പനാജി: സഹൽ തുടക്കമിട്ട് വാസ്ക്വസ് രണ്ടുവട്ടം പൂർത്തിയാക്കിയ ഗോൾമേളവുമായി മഞ്ഞപ്പടയുടെ തേരോട്ടം. മുംബൈയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മുക്കിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഐ.എസ്.എൽ നോക്കൗട്ടിലേക്ക് ഒരു ചുവട് അകലെയെത്തിയത്. പോയന്റ് പട്ടികയിൽ നാലാമതെത്തിയ ബ്ലാസ്റ്റേഴ്സിന് 33 പോയന്റായപ്പോൾ 31 ആണ് മുംബൈക്ക്. ഗോൾ ശരാശരിയിൽ ഏറെ മുന്നിലായതിനാൽ അടുത്ത കളിയിൽ സമനിലപോലും മഞ്ഞപ്പടക്ക് സെമിയിലേക്ക് ടിക്കറ്റ് നൽകും. ഗോവയാണ് അവസാന മത്സരത്തിൽ കേരളത്തിന്റെ എതിരാളികൾ. മുംബൈക്ക് കരുത്തരായ ഹൈദരാബാദും.
ജയത്തിൽ കുറഞ്ഞതൊന്നും സഹായിക്കില്ലെന്ന ബോധ്യം ബൂട്ടുകളിൽ നിറച്ച് മൈതാനം നിറഞ്ഞുകളിച്ച മഞ്ഞപ്പട തുടക്കം മുതൽ ആക്രമണത്തിന്റെ അലമാലകൾ തീർക്കുന്നതായിരുന്നു കാഴ്ച. ഒന്നാം മിനിറ്റിൽ മുംബൈ തുടക്കമിട്ട ഗോൾനീക്കങ്ങൾ അതിവേഗം ഏറ്റെടുത്ത ബ്ലാസ്റ്റേഴ്സ് രണ്ടാം മിനിറ്റിൽ മുംബൈ ഗോൾമുഖത്ത് വരവറിയിച്ചു. പ്യൂട്ടിയ എടുത്ത ഫ്രീകിക്ക് ഡയസ് ഗോളിലേക്ക് വഴിതിരിച്ചുവിട്ടെങ്കിലും പ്രതിരോധത്തിൽ തട്ടി മടങ്ങി. 12ാം മിനിറ്റിൽ അഡ്രിയൻ ലൂണ നൽകിയ ലോങ് പാസ് കാലിലെടുത്ത സന്ദീപ് പായിച്ച ഷോട്ട് പുറത്തേക്കുപോയി.
ഗോൾദാഹം തീരാതെ പാഞ്ഞുനടന്ന മഞ്ഞപ്പടയുടെ മനസ്സുനിറച്ച് 19ാം മിനിറ്റിൽ സഹൽ അബ്ദുസ്സമദിന്റെ ക്ലാസ് ഗോളെത്തി. ബോക്സിന്റെ ഒരുവശത്ത് വട്ടമിട്ടുനിന്ന സഹലിന്റെ കാലിൽ പന്തെത്തുമ്പോൾ ഒട്ടും ഭീതിയില്ലാത്ത മുംബൈ കോട്ട കാത്ത് പ്രതിരോധനിരയിലെ നാലു പേർ. എല്ലാം ശുഭമെന്നുറപ്പിച്ച കാവൽനിരയെ ഓരോരുത്തരായി വെട്ടിയൊഴിഞ്ഞ് ഗോളിയെയും കാഴ്ചക്കാരനാക്കി പോസ്റ്റിന്റെ വലതുമൂലയിലേക്ക് തട്ടിയിട്ട സഹൽ ഐ.എസ്.എൽ സീസണിലെ ഏറ്റവും മികച്ച ഗോളുകളിലൊന്ന് സ്വന്തംപേരിൽ കുറിച്ചു. ഇതോടെ ഉണർന്ന മുംബൈ സമനില പിടിക്കാൻ ശ്രമം സജീവമാക്കിയെങ്കിലും ഒരു പണത്തൂക്കം മുന്നിൽനിന്നത് മഞ്ഞപ്പടതന്നെ. 26ാം മിനിറ്റിൽ വാസ്ക്വസിന്റെ ഫ്രീകിക്ക് അപായമണി മുഴക്കിയെങ്കിലും മുംബൈ ഗോളി നവാസ് ആയാസപ്പെട്ട് തടഞ്ഞു. ഒന്നാം പകുതി അവസാനിക്കാനിരിക്കെ പന്തുമായി പെനാൽറ്റി ബോക്സിലെത്തിയ വാസ്ക്വസിനെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി താരം അനായാസമായി വലയിലെത്തിച്ചപ്പോൾ ലീഡ് 2-0.
ഇടവേള കഴിഞ്ഞ് രണ്ടാം പകുതിക്ക് വിസിൽ മുഴങ്ങിയതിൽപിന്നെ കളിയുടെ നിയന്ത്രണം മുംബൈ ഏറ്റെടുത്തെന്ന് തോന്നിച്ചു. അവസരങ്ങൾ സൃഷ്ടിച്ചും ഗോൾമുഖം വിറപ്പിച്ചും മുംബൈ മുന്നേറ്റം പലവട്ടം ബ്ലാസ്റ്റേഴ്സ് ഗോളിയെ പരീക്ഷിച്ചു. അതിനിടെ, അപ്രതീക്ഷിതമായി മഞ്ഞപ്പട ലീഡ് മൂന്നാക്കി. സ്വന്തം ഹാഫിലെ അപകടമൊഴിവാക്കാൻ മുർതദ ഫാൾ നൽകിയ മൈനസ് പാസ് മുംബൈ ഗോളി നവാസ് അടിച്ചൊഴിവാക്കാൻ ശ്രമിച്ചെങ്കിലും വന്നുവീണത് തൊട്ടുമുന്നിലുണ്ടായിരുന്ന വാസ്ക്വസിന്റെ കാലുകളിൽ. നിസ്സാരമായി കാൽവെച്ച് വലയിലേക്ക് ഒഴുക്കിവിടുമ്പോൾ നെഞ്ചു തകർന്നു നോക്കിനിൽക്കാനേ ഗോളിക്കായുള്ളൂ. ഗോളുകളുടെ എണ്ണം കൂടിയിട്ടും പ്രതീക്ഷ വിടാതെ പൊരുതിയ മുംബൈ 71ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ അക്കൗണ്ട് തുറന്നു. മൗറിസ്യോയെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി താരം തന്നെ വലയിലെത്തിക്കുകയായിരുന്നു.
ഗോളിൽ ആവേശം ഇരട്ടിയാക്കിയ മുംബൈ പിന്നെയും തകർത്തുകളിച്ചു. വിട്ടുകൊടുക്കാനില്ലാതെ മഞ്ഞപ്പടയും ഒപ്പത്തിനൊപ്പം നിന്നു. കൊണ്ടും കൊടുത്തും കളി മുന്നേറിയ നിമിഷങ്ങളിൽ ഇരു ഗോൾമുഖങ്ങളും നിരന്തരം വിറകൊണ്ടെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. വിജയം ഉറപ്പിച്ച ബ്ലാസ്റ്റേഴ്സ് അതിനിടെ വാസ്ക്വസിനെയും തൊട്ടുമുമ്പ് സഹലിനെയും പിൻവലിച്ചു. ആറു മിനിറ്റ് അധിക സമയത്തും ഗോൾ അന്യംനിന്ന കളിയിൽ ആധികാരിക ജയവുമായി ബ്ലാസ്റ്റേഴ്സ് സെമിക്ക് തൊട്ടരികെയെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.