ഹൈദരാബാദ്: സന്തോഷ് ട്രോഫിയുമായി ബന്ധപ്പെട്ട് പല കാര്യങ്ങളിലും തങ്ങൾ സന്തുഷ്ടരല്ലെന്ന് കേരള ഫുട്ബാൾ ടീം പരിശീലകൻ ബിബി തോമസ് മുട്ടത്ത് പറഞ്ഞു. കപ്പ് കൈവിട്ടതിൽ കനത്ത നിരാശയുണ്ട്. ടീമിൽ കുറെ യുവതാരങ്ങളുണ്ട്. അവർക്കിനിയും കേരളത്തിനായി മികച്ച കളി കാഴ്ചവെക്കാനാവും. സൂപ്പർ ലീഗ് കേരളയുടെ ഇംപാക്ട് വരുംവർഷങ്ങളിൽ കേരളത്തിന്‍റെ കളിയിലുമുണ്ടാവും.
പരിചയ സമ്പന്നനായ ഗനി അഹമ്മദ് നിഗത്തിനേറ്റ പരിക്ക് ഒരു വിടവാണ്. അദ്ദേഹം ഐലീഗിലും ഐ.എസ്.എല്ലിലും അനുഭവ സമ്പത്തുള്ള താരമാണ്. അദ്ദേഹത്തിന്‍റെ അസാന്നിധ്യത്തിലും മറ്റുള്ളവർ നന്നായി കളിച്ചു. ഗനി ഇല്ലാത്തതുകൊണ്ട് ടീം തോറ്റു എന്ന് പറയാനാവില്ല. ടീമിനെ ബാധിച്ചത് സെമി ഫൈനലിലെ റെഡ് കാർഡ് സംഭവം തന്നെയാണെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു. അനാവശ്യമായ ഒരു കാർഡായിരുന്നു അത്. അത് ഞങ്ങളെ സ്റ്റാർട്ടിങ് ഇലവനിൽ മാറ്റം വരുത്താൻ നിർബന്ധിതരാക്കി. മനോജ് കളത്തിലുണ്ടായിരുന്നെങ്കിൽ ടീമിന്‍റെ പ്രകടനം മറ്റൊന്നാകുമായിരുന്നു. കുറച്ചുകൂടി മെച്ചപ്പെട്ട് കളിക്കാനാവുമായിരുന്നെന്നും ഞാൻ വിശ്വസിക്കുന്നു.
റഫറിയുടെ ആ തീരുമാനത്തിൽ എല്ലാവരും നിരാശയിലാണ്. ആ മത്സരത്തിന്‍റെ വിഡിയോ ദൃശ്യം പരിശോധിച്ചാൽ ആർക്കും തിരിച്ചറിയാം സത്യാവസ്ഥ എന്താണ് എന്നത്. ഞങ്ങൾ ജയിച്ചിരുന്നെങ്കിൽ പോലും സെമിഫൈനലിലെ ആ സംഭവം മറക്കാനെനിക്ക് കഴിയില്ല. അത് ഇന്ത്യൻ ഫുട്ബാളിന് നാണക്കേട് തന്നെനയാണ്. എങ്ങനെയാണ് ഒരു റഫറിക്ക് ഒരു ടീമിനെ ഇല്ലാതാക്കാൻ കഴിയുക എന്നതിന്‍റെ വലിയൊരു ഉദാഹരമാണിത്. ഒരാളുടെ ഈഗോ ഒരു സംസ്ഥാനത്തിന്‍റെ തന്നെ കിരീടമോഹങ്ങളെയാണ് തകർത്തത് - ബിബി തോമസ് പറഞ്ഞു.
പ്രതിസന്ധികൾ കടന്നാണ് കേരളം മികച്ച പ്രകടനത്തോടെ ഫൈനലിലെത്തിയത്. പരിശീലനത്തിന് നല്ലൊരു മൈതാനമില്ലെന്നതായിരുന്നു പ്രധാന പ്രശ്നം. ആദ്യം പരിശീലനത്തിന് അനുവദിച്ച ഹൈദരാബാദ് കമീഷണർ ഓഫിസ് മൈതാനം മോശമായതിനാൽ കേരളം ആവശ്യപ്പെട്ട് ഹോപ്സ് മൈതാനത്തേക്ക് പരിശീലനം മാറ്റി. ഇതാകട്ടെ അരികുകളിൽ കുഴികളുള്ള മൈതാനമായതിനാൽ മുഴുവൻ ഗ്രൗണ്ടും ഉപയോഗിച്ചുള്ള പരിശീലനവും സാധ്യമായില്ല. ക്വാർട്ടർ വരെയുള്ള ആറു മത്സരങ്ങൾ നടന്നത് ടർഫ് മൈതാനത്തായിരുന്നു എന്നതും വെല്ലുവിളിയായി. കളിക്കാർക്ക് പരിക്കേൽക്കാനുള്ള സാധ്യത ഏറെയായിരുന്നു. സൂപ്പർലീഗ് കേരളയിൽ കാലിക്കറ്റ് എഫ്.സിയെ കിരീടവിജയത്തിലേക്ക് നയിച്ച പരിചയസമ്പന്നനായ സ്റ്റാർ സ്ട്രൈക്കർ ഗനി അഹമ്മദ് നിഗത്തിനേറ്റ പരിക്കും ടീമിനെ വലച്ചു. ഒടുവിൽ ഫൈനലിൽ പ്രതിരോധ താരം മനോജിന്‍റെ അസാന്നിധ്യം തീർത്ത വിടവാണ് ബംഗാളിന് ആക്രമണത്തിന് വഴിയൊരുക്കിയത്.
മംഗളൂരു യേനപോയ സർവകലാശാലയുടെ ഫുട്ബാൾ കോച്ചായ ബിബി തോമസ് സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്.സിയുടെ സഹ പരിശീലകനായിരുന്നു. 2021-22 സീസണിൽ മലപ്പുറം മഞ്ചേരിയിൽ നടന്ന സന്തോഷ് ട്രോഫിയിൽ കർണാടക ടീമിനെ പരിശീലിപ്പിച്ച അദ്ദേഹം ടീമിനെ സെമി ഫൈനലിലെത്തിച്ചു. സെമിയിൽ കേരളത്തോട് തോറ്റാണ് കർണാടക പുറത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.