78ാം സന്തോഷ് ട്രോഫിയുടെ പ്രാഥമിക ഘട്ടം മുതൽ ഫൈനൽവരെ കൊടുങ്കാറ്റായി വന്ന കേരളത്തിന് കലാശക്കളിയിലെന്തുപറ്റി? ഗച്ചിബൗളിയിലെ ജി.എം.സി ബാലയോഗി സ്റ്റേഡിയത്തിൽ ബംഗാൾ താരങ്ങൾ കിരീടമുയർത്തി പുതുവർഷത്തലേന്ന് ആഘോഷരാവ് തീർക്കുമ്പോൾ കേരളത്തിന്റെ ആരാധകരുടെ മനസ്സിലുയർന്ന ചോദ്യമിതാകും. ഫുട്ബാൾ അങ്ങനെയാണ്. ജയിക്കേണ്ട മത്സരങ്ങളിൽ അപ്രതീക്ഷിതമായി ടീം ഉടഞ്ഞുപോകും.
എതിർബോക്സിൽ എത്ര അപകടകരമായ നീക്കമെത്തിയാലും ചിലപ്പോൾ ഗോൾമുഖം വഴിമാറും. ഇതിനെല്ലാമുപരി കരുത്തരെ തളക്കാൻ കച്ചകെട്ടിയിറങ്ങുന്ന എതിർടീമിന്റെ ആസൂത്രണം കൃത്യമായി കളത്തിൽ നടപ്പാവുകയും ചെയ്യുമ്പോൾ റഫറിയുടെ അവസാന വിസിലിൽ ചിരി അവരുടേതാകും.
സെമി ഫൈനൽവരെ കേരള ലൈനപ്പിൽ മധ്യനിരയും മുന്നേറ്റനിരയും പ്രതിരോധനിരയും ഒരുപോലെ ശക്തമായിരുന്നു. എന്നാൽ, സെമി ഫൈനലിൽ അവസാന നിമിഷത്തിൽ പരിചയ സമ്പന്നനായ സെന്റർ ബാക്ക് മനോജ് വിവാദമായ റഫറിയിങ്ങിലൂടെ ചുവപ്പുകാർഡ് കണ്ട് പുറത്തായത് പ്രതിരോധത്തിൽ ചെറിയൊരു വിടവ് തീർത്തു. ഈ ലൂപോളിൽനിന്നാണ് ബംഗാൾ കോച്ച് സൻജോയ് സെൻ ബംഗാളിന്റെ വിജയത്തിലേക്കുള്ള ആസൂത്രണമാരംഭിക്കുന്നത്. കിരീടധാരണത്തിന് ശേഷമുള്ള വാർത്തസമ്മേളനത്തിൽ കോച്ച് ഇക്കാര്യം തുറന്നുപറയുകയും ചെയ്തു.
ഫൈനലിൽ കേരള പ്രതിരോധം ഭേദിക്കൽ പ്രയാസകരമാവില്ലെന്ന് കണക്കുകൂട്ടിയ സെൻ, കേരളത്തിന്റെ മിഡ്ഫീൽഡിനെയും അറ്റാക്കിങ് നിരയെയുമാണ് ലക്ഷ്യം വെച്ചത്. ഏറ്റവും ശക്തമായ മധ്യനിരയാണ് കേരളത്തിന്റേതെന്ന് ചൂണ്ടിക്കാട്ടിയ ബംഗാൾ കോച്ച്, കളിയിലുടനീളം മധ്യനിരയിൽ കേരളത്തിന്റെ കളി തടയാൻ തിക്കും തിരക്കും സൃഷ്ടിച്ചു.
4-3-3 ശൈലിയിൽ ആദ്യം ഇറങ്ങിയ ടീം പിന്നീട് 4-4-2 ഫോർമേഷനിലും രണ്ടാം പകുതിയിൽ സൂപ്പർ സ്ട്രൈക്കർ റോബി ഹൻസ്ദായെ മുന്നിൽനിർത്തി 4-2-3-1 ഫോർമേഷനിലേക്കും കളി മാറ്റി. മിഡ്ഫീൽഡിൽ തിരക്കുണ്ടാക്കുക എന്നതായിരുന്നു തന്ത്രം. അതുവഴി കേരളത്തിന്റെ ശക്തികേന്ദ്രമായ മിഡ്ഫീൽഡിനെ ബംഗാൾ മുറുക്കി. ഇതിനെ മറികടന്നും കേരള താരങ്ങൾ പല അവസരങ്ങളും തുറന്നെടുത്തു. നിരവധി ഷോർട്ട് പാസുകളും ത്രൂപാസുകളും കണ്ടെത്തി.
