കോഴിക്കോട്: മൂന്നാം ഐ ലീഗ് കിരീടത്തിലൂടെ ഐ.എസ്.എൽ പ്രവേശനം ലക്ഷ്യമിട്ട് സീസണിലെ ആദ്യ ഹോം മത്സരത്തിൽ ഗോകുലം കേരള എഫ്.സി ചൊവ്വാഴ്ച ഐസോളിനെ നേരിടും. കോർപറേഷൻ സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കുന്ന മത്സര ഫലം ഇരുടീമുകളുടെയും പോയന്റ് പട്ടികക്ക് ഇളക്കം തട്ടിക്കും.
രണ്ടുമത്സരങ്ങളിൽ ഒരു ജയവും ഒരു സമനിലയുമായി ഇരുടീമുകൾക്കും നാലു പോയന്റുണ്ടെങ്കിലും ഗോൾശരാശരിയിൽ ഗോകുലം മൂന്നാമതും ഐസോൾ നാലാമതുമാണ്. ഇന്ത്യൻ താരങ്ങളുടെ മികവിലാണ് ഐസോൾ സ്ക്വാഡ് ഇറങ്ങുന്നത്. വിദേശ കരുത്തിലാണ് ഗോകുലം. ബാഴ്സലോണ ബി താരമായിരുന്ന ആബേലഡോ (സ്പാനിഷ്), മാർട്ടിൻ ചാവേസ് (ഉറുഗ്വായ്), സെർജിയോ (സ്പെയിൻ), അഡാമ (മാലി) തുടങ്ങിയ വിദേശതാരങ്ങളും വി.പി. സുഹൈർ, മഷൂർ ഷെരീഫ്, സലാം രഞ്ജൻ, മൈക്കിൾ സൂസൈ രാജ് തുടങ്ങിയ ഇന്ത്യൻ താരങ്ങളും ഗോകുലത്തിലുണ്ട്.
ഐസോളിന്റെ പ്രതീക്ഷകൾ സ്ട്രൈക്കർമാരായ റിൻസുവാല, സോമുവാന,ഹ്രിയാത, ഡിഫൻഡർമാരായ റെമ്പൂയ, ഫെൽകിമ,സുവാല, ഫ്രെഡി,കിംകിമ, മാമുവാന എന്നിവരാണ്. ‘അറ്റാക്കിങ് ഫുട്ബാൾ ആണ് ഞങ്ങളുടെ ശൈലി. ഐസോൾ മികച്ച ടീമാണ്. അവരുടേതായ ദിവസങ്ങളിൽ എതിർ ടീമിന് ഒരു അവസരവും നൽകാതെ ജയിച്ചുകയറാൻ കഴിയുന്നവരാണ്, അതിനാൽതന്നെ മറ്റേതൊരു മാച്ചിനെയും പോലെ ജയിച്ചു മൂന്നു പോയന്റ് നേടുകതന്നെയാണ് ലക്ഷ്യം’- ഗോകുലം കേരള പരിശീലകൻ അന്റോണിയോ റുവേദ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.