കൊച്ചി: ഐ.എസ്.എല്ലിൽ തുടർ തോൽവികളിൽ വലയുന്ന കേരള ബ്ലാസ്റ്റേഴ്സിന്‍റെ പ്രതിരോധ താരം വായ്പയിൽ മുംബൈ സിറ്റി എഫ്.സിയിൽ.
റൈറ്റ് ബാക്ക് പ്രബീർ ദാസാണ് 2024-25 സീസണിൽ ശേഷിക്കുന്ന മത്സരങ്ങൽ മുംബൈ സിറ്റിക്കൊപ്പം കളിക്കുക. കഴിഞ്ഞ സീസണ് തൊട്ടുമുമ്പായി ബ്ലാസ്റ്റേഴ്സിൽ ചേർന്ന പ്രബീറിന്, ടീമിന്‍റെ സ്റ്റാർട്ടിങ് ലൈനപ്പിൽ അവസരങ്ങൾ കുറവായിരുന്നു. 2025 മെയിൽ ബ്ലാസ്റ്റേഴ്‌സുമായി താരത്തിന്‍റെ കരാർ അവസാനിക്കും. അതിനാൽ, നിലവിൽ ലോണിൽ പോയ താരത്തെ ബ്ലാസ്റ്റേഴ്‌സ് തിരികെയെത്തിക്കില്ല. താരത്തിന്റെ ബ്ലാസ്റ്റേഴ്സിൽനിന്നുള്ള വിടവാങ്ങൽ കൂടിയാണ് ഈ ലോൺ ഡീൽ.
എ.ടി.കെ മോഹൻ ബഗാനൊപ്പം രണ്ടു തവണ ഐ.എസ്.എൽ കിരീടം നേടിയിട്ടുണ്ട്. ബംഗളൂരു എഫ്.സിയിൽനിന്ന് സൗജന്യ ട്രാൻസ്ഫറിൽ 2023-24 സീസണു തൊട്ടു മുമ്പാണ് താരം ബ്ലാസ്റ്റേഴ്സിലെത്തുന്നത്. കഴിഞ്ഞ രണ്ടു സീസണിലും ബ്ലാസ്റ്റേഴ്സിൽ പരിക്കാണ് താരത്തിന് വില്ലനായത്. ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള ആദ്യ സീസണിൽ എട്ടു മത്സരങ്ങളിൽ കളിച്ചു. ഈ സീസണിൽ മുൻ ക്ലബ് ബംഗളൂരു എഫ്.സിക്കെതിരെ മാത്രമാണ് താരം കളത്തിലിറങ്ങിയത്. മത്സരത്തിൽ മഞ്ഞപ്പട 4-2ന് പരാജയപ്പെട്ടിരുന്നു.
നിലവിൽ പോയന്‍റ് പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള മുംബൈക്ക് താരത്തിന്‍റെ വരവ് കൂടുതൽ ഊർജം നൽകുമെന്നാണ് കണക്കുകൂട്ടൽ. പ്ലേ ഓഫ് ഉറപ്പിക്കുകയാണ് ടീമിന്‍റെ ലക്ഷ്യം. 14 മത്സരങ്ങളിൽനിന്ന് 14 പോയന്‍റുള്ള ബ്ലാസ്റ്റേഴ്സ് 10ാം സ്ഥാനത്താണ്. പ്രബീർ പോയ ഒഴിവിൽ ബ്ലാസ്റ്റേഴ്സ് പുതിയ ഒരു സൈനിങ് നടത്തും എന്നാണ് ആരാധാകരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.