വൺ ഓൺ വൺ സാഹചര്യങ്ങളിൽ കേരള താരങ്ങളുടെ മികവ് മനസ്സിലാക്കിയ സൻജോയ് സെൻ, അറ്റാക്കർമാരായ നസീബ് റഹ്മാനെയും മുഹമ്മദ് അജ്സലിനെയും ബോക്സിലേക്ക് അടുപ്പിക്കാതെ കത്രികപ്പൂട്ടിൽ കുടുക്കി. ഡൈയിങ് മിനിറ്റുകളിൽ ഗോളടിക്കുന്നത് പതിവാക്കിയ ടീം കൂടിയാണ് ബംഗാൾ. തങ്ങളുടെ മിക്ക ഗോളുകളും പിറക്കാറുള്ളത് കളിയുടെ അവസാന ഘട്ടങ്ങളിലാണെന്ന് കോച്ച് ചൂണ്ടിക്കാട്ടി. ‘ഒഡിഷക്കെതിരെയും സർവിസസിനെതിരെയും ഇത്തരത്തിൽ ഞങ്ങൾ ഗോൾ നേടി. ഫുട്ബാൾ 90 മിനിറ്റിന്റെ മാത്രം കളിയല്ല. ഇഞ്ചുറി ടൈമായി അഞ്ചോ പത്തോ മിനിറ്റ് അധികം ലഭിച്ചേക്കാം. ഗോൾ ലക്ഷ്യമിട്ട് കളി തുടരുക എന്നതുതന്നെയാണ് കളിക്കാർക്ക് നൽകിയ നിർദേശം.
കേരളം മികച്ച എതിരാളികളായിരുന്നു. അതിൽ ഒരു സംശയവുമില്ല. ടൂർണമെന്റിലുടനീളം അവർ മികച്ച പ്രകടനമാണ് നടത്തിയത്. കൂടുതൽ ഗോളടിച്ച ടീമും കുറച്ചുഗോൾ വഴങ്ങിയ ടീമും കേരളമാണ്. ജയിക്കാനായില്ലെങ്കിൽ സാരമില്ല എന്നതായിരുന്നു ഫൈനലിന് മുമ്പ് ഞങ്ങളുടെ നിലപാട്. ഫുട്ബാളിൽ എപ്പോഴും 50:50 ചാൻസാണുള്ളത്’- സെൻ പറഞ്ഞു. എതിർ ബോക്സിൽ ഒരു കുറുക്കനെപോലെ കറങ്ങിനടക്കുന്ന റോബി ഹൻസ്ദായായിരുന്നു സെന്നിന്റെ വജ്രായുധം. പ്ലേമേക്കർ റോളിൽ കളിച്ചിരുന്ന നരോഹരി ശ്രേഷ്ഠ പരിക്കേറ്റ് ഫൈനലിൽ ഇറങ്ങാതിരുന്നിട്ടും കേരളത്തെ വീഴ്ത്താനായത് ഹൻസ്ദായുടെ പ്രകടനമികവിലായിരുന്നു.
ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമായിരുന്നു കേരളത്തിന്റേത്. ഈസ്റ്റ് ബംഗാളിന്റെ റിസർവ് ടീമിലെ അഞ്ചുതാരങ്ങളും സൂപ്പർ ലീഗ് കേരള ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്.സിയുടെ ആറു താരങ്ങളും ഉൾപ്പെട്ട ടീം. മിഡ്ഫീൽഡർമാരായ നസീബ് റഹ്മാൻ, ആദിൽ അമൽ, മുഹമ്മദ് റോഷൽ, മുഹമ്മദ് മുഷറഫ്, ജോസഫ് ജസ്റ്റിൻ എന്നിവർ കൊൽക്കത്ത ലീഗിൽ കളിച്ച താരങ്ങളാണ്. ഫോർവേഡ് ഗനി അഹമ്മദ് നിഗം, മിഡ്ഫീൽഡർ മുഹമ്മദ് അർഷഫ്, ഗോൾകീപ്പർ മുഹമ്മദ് നിയാസ്, വി. അർജുൻ, ഡിഫൻഡർമാരായ മുഹമ്മദ് അസ്ലം, മുഹമ്മദ് റിയാസ്, എം. മനോജ് എന്നിവർ എസ്.എൽ.കെ ചാമ്പ്യന്മാരായ കാലിക്കറ്റിലെ ടീമംഗങ്ങളാണ്. ക്യാപ്റ്റൻ സഞ്ജുവിന് അഞ്ചും ഗോൾകീപ്പർ ഹജ്മലിന് ആറും സന്തോഷ് ട്രോഫിയുടെ അനുഭവസമ്പത്തുണ്ട്.
പ്രതിഭയുള്ള യുവതാരങ്ങളും വേണ്ടുവോളം അനുഭവസമ്പത്തുള്ള സീനിയർ താരങ്ങളും ചേർന്ന ടീം. പക്ഷേ, ആത്മവിശ്വാസം ചോർന്നപോലെയായിരുന്നു ഫൈനലിന്റെ രണ്ടാം പകുതിയിൽ കേരളത്തിന്റെ കളി. സെമി ഫൈനലിലെ റെഡ് കാർഡ് വിവാദവും മനോജിന്റെ പുറത്തുപോക്കും ടീമിന്റെ ഘടനയെയും കളിയൊഴുക്കിനെയും ബാധിച്ചു. കപ്പ് കൈവിട്ടതിൽ കനത്ത നിരാശയുണ്ടെന്ന് കേരള പരിശീലകൻ ബിബി തോമസ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.