനാണ് നിലവിലെ ചാമ്പ്യന്മാരായ ലെവർകുസൻ ബയേണിനെ വീഴ്ത്തിയത്. ജയത്തോടെ ലെവർകുസൻ ക്വാർട്ടർ ഫൈനലിലെത്തി.
വെറ്ററൻ ഗോൾ കീപ്പർ മാനുവൽ ന്യൂയർ 17ാം മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതാണ് ബയേണിനെ തിരിച്ചടിയായത്. എതിരാളികൾ പത്ത് പേരിലേക്ക് ചുരുങ്ങിയിട്ടും വിജയഗോളിനായി ലെവർകുസന് 69ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. മുൻ ബേൺലി, സതാംപ്ടൺ സ്ട്രൈക്കർ നഥാൻ ടെല്ലയാണ് ടീമിന്‍റെ വിജയഗോൾ നേടിയത്.
അലെക്സ് ഗ്രിമാൾഡോ ബോക്സിനുള്ളിലേക്ക് നൽകിയ ക്രോസാണ് താരം വലയിലാക്കിയത്. പരിക്കേറ്റ ടോപ് സ്കോറർ ഹാരി കെയ്ൻ ഇല്ലാതെയാണ് ബയേൺ കളത്തിലിറങ്ങിയത്. മത്സരത്തിൽ സമനില പിടിക്കാൻ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. പത്തുപേരായിട്ടും പന്തടക്കത്തിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും ബയേണായിരുന്നു മുന്നിൽ.
ജെറെമീ ഫ്രിംപോങ്ങിനെ ഫൗൾ ചെയ്തതിനാണ് ന്യൂയറിന് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോകേണ്ടി വന്നത്. ജർമൻ കപ്പിൽ ലെവർകുസന്‍റെയും പരിശീലകൻ സാബി അലൻസോയുടെയും തുടർച്ചയായ എട്ടാം ജയമാണിത്. 20 തവണ ജർമൻ കപ്പ് കിരീടം നേടിയിട്ടുണ്ട് ബയേൺ. 2020ലാണ് അവസാനമായി കിരീടം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.